ഫോസിൽ ഇന്ധനം ഒഴിവാക്കാൻ ബദൽ ഊർജ കരാറുമായി യു.എസും ചൈനയും
text_fieldsവാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ രണ്ട് പരിസ്ഥിതിമലിനീകരണ ശക്തികൾ ഒന്നിച്ച് ബദൽ ഊർജ ഉൽപാദനം ശക്തിപ്പെടുത്താൻ കരാർ. കാറ്റ്, സോളാർ എന്നിവക്കു പുറമെ മറ്റ് പുനരുൽപാദക സ്രോതസ്സുകളിൽനിന്നും ബദൽ ഊർജം വികസിപ്പിച്ച് ഫോസിൽ ഇന്ധനങ്ങൾ സൃഷ്ടിക്കുന്ന പരിസ്ഥിതി മലിനീകരണം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് കരാറിൽ പറയുന്നു.
യു.എസ് നഗരമായ സാൻഫ്രാൻസിസ്കോയിൽ ജോ ബൈഡൻ- ഷി ജിൻപിങ് ഉച്ചകോടിക്ക് മുന്നോടിയായാണ് പരിസ്ഥിതി സംരക്ഷണത്തിന് പുനരുൽപാദക ഊർജധാരണ. 2030 ആകുമ്പോഴേക്ക് ബദൽ ഊർജ ഉൽപാദനം മൂന്നിരട്ടിയായി വർധിപ്പിക്കുമെന്ന് കരാർ ഉറപ്പുനൽകുന്നു. പരിസ്ഥിതിപ്രതിസന്ധി ലോകം മുഴുക്കെ രാജ്യങ്ങളെ ബാധിച്ചതായി തിരിച്ചറിയുന്നുവെന്ന് വ്യക്തമാക്കിയാണ് നടപടികൾ മുന്നോട്ടുവെക്കുന്നത്.
കാർബൺ ഡൈ ഓക്സൈഡിന് പുറമെ മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ അപകടകരമായ വാതകങ്ങളും പുറന്തള്ളുന്നത് കുറക്കുമെന്ന് കരാർ മുന്നോട്ടുവെക്കുന്നു. ആദ്യമായാണ് കാർബൺ വികിരണം കുറക്കാനുള്ള കരാറിൽ ചൈന ഭാഗമാകുന്നത്. ഏറ്റവും വലിയ പരിസ്ഥിതി മലിനീകരണ വസ്തുവായ കൽക്കരി ഉപഭോഗം സംബന്ധിച്ച് പക്ഷേ, കരാർ പരാമർശിക്കുന്നില്ല.
ദുബൈയിൽ 200ഓളം രാജ്യങ്ങളിലെ പ്രതിനിധികൾ ‘കോപ്28’ യു.എൻ കാലാവസ്ഥ ചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് പുതിയ കരാറെന്നതും ശ്രദ്ധേയം.
പരിസ്ഥിതി മലിനീകരണത്തിൽ ലോകത്തെ ഏറ്റവും മുന്നിലുള്ള ശക്തികളായ യു.എസും ചൈനയും ചേർന്നാണ് മൊത്തം 38 ശതമാനം ഹരിതഗൃഹവാതകങ്ങളും പുറന്തള്ളുന്നത്. സ്വാഭാവികമായും ഇവ രണ്ടും ഈ രംഗത്ത് ആവശ്യമായ നടപടികൾ സ്വീകരിച്ചാൽ ആഗോളതാപനം കുറക്കാനാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.