ഇരട്ട സ്ഫോടനം: രണ്ട് ആസൂത്രകരെ ഡ്രോൺ ആക്രമണത്തിൽ യു.എസ് വധിച്ചു
text_fieldsകാബൂൾ/ വാഷിങ്ടൺ: അഫ്ഗാനിസ്താനിൽ ഇരട്ട ചാവേർ സ്ഫോടനം ആസൂത്രണംചെയ്ത രണ്ടു ഐ.എസ് ഖുറാസാൻ ഉന്നതരെ ഡ്രോൺ ആക്രമണത്തിൽ വധിച്ചെന്ന് അമേരിക്ക. ഒരാൾക്ക് പരിക്കേറ്റു. ഐ.എസിെൻറ ഉപവിഭാഗമായ ഐ.എസ് ഖുറാസാൻ ആണ് കാബൂൾ വിമാനത്താവളത്തിനു പുറത്തെ കവാടത്തിന് സമീപം വ്യാഴാഴ്ച വൈകീട്ട് സ്ഫോടനം നടത്തിയത്. നൻഗർഹർ പ്രവിശ്യയിലായിരുന്നു ഡ്രോൺ ആക്രമണമെന്നും മറ്റ് പൗരന്മാർക്ക് അപകടമുണ്ടായിട്ടില്ലെന്നും യു.എസ് സെൻട്രൽ കമാൻഡിലെ ക്യാപ്റ്റൻ ബിൽ ഉർബൻ പ്രസ്താവനയിൽ അറിയിച്ചു.
എന്നാൽ, യു.എസ് ആക്രമണത്തിൽ ജലാലബാദ് നഗരത്തിൽ കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നിൽ ഐ.എസ് ആണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഡ്രോൺ ആക്രമണം. അതേസമയം, വ്യാഴാഴ്ച വൈകീട്ട് നടന്ന ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 182 ആയി. 169 അഫ്ഗാൻ പൗരൻമാരും 13 യു.എസ് സൈനികരുമാണ് കൊല്ലപ്പെട്ടത്. 143 പേർക്ക് പരിക്കേറ്റു.
കാബൂൾ വിമാനത്താവളത്തിൽ വീണ്ടും സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് ശനിയാഴ്ച അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് തങ്ങളുടെ പൗരൻമാരോട് വിമാനത്താവളം വിടാനും യു.എസ് എംബസി നിർദേശിച്ചു. സ്ഫോടനമുണ്ടാകുമെന്ന് യു.എസും ബ്രിട്ടനും മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് വ്യാഴാഴ്ച ഇരട്ട ചാവേർ സ്ഫോടനമുണ്ടായത്. അേമരിക്കൻ, സഖ്യകക്ഷി സേനകൾ ആഗസ്റ്റ് 31നാണ് അഫ്ഗാനിൽനിന്ന് പൂർണമായി പിൻമാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.