4000 കോടിക്ക് വിമാനം വാങ്ങി; പറത്താൻ ൈപലറ്റില്ലാതെ ആക്രിയായി വിറ്റു- അമേരിക്ക പുനർനിർമിച്ച അഫ്ഗാനിസ്താൻ ഇതായിരുന്നു
text_fieldsകാബൂൾ: അഫ്ഗാനികൾക്ക് ജനാധിപത്യത്തിന്‍റെയും ഭരണത്തിന്‍റെയും പുതിയ പാഠങ്ങൾ പകരാനെന്ന പേരിലെത്തി 20 വർഷം രാജ്യത്തു ചെലവഴിച്ചവർ ഒടുവിൽ എല്ലാം വഴിയിലിട്ട് ഓടുേമ്പാൾ ലോകം കുതൂഹലപ്പെടുകയാണ്- എന്താകും ഇത്രയും കാലം രാജ്യത്ത് അമേരിക്കൻ സേനയും വൈറ്റ്ഹൗസും ചെയ്തിട്ടുണ്ടാകുക? ഒരു ലക്ഷം കോടി ഡോളറെങ്കിലും ചുരുങ്ങിയത് ഈ കാലയളവിൽ അമേരിക്ക ഇവിടെ ചെലവിട്ടിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. അഫ്ഗാനിൽനിന്ന് കാര്യമായി ഊറ്റിയെടുക്കാനില്ലാത്തതിനാൽ അമേരിക്കക്കാരുടെ ചെലവിൽ തന്നെയായിരുന്നു അഫ്ഗാൻ വാസം. തുകയിലേറെയും സ്വന്തം സൈന്യത്തിനു തന്നെയായിരുന്നുവെങ്കിലും അവശേഷിച്ചത് വേറെ ആവശ്യങ്ങൾക്കും വിനിയോഗിച്ചിട്ടുണ്ടെന്നാണ് രേഖകൾ. അവയിൽ ചിലത് ഇവിടെ പരിചയപ്പെടാം.
55 കോടി ഡോളറിന് (കൂറ്റൻ) യുദ്ധവിമാനങ്ങൾ- ഒടുവിൽ ആക്രി
ഇറ്റാലിയൻ നിർമിത ജി222 ഇരട്ട ടർബോപ്രോപ് യുദ്ധവിമാനങ്ങൾ 20 എണ്ണമാണ് 54.9 കോടി ഡോളറിന് (ഏകദേശം 4000 കോടി രൂപ) വാങ്ങിയത്. അഫ്ഗാൻ വ്യോമസേനക്കെന്നു പറഞ്ഞായിരുന്നു ഇവ രാജ്യത്തെത്തിച്ചത്. അഫ്ഗാനികളിൽ ആരെയും പറത്താൻ പഠിപ്പിക്കാത്തതിനാലാണോ ഉപയോഗിക്കാൻ അനുമതി നൽകാത്തതിനാലാണോ എന്നറിയില്ല 20ഉം കാബൂൾ വിമാനത്താവളത്തിൽ കിടന്നുതുരുെമ്പടുത്തു. ഒടുവിൽ 32,000 ഡോളറിന് എല്ലാം ആക്രിയായി വിൽപന നടത്തി. സംഭവത്തിൽ ആരും പ്രതി ചേർക്കപ്പെടില്ലെന്ന് പിന്നീട് അമേരിക്കൻ നീതിന്യായ വിഭാഗം വിധിക്കുകയും ചെയ്തു.
1,000 കോടിക്ക് 100 കിലോമീറ്റർ റോഡ്- ഒന്നുപോലും ഗതാഗതത്തിന് പറ്റാത്തവ
യു.എസ് അന്താരാഷ്ട്ര വികസന ഫണ്ടിൽ വകയിരുത്തി 17.6 കോടി ഡോളർ ചെലവിൽ (13,07 കോടി രൂപ) 20 വർഷത്തിനിടെ 101 കിലോമീറ്റർ റോഡ് അമേരിക്ക നിർമിച്ചിട്ടുണ്ട്. പക്ഷേ, നിർമാണത്തിലെ 'ഗുണനിലവാരം' കൊണ്ടാകണം അഞ്ചു ഭാഗങ്ങൾ പൂർണമായി തകർന്നു. രണ്ടു ഭാഗങ്ങൾ ഒലിച്ചുപോകുകയും ചെയ്തു. അതോടെ, ബോംബിട്ട് തകർത്ത അതേ രൂപത്തിലേക്ക് അഫ്ഗാനിസ്താൻ തിരിച്ചുപോയെന്നു സാരം.
അഫ്ഗാൻ സേനക്ക് യൂനിഫോം വാങ്ങാൻ 2.8 കോടി ഡോളർ
അഫ്ഗാന്റെ പ്രകൃതിക്കും മനസ്സിനും ഒട്ടും ചേരാത്ത യൂനിഫോം അവതരിപ്പിക്കാനും അമേരിക്ക വൻതുക ചെലവഴിച്ചെന്നാണ് റിപ്പോർട്ട്. ഒട്ടും ചേരാത്ത ഇവ അവസാനം ദൂരെ കളഞ്ഞെന്നു മാത്രമല്ല, 'ഭാവിയിൽ തലതിരിഞ്ഞ തീരുമാനങ്ങളെടുക്കുംമുമ്പ് ഇതൊരു പാഠമായി കാണണമെന്ന്' അമേരിക്കൻ പ്രതിരോധ വകുപ്പ് ഇതേ കുറിച്ച് പ്രഖ്യാപിക്കുകയും ചെയ്തു.
