16 ദശലക്ഷം കുട്ടികളെ പാകിസ്താനിലെ പ്രളയം ബാധിച്ചതായി യുനിസെഫ്
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ ഏകദേശം 16 ദശലക്ഷം കുട്ടികളെ പ്രളയം ബാധിച്ചെന്നും കുറഞ്ഞത് 3.4 ദശലക്ഷം പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഉടനടി ജീവൻ രക്ഷിക്കുന്ന പിന്തുണ ആവശ്യമാണെന്നും യുനിസെഫ് പ്രതിനിധി അബ്ദുല്ല ഫാദിൽ പ്രസ്താവനയിൽ പറഞ്ഞു. സിന്ധിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോഷകാഹാരക്കുറവ്, വയറിളക്കം, ഡെങ്കിപ്പനി, വേദനാജനകമായ നിരവധി ത്വക്ക് രോഗങ്ങൾ എന്നിവയുമായി പൊരുതുകയാണ് പാക് ജനത.
കുറഞ്ഞത് 528 കുട്ടികളുടെ ജീവൻ പ്രളയം അപഹരിച്ചിട്ടുണ്ടെന്നും ഈ മരണങ്ങളിൽ ഓരോന്നും ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നെന്നും ഫാദിൽ പറഞ്ഞു. അതേസമയം, ജാപ്പനീസ് സർക്കാർ ഏഴ് മില്യൺ ഡോളർ കഴിഞ്ഞ ദിവസം പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തിൽ വലയുന്ന ജനങ്ങൾക്കായി മൂന്ന് മില്യൺ ഡോളർ കനേഡിയൻ സർക്കാരും വാഗ്ദാനം ചെയ്തു.
'പിന്തുണയും സഹായവും വൻതോതിൽ വർധിപ്പിച്ചില്ലെങ്കിൽ കൂടുതൽ കുട്ടികളുടെ ജീവൻ നഷ്ടപ്പെടുമെന്നതാണ് സങ്കടകരമായ യാഥാർഥ്യം. ധാരാളം അമ്മമാർ വിളർച്ചയും പോഷകാഹാരക്കുറവും ഉള്ളവരാണ്. വളരെ കുറഞ്ഞ ഭാരമുള്ള കുഞ്ഞുങ്ങളുണ്ട്. അമ്മമാർ ക്ഷീണിതരോ രോഗികളോ ആയതിനാൽ അവർക്ക് മുലയൂട്ടാൻ കഴിയുന്നില്ല. ദശലക്ഷക്കണക്കിന് കുടുംബങ്ങൾ അവരുടെ വീടുകളിൽ നിന്ന് നിർബന്ധിതരായി കുടിയിറക്കപ്പെട്ടു.
താഴ്ന്ന പ്രദേശങ്ങൾ കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന വലിയ വെള്ളക്കെട്ടാൽ മൂടപ്പെട്ടിരിക്കുന്നു. പാമ്പുകളും തേളും കൊതുകും പ്രദേശങ്ങളിൽ ഭീഷണിയാണ്. നിരവധി കുടുംബങ്ങൾ ഉയർന്ന പ്രദേശങ്ങളിൽ അഭയം തേടിയിട്ടുമുണ്ട്'- ഫാദിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.