യുക്രെയ്നിൽ ആക്രമണം കനക്കുമ്പോൾ റഷ്യക്കെതിരെ ഉപരോധം ശക്തമാക്കാനൊരുങ്ങി യു.എസ് സഖ്യകക്ഷികൾ
text_fieldsകിയവ്: കിഴക്കൻ യുക്രെയ്ൻ ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണം ശക്തമായി തുടരുന്നതിനിടെ റഷ്യക്കെതിരെ ഉപരോധം കൂടുതൽ ശക്തമാക്കാൻ അമേരിക്കയും സഖ്യകക്ഷികളും തീരുമാനിച്ചു. ഡോൺബോസ് മേഖലകളിൽ ഉയർന്ന പ്രിസിഷൻ എയർ അധിഷ്ഠിത മിസൈലുകൾ വിക്ഷേപിച്ചെന്നും മറ്റ് കിഴക്കൻ മേഖലകളിൽ വ്യോമാക്രമണം ശക്തമാക്കിയതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുക്രെയ്ന്‍റെ വ്യാവസായിക ഹൃദയഭൂമി കേന്ദ്രീകരിച്ച് റഷ്യ ആക്രമണം വ്യാപിപ്പിച്ചതായി പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി സ്ഥിരീകരിച്ചിരുന്നു. റഷ്യൻ സേന എല്ലാ മേഖലകളിലും ആക്രമണം വർധിപ്പിച്ചതായി യുക്രെയ്ൻ സായുധ സേന ജനറൽ അറിയിച്ചു.
ആക്രമണം വർധിപ്പിച്ച് കൊണ്ട് അധിനിവേശത്തിന്‍റെ മറ്റൊരു ഘട്ടം ആരംഭിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് അവകാശപ്പെട്ടു.
പുതിയ മുന്നേറ്റത്തെത്തുടർന്ന് റഷ്യയെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തുന്നത് വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണമെന്ന് യു.എസും യൂറോപ്യൻ യൂനിയനും തീരുമാനിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡനും യൂറോപ്യൻ യൂനിയൻ നേതാക്കളും തമ്മിൽ നടത്തിയ വെർച്വൽ യോഗത്തിലായിരുന്നു തീരുമാനം.
റഷ്യക്കെതിരായ ഉപരോധങ്ങൾ കൂടുതൽ കർശനമാക്കുമെന്നും യുക്രെയ്ന്‍റെ സാമ്പത്തിക സുരക്ഷ സഹായം വർധിപ്പിക്കുമെന്നും യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ ട്വീറ്റ് ചെയ്തു.
യുക്രെയ്നിലെ ആയിരക്കണക്കിന് സാധാരണക്കാരുടെ മരണം യുദ്ധകുറ്റമാണെന്നും അതിന് ഉത്തരവാദി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനാണെന്നും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.