അഞ്ചു ലക്ഷം ഡോളറിന് 'ഉരുകിവീഴും കെട്ടിടങ്ങൾ'
അഫ്ഗാൻ സ്പെഷൽ പൊലീസ് പരിശീലനത്തിന് പ്രാദേശിക കരാറുകാരനെ ഉപയോഗിച്ച് നിർമിച്ച കെട്ടിടമാണ് അതിലേറെ രസകരം. നിർമിച്ച് പൊലീസ് പരിശീലനം ആരംഭിച്ച നാലു മാസത്തിനകം കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങി. ഉപയോഗിച്ച ഇഷ്ടികകൾ തകർന്നുവീഴാനും. 2015 ജനുവരി ആകുേമ്പാഴേക്ക് ഇതേ കുറിച്ച് നടന്ന ഓഡിറ്റിലെ റിപ്പോർട്ടിൽ കെട്ടിടത്തിന് വീണ പേര് 'ഉരുകിവീഴും കെട്ടിടങ്ങൾ' എന്നായിരുന്നു.
വൈദ്യുതിയില്ലാത്ത വൈദ്യുത നിലയം
10 ലക്ഷം അഫ്ഗാനികൾക്ക് വൈദ്യുതിയെത്തിക്കാൻ 11.6 കോടി ഡോളർ ചെലവിൽ ഒരു വൈദ്യുതി നിലയം നിർമിക്കാൻ അമേരിക്ക കരാർ നൽകിയത് പ്രാദേശിക കരാറുകാരന്. തുകയുടെ പാതി ചെലവായതൊഴിച്ചാൽ എവിടെയുമെത്താതെ നിർമാണം നിലച്ച് പദ്ധതി അമേരിക്ക ഉപേക്ഷിച്ചു.
കൂറ്റൻ ആസ്ഥാനം; പക്ഷേ, ഉപയോഗത്തിന് കൊള്ളില്ല
ഹെൽമന്ദ് പ്രവിശ്യയിൽ ക്യാമ്പ് ലെതർനെക്കിനോടു ചേർന്ന് കമാൻഡ് ആന്‍റ് കൺട്രോൾ കേന്ദ്രം നിർമിച്ചത് 3.6 കോടി ഡോളർ മുടക്കി. 1,500 പേർക്ക് ഒന്നിച്ചിരിക്കാവുന്നതായിരുന്നു ആസ്ഥാനം. പക്ഷേ, ഒരുനാൾ പോലും ഇവിടെ ഉപയോഗിക്കാൻ അമേരിക്കക്കായില്ല.
തുർക്മെനിസ്താൻ അതിർത്തിയോടു ചേർന്ന് 37 ലക്ഷം ഡോളർ ചെലവിൽ സൈനിക ക്യാമ്പ് സ്ഥാപിച്ചതും ഒരുവട്ടംപോലും ഉപയോഗിച്ചില്ല. കാബൂളിലെ എംബസിക്കു സമീപം 209 മുറികളുള്ള ഹോട്ടൽ നിർമിക്കാൻ 8.5 കോടി ഡോളർ നീക്കിയിരിപ്പുള്ളത് ഉപയോഗിച്ചെങ്കിലും ഹോട്ടൽ പാതവഴിയിൽ 'സ്മാരക'മായി കിടന്നു.
മയക്കുമരുന്നു വിരുദ്ധ നീക്കമെന്ന പേരിൽ മുടക്കിയ ശതകോടികൾ വേറെ.
അഫ്ഗാൻ സേനയെന്ന ജലരേഖ
താലിബാനെതിരെ പൊരുതാനെന്ന പേരിൽ 20 വർഷം പണിയെടുത്ത് യു.എസ് രൂപപ്പെടുത്തിയതാണ് അഫ്ഗാൻ സേന. അംഗബലം രേഖകളിൽ മൂന്നു ലക്ഷം വരും. പക്ഷേ, 11 ദിവസങ്ങൾ കൊണ്ട് ഒരു രാജ്യം മുഴുവൻ താലിബാനു കീഴിലാകുേമ്പാൾ ഇത്രയും വലിയ സേന എവിടെയായിരുന്നുവെന്നതാണ് ചോദ്യം. വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ആയുധങ്ങൾ, വെടിേക്കാപ്പുകൾ... ഇതൊന്നും സത്യത്തിൽ ഇല്ലായിരുന്നോ?
മൂന്നു ലക്ഷമെന്ന എണ്ണം ഒരു ഘട്ടത്തിലും തികഞ്ഞിട്ടില്ലെന്നതാണ് ആദ്യ വസ്തുത. പരമാവധി എത്തിയ 2019ൽ പോലും അത് രണ്ടു ലക്ഷം തൊട്ടില്ല. അവസാന ഘട്ടങ്ങളിൽ മുക്കാൽ ലക്ഷം മാത്രവും. എണ്ണം പെരുപ്പിച്ചുകാട്ടി പേടിപ്പിക്കാമെന്നതായിരിക്കണം നയം. പൊലീസ് വേഷം അണിയുന്നവർ പോലും അടുത്തായി തീരെ കുറഞ്ഞു. അവശേഷിച്ചവരാകട്ടെ, ഭീതിയുടെ മുനയിലോ സ്വയമേവയോ ആയുധങ്ങൾ താലിബാന് അടിയറവ് വെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.