2300 അത്യുഗ്ര ബോംബുകൾ, 25 എഫ്-35എ യുദ്ധവിമാനങ്ങൾ; ഇസ്രായേലിന് വീണ്ടും ശതകോടികളുടെ യു.എസ് ആയുധങ്ങൾ
text_fieldsവാഷിങ്ടൺ: ഇസ്രായേലിന് ശതകോടികളുടെ യുദ്ധവിമാനങ്ങളും ബോംബുകളും കൈമാറാൻ ബൈഡൻ ഭരണകൂടം. ഗസ്സയിലെ വംശഹത്യയിൽ മുതലക്കണ്ണീർ പൊഴിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം യു.എസിലെത്തിയ ഇസ്രായേൽ പ്രതിരോധമന്ത്രി യൊആവ് ഗാലന്റിന്റെ ആയുധ ആവശ്യങ്ങൾക്ക് പച്ചക്കൊടി നൽകിയത്.
അത്യുഗ്രശേഷിയുള്ള എം.കെ84 2000 പൗണ്ട് (907 കിലോ) ബോംബുകൾ 1800 എണ്ണം, എം.കെ82 500 പൗണ്ട് ബോംബുകൾ 500 എണ്ണം എന്നിവയും 25 F-35എ യുദ്ധവിമാനങ്ങളുമാണ് പുതുതായി നൽകുകയെന്ന് പെന്റഗൺ വൃത്തങ്ങൾ പറയുന്നു. പതിച്ചതിന്റെ 300 മീറ്റർ ചുറ്റളവിൽ മഹാനാശം വരുത്താൻ ശേഷിയുള്ളതാണ് എം.കെ84 ബോംബുകൾ. മാസങ്ങളായി ഗസ്സയിലെ കെട്ടിടങ്ങളിലേറെയും തകർക്കാൻ ഇസ്രായേൽ ഉപയോഗിച്ചതത്രയും ഇവയാണ്.
അവശേഷിച്ച വീടുകളും കെട്ടിടങ്ങളുംകൂടി വരുംമാസങ്ങളിൽ ഇല്ലാതാക്കാൻ ഇസ്രായേൽ വശം ഇവയുടെ ശേഖരമുണ്ടെന്ന് ഉറപ്പാക്കുന്നതാണ് പുതിയ കൈമാറ്റം. 250 കോടി ഡോളർ (20,845 കോടി രൂപ) മൂല്യമുള്ളതാണ് പുതിയ ആയുധക്കൈമാറ്റം. നിലവിൽ വർഷത്തിൽ, 380 കോടി ഡോളറിന്റെ സൈനികസഹായം ഇസ്രായേലിന് യു.എസ് നൽകിവരുന്നുണ്ട്.
ഗസ്സയിൽ 15 ലക്ഷത്തോളം പേർ തിങ്ങിക്കഴിയുന്ന ചെറുപ്രദേശമായ റഫയിൽ കരയാക്രമണത്തിന് ഒരുങ്ങുകയാണ് ഇസ്രായേൽ. പുതിയ യുദ്ധവിമാനങ്ങൾകൂടി എത്തുമ്പോൾ ബോംബിങ് കൂടുതൽ തീവ്രമാകും. ഇസ്രായേലിന് സൈനികസഹായം വെട്ടിക്കുറക്കാൻ പ്രസിഡന്റ് ജോ ബൈഡനോട് നേരത്തേ യു.എസ് സെനറ്റർമാർ ആവശ്യപ്പെട്ടിരുന്നു. 2000 പൗണ്ട് ബോംബുകൾ അയച്ചുകൊടുത്തിട്ട് ഇസ്രായേലിനോട് ആക്രമണം നിർത്താൻ യു.എസ് ആവശ്യപ്പെടുന്നുവെന്ന് പറയുന്നത് അശ്ലീലമാണെന്ന് സെനറ്റർ ബെർണി സാൻഡേഴ്സ് കുറ്റപ്പെടുത്തി.
ഇസ്രായേൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കിയിരുന്നു. ഇത് നടപ്പാക്കാൻ ബാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് കൂടുതൽ ആയുധങ്ങൾ ഇസ്രായേലിലെത്തിക്കുന്നത് എന്നത് ഞെട്ടിക്കുന്നതാണ്. അതേസമയം, അതിർത്തികൾ അടച്ച് ഇസ്രായേൽ പട്ടിണിക്കിടുന്ന ഫലസ്തീനികൾക്ക് ഭക്ഷണം എത്തിച്ചുനൽകുന്ന യു.എൻ ഏജൻസിക്ക് സഹായം അടുത്തിടെ ഇസ്രായേൽ നിർത്തിവെച്ചിരുന്നു. കൊടുംപട്ടിണി വേട്ടയാടുന്ന ഗസ്സയിൽ കരമാർഗം സഹായമെത്തിക്കുന്നത് ഇസ്രായേൽ മുടക്കുന്നതിനാൽ ചില രാജ്യങ്ങൾ വല്ലപ്പോഴും വ്യോമമാർഗം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്.
ഇതുപക്ഷേ, ചിലപ്പോൾ നിരവധി പേരുടെ മരണത്തിനിടയാക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കടലിൽ പതിച്ച ഭക്ഷണപ്പൊതി തേടിയിറങ്ങിയ 12 പേർ കഴിഞ്ഞ ദിവസം മുങ്ങിമരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.