ലൈംഗിക പീഡനത്തിനിരയായ യുവതികൾക്ക് 110 കോടി ഡോളർ നഷ്ടപരിഹാരം
text_fieldsകലിഫോർണിയ: അമേരിക്കൻ യൂണിവേഴ്സിറ്റികളുടെ ചരിത്രത്തിൽ ആദ്യമായി കലിഫോർണിയ യൂണിവേഴ്സിറ്റി 1.1 ബില്യൺ (72,000 കോടി രൂപ) നഷ്ടപരിഹാരം നൽകുന്നു. യൂണിവേഴ്സിറ്റിയിലെ ഗൈനക്കോളജിസ്റ്റ് നൂറുകണക്കിന് സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്സിലാണ് ഇത്രയും ഭീമമായ തുക നഷ്ടപരിഹാരം നൽകുന്നതിനു യൂണിവേഴ്സിറ്റി ഒത്തു തീർപ്പിലെത്തിയത്. വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ചുള്ള ഒത്തുതീർപ്പുണ്ടായത്.
യൂണിവേഴ്സിറ്റി ഹെൽത്ത് സെന്‍ററിലെ ഗൈനക്കോളജിസ്റ്റായ ജോർജ് ടിൻണ്ടൽ പരിശോധന നടത്തുന്നതിനിടയിലാണ് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിനെ കുറിച്ചു യൂണിവേഴ്സിറ്റിക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്നും എന്നാൽ സ്ത്രീകളെ സംരക്ഷിക്കുന്നതിന് യൂണിവേഴ്സിറ്റി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നുമായിരുന്നു ലോ സ്യൂട്ടിൽ ആരോപിക്കപ്പെട്ടിരുന്നത്.
2019 ജൂണിൽ ജോർജ് ടിൻണ്ടൽ അറസ്റ്റിലായിരുന്നു. കേസ് കോടതിയിൽ എത്തിയപ്പോൾ നിരവധി സ്ത്രീകൾ തങ്ങളുടെ ദുരനുഭവം കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല യൂണിവേഴ്സിറ്റി ഈ സംഭവങ്ങളിൽ അലംഭാവം പ്രകടിപ്പിച്ചുവെന്നും പരാതിക്കാർ ആരോപിച്ചു. സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തിൽ യൂണിവേഴ്സിറ്റി ഖേദിക്കുന്നതായും അവരുടെ വികാരത്തെ വ്രണപ്പെടുത്തിയ ഗൈനക്കോളജിസ്റ്റിന്‍റെ പ്രവർത്തി അംഗീകരിക്കാനാവില്ലെന്നും ഒത്തുതീർപ്പ് വ്യവസ്ഥ അംഗീകരിച്ചുകൊണ്ടു യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയ പ്രസിഡന്‍റ് കരോൾ ഫോർട്ട് പറഞ്ഞു.
ലഭിച്ച നഷ്ടപരിഹാരം തങ്ങൾ അനുഭവിച്ച പീഡനങ്ങൾക്ക് പരിഹാരമാകുന്നില്ലെന്നു വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ഇരകളായ സ്ത്രീകൾ പറഞ്ഞു. 18,000 സ്ത്രീകളെയാണ് പ്രതിയായ ഗൈനക്കോളജിസ്റ്റ് പരിശോധിച്ചിട്ടുള്ളത്. 30 വർഷമാണ് ഇയാൾ ഇവിടെ സേവനം അനുഷ്ഠിച്ചതെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.