പുടിൻ ഉത്തര കൊറിയയിലേക്ക്; മുന്നറിയിപ്പുമായി യു.എസും ദക്ഷിണ കൊറിയയും
text_fieldsവാഷിംങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഉത്തര കൊറിയൻ സന്ദർശനത്തെക്കുറിച്ചുളള അഭ്യൂഹങ്ങൾ ശക്തമാകവെ മുന്നിയിപ്പുമായി യു.എസും ദക്ഷിണ കൊറിയയും. ഉത്തര കൊറിയയുമായി അടുത്ത സൈനിക ബന്ധം സ്ഥാപിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ്.
വരുംദിവസങ്ങളിലൊന്നിൽ പുടിൻ സന്ദർശനം നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. സന്ദർശനത്തോടനുബന്ധിച്ച് കിം ഇൽ സങ് സ്‌ക്വയറിൽ പരേഡിന് സാധ്യതയുണ്ടെന്ന സൂചന നൽകി പ്യോങ്‌യാങ്ങിലെ വിമാനത്താവളത്തിൽനിന്ന് സിവിലിയൻ വിമാനങ്ങൾ നീക്കം ചെയ്തതായി സിയോൾ ആസ്ഥാനമായുള്ള വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ സെപ്റ്റംബറിൽ ഒരാഴ്ച നീണ്ട റഷ്യൻ പര്യടനത്തിനുശേഷം ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താൻ പുടിൻ പദ്ധതിയിടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യു.എൻ പ്രമേയങ്ങൾ ലംഘിച്ച് ഉക്രെയ്നിലെ യുദ്ധത്തിന് റഷ്യക്ക് ആയുധങ്ങൾ നൽകിയതിന് പകരമായി ഉത്തര കൊറിയക്ക് ബഹിരാകാശ പദ്ധതിയിൽ റഷ്യൻ സഹായം നൽകാൻ ഇരു നേതാക്കളും സമ്മതിച്ചതായും അഭ്യൂഹങ്ങൾ ഉയർന്നു.
റഷ്യ ഉത്തര കൊറിയൻ ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കുന്നുവെന്നത് അസംബന്ധമാണെന്നായിരുന്നു മോസ്കോയുടെ പ്രതികരണം. എന്നാൽ, ജനുവരി 2ന് റഷ്യൻ പ്രദേശത്തുനിന്ന് വിക്ഷേപിച്ച് ഉക്രെയ്ൻ നഗരമായ ഖാർകിവിൽ പതിച്ച മിസൈലിന്റെ അവശിഷ്ടങ്ങൾ ഉത്തര കൊറിയൻ ഹ്വാസോംഗ് -11 സീരീസ് ബാലിസ്റ്റിക് മിസൈലിൽ നിന്നുള്ളതാണെന്ന് യു.എൻ നിരീക്ഷകർ കണ്ടെത്തിയിരുന്നു.
റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള അടുത്ത സൈനിക ബന്ധം മേഖലയിൽ കൂടുതൽ അസ്ഥിരതക്ക് കാരണമാകുമെന്ന് യു.എസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി കുർട്ട് കാംബെൽ തന്റെ ദക്ഷിണ കൊറിയൻ പ്രതിനിധി കിം ഹോങ്-ക്യുനിനെ അറിയിച്ചിരുന്നു.
ദക്ഷിണ കൊറിയയും ആശങ്കയോടെയാണ് കാര്യങ്ങൾ നോക്കിക്കാണുന്നത്. സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുയാണെന്ന് ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ദക്ഷിണ കൊറിയയുടെയും ചൈനയുടെയും വിദേശ-പ്രതിരോധ ഉദ്യോഗസ്ഥർ തമ്മിൽ അടുത്തയാഴ്ച ആദ്യം സോളിൽ നടക്കുന്ന ചർച്ചകളുടെ അതേ സമയമാണ് പുടിൻ തന്റെ ഉത്തര കൊറിയൻ യാത്രക്ക് തെരഞ്ഞെടുത്തതെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉക്രെയ്ൻ യുദ്ധത്തിനുശേഷമുള്ള അന്തർദേശീയ തലത്തിലുള്ള ഒറ്റപ്പെടലിനിടെയാണ് നിലവിൽ ഉത്തര കൊറിയയുമായി അടുത്ത ബന്ധം ഉറപ്പിക്കുന്നതിനുള്ള റഷ്യയുടെ ശ്രമം. ഇത് തങ്ങളുടെ അയൽക്കാരനാണെന്നും ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്ന ഒരു സൗഹൃദ രാജ്യമാണെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഇതിന്റെ വ്യക്തമായ സൂചനയാണ്. നമ്മുടെ ബന്ധങ്ങളുടെ വികാസത്തിനുള്ള സാധ്യത വളരെ ആഴത്തിലുള്ളതാണ്. അയൽക്കാരുമായി നല്ല ബന്ധം വളർത്തിയെടുക്കാനുള്ള തങ്ങളുടെ അവകാശം ആരെയും ആശങ്കപ്പെടുത്തേണ്ടതില്ലെന്നും ആർക്കും അതിനെ വെല്ലുവിളിക്കാനാവില്ലെന്നും ദിമിത്രി പ്രസ്താവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.