ഹൂതികൾക്ക് നേരെ വീണ്ടും ആക്രമണവുമായി യു.എസും യു.കെയും
text_fieldsവാഷിങ്ടൺ: ഹൂതികൾക്ക് നേരെ വീണ്ടും ആക്രമണവുമായി യു.എസും യു.കെയും. തെക്കൻ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം തുടരുന്നതിനിടെയാണ് യു.എസിന്റേയും യു.കെയുടെയും നടപടി. ആക്രമണം സംബന്ധിച്ച് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
എട്ടോളം ഹൂതി കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്നാണ് യു.എസ് അറിയിച്ചിരിക്കുന്നത്. ആസ്ട്രേലിയ, കാനഡ, ബഹറൈൻ, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെയായിരുന്നു ആക്രമണം. 10 ദിവസങ്ങൾക്ക് മുമ്പ് യെമനിലെ 70ഓളം ഹൂതി കേന്ദ്രങ്ങളിൽ യു.എസും യു.കെയും ആക്രമണം നടത്തിയിരുന്നു. അതേസമയം, ഇന്നത്തെ ആക്രമണത്തിലെ ആർക്കെങ്കിലും ജീവൻ നഷ്ടമായോ എന്നതിൽ യു.എസ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇത് എട്ടാം തവണയാണ് ഹൂതികളെ ലക്ഷ്യമിട്ട് യു.എസ് ആക്രമണം നടത്തുന്നത്. യു.കെ രണ്ടാം തവണയാണ് ആക്രമണങ്ങളിൽ പങ്കാളിയാവുന്നത്. പോർ വിമാനങ്ങളും കപ്പലിൽ നിന്നും തൊടുക്കാവുന്ന മിസൈലുകളും ഉപയോഗിച്ചാണ് യെമൻ തലസ്ഥാനമായ സനയിൽ ആക്രമണം നടത്തിയതെന്ന് യു.കെ അറിയിച്ചു.
യെമൻ സമയം 11.59 ഓടെയാണ് ആക്രമണം നടത്തിയതെന്ന് യു.എസ് സെൻട്രൽ കമാൻഡും വ്യക്തമാക്കി. ഹൂതികളുടെ മിസൈൽ ലോഞ്ചറുകൾ, എയർ ഡിഫൻസ് സിസ്റ്റം, റഡാറുകൾ, ആയുധ സംഭരണികൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും യു.എസ് അറിയിച്ചു.
സ്വയം പ്രതിരോധത്തിന്റെ ഭാഗമായി യു.എസുമായി ചേർന്ന് ഹൂതികൾക്ക് നേരെ വീണ്ടും ആക്രമണം നടത്തിയെന്ന് യു.കെ ഡിഫൻസ് സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് അറിയിച്ചു. ഹൂതികൾക്ക് കനത്ത തിരിച്ചടിയുണ്ടാക്കുന്ന ആക്രമണമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.