ഗസ്സയിൽ അടിയന്തര വെടിനിർത്തലിന് ഊർജിത ശ്രമം
text_fieldsതെൽ അവീവ്: കൊടും ദുരിതത്തിൽ കഴിയുന്ന ഗസ്സയിലെ ജനങ്ങളെ രക്ഷിക്കുന്നതിന് അടിയന്തര വെടിനിർത്തലിനുള്ള ശ്രമം ഊർജിതം. അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സി.ഐ.എയുടെ തലവൻ വില്യം ബേൺസ് ഇസ്രായേൽ, ഖത്തർ പ്രതിനിധികളുമായി പോളണ്ട് തലസ്ഥാനമായ വാഴ്സോയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ ചർച്ചയായി.
ഇസ്രായേൽ ഇന്റലിജൻസ് ഏജൻസിയായ മൊസ്സാദ് തലവൻ, ഖത്തർ പ്രധാനമന്ത്രി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. നേരത്തെ പ്രഖ്യാപിച്ച വെടിനിർത്തൽ അവസാനിച്ചശേഷം മൂവരും കൂടിക്കാഴ്ച നടത്തുന്നത് ആദ്യമായാണ്. അതേസമയം, മറ്റൊരു വെടിനിർത്തൽ പ്രഖ്യാപനത്തിനുള്ള ഘട്ടത്തിൽ ചർച്ചകൾ എത്തിയിട്ടില്ലെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തിനൊപ്പം അടുത്ത സഖ്യകക്ഷികളായ ഫ്രാൻസും യു.കെയും ജർമനിയും വെടിനിർത്തലിന് ആഹ്വാനം ചെയ്ത് രംഗത്തെത്തിയത് ഇസ്രായേലിനുമേൽ സമ്മർദം വർധിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം, ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസുമായി ചർച്ച പുനരാരംഭിക്കണമെന്ന് ഇസ്രായേലിലും ആവശ്യമുയരുന്നുണ്ട്. മൂന്ന് ബന്ദികളെ അബദ്ധത്തിൽ ഇസ്രായേൽ സേന വെടിവെച്ചുകൊന്ന സാഹചര്യത്തിലാണ് രാജ്യത്തിനകത്തുതന്നെ ചർച്ചകൾക്കുള്ള ആവശ്യം ശക്തമായിരിക്കുന്നത്.
ഗസ്സയിൽ വൻതോതിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ അമേരിക്ക നേരത്തെതന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, തിങ്കളാഴ്ച ഇസ്രായേൽ പ്രതിനിധികളുമായ ചർച്ചക്കുശേഷം യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞത്, ‘ഇത് ഇസ്രായേലിന്റെ യുദ്ധമാണ്; അതിന്റെ സമയപരിധിയോ വ്യവസ്ഥകളോ നിശ്ചയിക്കാനല്ല താൻ വന്നിരിക്കുന്നത്’ എന്നാണ്. ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിൽ വെടിനിർത്തലിനുള്ള പ്രമേയം നേരത്തെ അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. മാത്രമല്ല, ഇസ്രായേലിന് വൻതോതിൽ ആയുധസഹായം നൽകുകയും ചെയ്തു.
അതിനിടെ, ഗസ്സയിൽ അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിന് അറബ് രാജ്യങ്ങളുടെ പിന്തുണയോടെ രക്ഷാസമിതിയിൽ കൊണ്ടുവന്ന പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് തിങ്കളാഴ്ചയിൽനിന്ന് ചൊവ്വാഴ്ചയിലേക്ക് മാറ്റി. വോട്ടെടുപ്പിൽനിന്ന് അമേരിക്ക വിട്ടുനിൽക്കുകയോ അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയോ ചെയ്യുന്നതിന് ചർച്ചകൾ തുടരുകയാണെന്ന് നയതന്ത്ര പ്രതിനിധികൾ പറഞ്ഞു. ഗസ്സയിൽ ഹമാസ് ഭരണം അവസാനിപ്പിക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുന്നതുവരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞിരിക്കുന്നത്.
അതിനിടെ, വെള്ള ടീഷർട്ട് ധരിച്ച മൂന്ന് വൃദ്ധ ബന്ദികളുടെ വിഡിയോ ഹമാസ് പുറത്തുവിട്ടു. തങ്ങളെ അടിയന്തരമായി മോചിപ്പിക്കാൻ ഇസ്രായേലിനോട് മൂവരും അപേക്ഷിക്കുന്നുണ്ട്. ഇസ്രായേൽ സർക്കാറിനുമേൽ പൊതുജന സമ്മർദം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിഡിയോ പുറത്തുവിട്ടതെന്ന് കരുതുന്നു.
കഴിഞ്ഞ ദിവസം ഇസ്രായേലിൽ എത്തിയ ലോയ്ഡ് ഓസ്റ്റിനും ഇസ്രായേൽ ജോയന്റ് ചീഫ്സ് ചെയർമാൻ ജനറൽ സി.ക്യു. ബ്രൗണും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ സർവത്ര നാശം വിതക്കുന്ന യുദ്ധത്തിൽനിന്ന് മാറി അടിയന്തര സഹായമെത്തുന്നതിന് വഴിതുറക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള നിയന്ത്രിത സൈനിക നീക്കം നടത്തണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.