യമനിൽ അമേരിക്ക- ബ്രിട്ടൻ സംയുക്ത ആക്രമണം; കനത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് ഹൂതികൾ
text_fieldsവാഷിങ്ടൺ: ചെങ്കടലിൽ ചരക്കുകപ്പലുകൾക്കുനേരെ നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായി യമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിൽ കനത്ത ആക്രമണം. ഹൂതികളുടെ കമാൻഡ് സെന്ററുകൾ, ആയുധ ഡിപ്പോകൾ, വ്യോമപ്രതിരോധ സംവിധാനം തുടങ്ങിയ 16 കേന്ദ്രങ്ങളിൽ വ്യാഴാഴ്ച രാത്രി കരമാർഗവും കടൽമാർഗവും നടത്തിയ ആക്രമണത്തിൽ അഞ്ച് ഹൂതി വിമതർ കൊല്ലപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും പങ്കെടുത്ത ആക്രമണത്തിൽ അന്തർവാഹിനികളിൽനിന്ന് ടോമഹോക് മിസൈലുകളും വർഷിച്ചു. സ്വന്തം സൈനികരെയും അന്താരാഷ്ട്ര ചരക്കുനീക്കവും സംരക്ഷിക്കുന്നതിന് കൂടുതൽ ആക്രമണത്തിന് മടിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. സ്വതന്ത്രമായ അന്താരാഷ്ട്ര ചരക്കുനീക്കത്തിന് നടപടി സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വയംപ്രതിരോധത്തിനുള്ള പരിമിതവും അനിവാര്യവുമായ ആക്രമണമാണ് നടത്തിയതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
നെതർലൻഡ്സ്, ആസ്ട്രേലിയ, കാനഡ, ബഹ്റൈൻ എന്നീ രാജ്യങ്ങളും ആക്രമണത്തിന് സഹായം നൽകിയതായി ജോ ബൈഡൻ പറഞ്ഞു. അതേസമയം, ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. 73 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് ഹൂതി സൈനിക വക്താവ് യഹ്‍യ സരീ പറഞ്ഞു.
യമനിലെ ആക്രമണത്തിനു പിന്നാലെ എണ്ണവില രണ്ടു ശതമാനത്തിലധികം ഉയർന്നു. പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപകമാകുമെന്ന ആശങ്കയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 2.5 ശതമാനത്തോളം ഉയർന്ന് ബാരലിന് 80 ഡോളറിലേക്ക് അടുക്കുകയാണ്.
തുർക്കിയയിലേക്ക് പോവുകയായിരുന്ന എണ്ണ ടാങ്കർ വ്യാഴാഴ്ച ഒമാൻ തീരത്തിനു സമീപംവെച്ച് ഇറാൻ പിടിച്ചെടുത്തിരുന്നു. ഇതിന് മണിക്കൂറുകൾക്കകമാണ് ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തിയത്. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിനു പിന്നാലെയാണ് ചെങ്കടലിൽ ചരക്കുകപ്പലുകൾക്കുനേരെ ഹൂതികൾ ആക്രമണം തുടങ്ങിയത്. ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്കുനേരെയാണ് ആക്രമണമെന്ന് ഹൂതികൾ അവകാശപ്പെടുന്നു. എന്നാൽ, ഇസ്രായേൽ ബന്ധമില്ലാത്ത നിരവധി കപ്പലുകൾക്കുനേരെയും ആക്രമണമുണ്ടായി.
യമനിലെ ആക്രമണത്തിനു പിന്നാലെ, സംയമനം പാലിക്കണമെന്ന നിർദേശവുമായി സൗദി അറേബ്യ രംഗത്തെത്തി. അതീവ ആശങ്കയോടെയാണ് രാജ്യം സ്ഥിതിഗതികൾ വീക്ഷിക്കുന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
യമനിലെ അമേരിക്ക-ബ്രിട്ടൻ സംയുക്ത വ്യോമാക്രമണത്തെ ഒമാൻ അപലപിച്ചു. ഗസ്സ മുനമ്പിൽ ഇസ്രായേൽ ബോംബാക്രമണവും ക്രൂരമായ യുദ്ധവും ഉപരോധവും തുടരുന്നതിനിടെ, സൗഹൃദ രാജ്യങ്ങളുടെ യമനിലെ സൈനിക നടപടിയെ അപലപിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഹൂതികൾ വളഞ്ഞ ചെങ്കടൽ
ആഭ്യന്തര കലാപത്തിൽ തകർന്നടിഞ്ഞ യമനിലെ പ്രബല സായുധ വിഭാഗമായ ഹൂതികൾ അറബ് വസന്താനന്തരം രാജ്യത്തിന്റെ വലിയൊരു ഭാഗം കൈയടക്കിയിട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള ഇവർ തുടക്കം മുതലേ ഫലസ്‍തീൻ ജനതക്കൊപ്പമാണ്.
ഗസ്സയിൽ വ്യോമാക്രമണം ആരംഭിച്ചപ്പോൾതന്നെ ഹൂതി നേതാവ് അബ്ദുൽ മാലിക് അൽ ഹൂതി, ഇസ്രായേലിനെതിരെ സായുധ പോരാട്ടത്തിന് സൂചന നൽകിയിരുന്നു. ഏറ്റവും തിരക്കേറിയ സൂയസ് കനാൽ കപ്പൽ പാതയുടെ തെക്കൻ വാതിൽ ചെങ്കടലിലേക്കാണ് തുറക്കുന്നത്. ഇസ്രായേലിനെ ഗസ്സ ആക്രമണത്തിൽ പ്രതിഷേധിച്ച്, ചെങ്കടൽ വഴി പോകുന്ന ഇസ്രായേൽ, യു.എസ് ബന്ധമുള്ള കപ്പലുകൾക്കുനേരെ ഹൂതികൾ മിസൈൽ ആക്രമണം ആരംഭിച്ചു.
ചെങ്കടലിൽ സംഭവിക്കുന്നത്
നവംബർ 19ന് ജപ്പാന്റെ ഗാലക്സി ലീഡർ കപ്പൽ ഹെലികോപ്ടറിൽ വന്ന ഹൂതി സംഘം പിടിച്ചടക്കി. ഡിസംബർ 31നും ജനുവരി ഒമ്പതിനും സമാനമായ രീതിയിൽ ആക്രമണങ്ങളുണ്ടായി. ആക്രമണം തുടർന്നതോടെ പല രാജ്യങ്ങളും സൂയസ് കനാൽ വഴി യാത്ര ഒഴിവാക്കി. തുടർന്ന് യു.എസ്, ബ്രിട്ടീഷ് നാവിക സേന സുരക്ഷ നൽകാൻ എത്തി.
അമേരിക്കൻ തിരിച്ചടി
ഓപറേഷൻ പ്രോസ്പെരിറ്റി ഗാർഡിയൻ എന്ന പേരിൽ ഹൂതികൾക്കെതിരെ യു.എസ്സിന്റെ നാവിക ദൗത്യം. കപ്പലുകൾക്ക് സംരക്ഷണം നൽകുക എന്നതായിരുന്നു ലക്ഷ്യം. ഡിസംബർ 31ന് ഇത്തരമൊരു ആക്രമണത്തിൽ 10 ഹൂതികൾ കൊല്ലപ്പെട്ടു. ജനുവരി ഒമ്പതിന് 21 ഹൂതി മിസൈലുകൾ തകർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.