ഗസ്സയിലെ സ്‌കൂളിൽ ഇസ്രായേൽ ഉപേക്ഷിച്ച 1,000 പൗണ്ട് ബോംബുകൾ കണ്ടെത്തി
text_fieldsഗസ്സ: ഐക്യരാഷ്ട്ര സഭ നടത്തുന്ന ഗസ്സയിലെ സ്‌കൂളുകളിൽനിന്ന് പൊട്ടാത്ത നിലയിൽ 1,000 പൗണ്ട് ഭാരം വരുന്ന ബോംബുകൾ കണ്ടെത്തിയതായി യു.എൻ അറിയിച്ചു. ഖാൻയൂനിസിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങിയതിന് പിന്നാലെയാണ് സ്‌കൂളുകൾക്കുള്ളിൽനിന്ന് വൻ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയതെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി (യു.എൻ.ഡബ്ല്യു.ആർ.എ) പറയുന്നു.
“സ്കൂളുകൾക്കുള്ളിൽനിന്നും വഴിയിൽനിന്നും 1,000 പൗണ്ട് (450 കിലോഗ്രാം) ബോംബുകൾ ഉൾപ്പെടെ പൊട്ടാത്ത ആയുധങ്ങൾ കണ്ടെത്തി. ഇവിടെ സുരക്ഷിതമായി പ്രവർത്തിക്കാൻ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്’ -ഏജൻസി അറിയിച്ചു. ഇത്തരം ആയുധങ്ങൾ ഗസ്സയിൽ പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. ഇവ നിർവീര്യമാക്കാൻ ദശലക്ഷക്കണക്കിന് ഡോളറും നിരവധി വർഷങ്ങളും വേണ്ടിവരുമെന്ന് യു.എൻ ഏതാനും ദിവസം മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
365 കിലോമീറ്റർ ചതുരശ്ര കിുലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഗസ്സയിലെ പകുതിയിലേറെയും കെട്ടിടങ്ങൾ ഇസ്രായേൽ തകർത്തിട്ടുണ്ട്. 1,50,000ലേറെ കെട്ടിടങ്ങളും വീടുകളും നശിപ്പിക്കപ്പെട്ടതായാണ് കണക്കാക്കുന്നത്. അവശിഷ്ടങ്ങൾ ഏകദേശം 23 ദശലക്ഷം ടൺ വരും. ബോംബുകളുടെയും രാസവസ്തുക്കളുടെയും മാലിന്യവും ഇതിൽ ഉൾപ്പെടും. ഗസ്സയിലുടനീളം പരന്നുകിടക്കുന്ന ഇവ ജനജീവിതത്തിന് തന്നെ ഹാനികരമാണ്. അവശിഷ്ടങ്ങളിൽനിന്ന് ഗസ്സയെ വീണ്ടെടുക്കാൻ വർഷങ്ങളെടുക്കും എന്നാണ് യു.എൻ.ഡബ്ല്യു.ആർ.എ മുന്നറിയിപ്പ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.