സുരക്ഷാ ഉദ്യോഗസ്ഥരെ പറ്റിച്ച് വിമാനം കയറാൻ ബാഗിൽ കടന്നുകൂടി; ബാഗേജ് സ്കാനിങ്ങിനിടെ പ്രതിയെ പിടികൂടി ഉദ്യോഗസ്ഥർ
text_fieldsന്യൂയോർക്ക് സിറ്റി എയർപോർട്ടിൽ ലഗേജ് ബാഗിനുള്ളിൽ കടന്നുകൂടി അനധികൃതമായി വിമാനം കയറാൻ ശ്രമിച്ച വില്ലനെ പിടികൂടി ജീവനക്കാർ. ജോൺ എഫ്.കെന്നഡി വിമാനത്താവളത്തിൽ നവംബർ 16-നാണ് സംഭവം.
ബാഗ് വിമാനത്തിൽ കയറ്റുന്നതിന് മുമ്പായി നടത്തിയ പരിശോധനയിലാണ് ബാഗേജിനുള്ളിൽ ഒളിച്ചിരിക്കുന്ന സൂത്രക്കാരനെ കണ്ടെത്തിയത്. ബാഗ് എക്സ് റേ മെഷീനിലൂടെ കടത്തിവിട്ടപ്പോൾ ബാഗിനുള്ളിൽ ഒരു പൂച്ച ചുരുണ്ടിരിക്കുന്നതാണ് കണ്ടത്. ഫ്ലോറിഡയിലേക്കുള്ള കണക്റ്റിംഗ് ഫ്ലൈറ്റിനായി ജെ.എഫ്.കെയിൽ നിന്ന് അറ്റ്‌ലാന്റയിലേക്ക് പോകുന്ന യാത്രക്കാരന്റെ ബാഗിലാണ് പൂച്ചയെ കണ്ടെത്തിയത്.
സംഭവത്തിന്റെ ഫോട്ടോ സഹിതം ട്രാൻസ്‍പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിട്രേഷൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ബാഗിനുള്ളിൽ പതുങ്ങിയിരുന്ന പൂച്ചയെ കണ്ടെത്തി പുറത്തു വിട്ടുവെന്നാണ് അധികൃതർ കുറിച്ചത്.
എന്നാൽ ബാഗിന്റെ ഉടമയറിയാതെയാണ് പൂച്ച ബാഗിനുള്ളിൽ കയറിപ്പറ്റിയതെന്ന് അധികൃതർ വ്യക്തമാക്കി. നിറയെ കുപ്പികളുള്ള ബാഗിൽ ചുരുണ്ടുകൂടിയിരിക്കുകയായിരുന്നു പൂച്ച.
പൂച്ചയെ രക്ഷിച്ചുവെന്നും അത് ആരോഗ്യത്തോടെയിരിക്കുന്നുവെന്നും വിമാനത്താവള അധികൃതർ പറഞ്ഞു. പൂച്ചകൾ ഇത്തരത്തിൽ ബാഗുകളിൽ കയറിക്കൂടുമെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.