റഫയിലെ ഇസ്രായേൽ ആക്രമണം: യു.എൻ സുരക്ഷാ സമിതി അടിയന്തര യോഗം ചേരും
text_fieldsന്യൂയോർക്ക്: റഫയിലെ തമ്പുകളിൽ 45 പേരുടെ മരണത്തിന് ഇടയാക്കിയ ഇസ്രായേലിന്റെ ബോംബ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യു.എൻ സുരക്ഷാ സമിതി ചൊവ്വാഴ്ച അടിയന്തര യോഗം ചേരും. വിഷയവുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്ന അൾജീരിയയെ സ്ലൊവേനിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്തുണക്കുകയായിരുന്നു. ഫലസ്തീനികളെ പാർപ്പിച്ച അസ്സുൽത്താനിലെ തമ്പുകളിൽ ഞായറാഴ്ച വൈകിട്ടാണ് ഇസ്രയേൽ സേന ബോംബിട്ടത്.
ഇസ്രായേൽ ആക്രമണത്തെ ‘കൂട്ടക്കൊല’യെന്ന് വിശേഷിപ്പിച്ച ഗസ്സയിലെ ആരോഗ്യ വകുപ്പ്, കൊല്ലപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്ന് വ്യക്തമാക്കി. സംഭവത്തിൽ 249 പേർക്ക് പരിക്കേറ്റു. ജബാലിയ, നുസൈറാത്ത്, ഗസ്സ സിറ്റി എന്നിവിടങ്ങളിലെ അഭയാർഥി ക്യാമ്പുകളിലും ബോംബാക്രമണം നടത്തിയ ഇസ്രായേൽ 160 പേരെ കൊലപ്പെടുത്തി. ആക്രമണത്തെ ശക്തമായി അപലപിച്ച ഫ്രാൻസും തുർക്കിയും ഖത്തറും അടക്കമുള്ള രാജ്യങ്ങൾ ഇസ്രായേലിന്റേത് ഹീനമായ യുദ്ധക്കുറ്റമാണെന്ന് അഭിപ്രായപ്പെട്ടു.
ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ വെടിനിർത്തലിനും ബന്ദി മോചനത്തിനുമുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് വിലങ്ങുതടിയാകുമെന്ന് ഖത്തർ പറഞ്ഞു. ആക്രമണത്തെ കൂട്ടക്കൊലയെന്ന് വിശേഷിപ്പിച്ച മുതിർന്ന ഹമാസ് നേതാവ് സാമി അബൂ സുഹ്‍രി, ഇസ്രായേലിന് ആയുധങ്ങൾ നൽകുന്ന അമേരിക്കയാണ് ഇതിന് ഉത്തരവാദിയെന്ന് കുറ്റപ്പെടുത്തി. ആക്രമണം അതീവ ദുഃഖകരമാണെന്ന് പ്രതികരിച്ച ഇസ്രായേൽ സൈനിക പ്രോസിക്യൂട്ടർ മേജർ ജനറൽ യിഫാത് ടോമർ, സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്നും പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.