കടലിനടിയിൽ അഗ്നിപർവതം പൊട്ടി; ജപ്പാനിൽ പുതിയ ദ്വീപ് പിറന്നു
text_fieldsടോക്യോ: 6000 ലേറെ ദ്വീപുകളടങ്ങിയ ജപ്പാന് 'സമ്മാനമായി' വീണ്ടും ഒരു ദ്വീപ് കൂടി. ടോക്യോ നഗരത്തിൽനിന്ന് 1,200 കിലോമീറ്റർ അകലെ പസഫിക്കിലാണ് അടുത്തിടെ നടന്ന സമുദ്രാന്തര ഭൂചലനത്തെ തുടർന്ന് മൺതിട്ട ഉയർന്നുവന്നത്. രാജ്യത്തിെൻറ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മിനാമി ഇയോട്ടോക്ക് 50 കിലോമീറ്റർ അകലെയാണ് ഒരു കിലോമീറ്റർ മാത്രം വ്യാസമുള്ള 'ദ്വീപ്'.
ഉയർന്നുവന്ന മൺതിട്ട കാലത്തെ അതിജീവിക്കുമോ എന്നാണ് ജപ്പാൻ നിരീക്ഷിക്കുന്നത്. അഗ്നിപർവതത്തിൽനിന്ന് പുറന്തള്ളിയ ചാരവും മറ്റുവസ്തുക്കളും ചേർന്നാണ് ഇവ രൂപപ്പെട്ടതെങ്കിൽ നിലനിൽക്കാൻ സാധ്യത കുറവാണ്. തുടർച്ചയായ കടൽത്തിരയിളക്കത്തിൽ ഇവ വെള്ളത്തോടുചേർന്ന് ഇല്ലാതാകും. എന്നാൽ, അഗ്നിപർവത സ്ഫോടനത്തിന് തുടർച്ചയുണ്ടാകുകയും ഇനിയും സമാനമായി പുറംതള്ളലുകൾ നടക്കുകയും ചെയ്താൽ ഇവ ഉറച്ചുനിൽക്കും.
1904, 1914, 1986 വർഷങ്ങളിലും സമാനമായി ദ്വീപുകൾ രൂപപ്പെട്ടിരുന്നുവെങ്കിലും മണ്ണൊലിപ്പ് തുടർന്ന് നാമാവശേഷമായിരുന്നു. അതേ സമയം, 2013ൽ തുടർച്ചയായ അഗ്നിപർവത സ്ഫോടനങ്ങളിൽ നിഷിനോഷിമയോടു ചേർന്ന് രൂപപ്പെട്ട ഭൂപ്രദേശം ക്രമേണ ഈ ദ്വീപിെൻറ ഭാഗമായി മാറി.
മിനാമി ഇയോട്ടോയിൽ അഗ്നിപർവത സ്ഫോടനം തുടരാൻ സാധ്യതയുണ്ടെന്നാണ് ജപ്പാൻ കാലാവസ്ഥ വിഭാഗത്തിെൻറ മുന്നറിയിപ്പ്.
ഞായറാഴ്ച ജപ്പാൻ തീരദേശസേനയാണ് പുതിയ ദ്വീപ് കണ്ടെത്തിയത്. കടലിനു നടുവിൽ അഗ്നിപർവത ശിലാനിക്ഷേപം പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.