ലാഭക്കണക്കുകളിൽ കണ്ണുതള്ളി യു.എസ് ആയുധക്കമ്പനികൾ
text_fieldsവാഷിങ്ടൺ: രണ്ടു വർഷത്തോളമായി അമേരിക്കക്ക് ബാധ്യതയും ആവേശവും തുല്യ അളവിൽ പകർന്ന് തുടരുന്ന യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനിടെ ഇസ്രായേലിന്റെ ഗസ്സ ആക്രമണം കൂടിയായതോടെ ലാഭക്കണക്കുകൾ കുത്തനെ കൂടി അമേരിക്കയിലെ ആയുധക്കമ്പനികൾ. സമീപനാളുകളിൽ ലോക്ഹീഡ് മാർട്ടിൻ, റെയ്തിയോൺ, ജനറൽ ഡൈനാമിക്സ് തുടങ്ങി മുൻനിര കമ്പനികളെല്ലാം സ്വന്തം രാജ്യത്തിനു വേണ്ടിയെന്ന പോലെ രണ്ട് സഖ്യകക്ഷികൾക്കു വേണ്ടിയും വൻതോതിലാണ് ആയുധങ്ങൾ ഉൽപാദിപ്പിക്കുന്നത്. സമീപകാലത്തൊന്നുമില്ലാത്ത ലാഭമായിരിക്കും വരുംനാളുകളിൽ നിക്ഷേപകരെ കാത്തിരിക്കുന്നതെന്ന് ഓരോ കമ്പനിയും ഉറപ്പുനൽകുന്നു.
അവസാനിക്കാതെ ഒഴുകുന്ന അമേരിക്കൻ ആയുധങ്ങളാണ് റഷ്യക്കെതിരെ യുക്രെയ്ന് കരുത്തുപകരുന്നത്. രണ്ട് യുദ്ധങ്ങൾക്കും പസഫിക് മേഖലയിലെ സംഘർഷങ്ങൾക്കും മറ്റുമായി 105 ബില്യൺ ഡോളർ (8,74,400 കോടി രൂപ) അധികമായി അനുവദിക്കാൻ ദിവസങ്ങൾക്ക് മുമ്പാണ് വൈറ്റ്ഹൗസ് യു.എസ് കോൺഗ്രസിനു മുമ്പാകെ നിർദേശം മുന്നോട്ടുവെച്ചത്. ഇതിൽ ഇസ്രായേലിന് ആയുധങ്ങൾക്കായി മാത്രം 14 ബില്യൺ ഡോളർ (1,16,593 കോടി രൂപ) വേണമെന്നായിരുന്നു ബൈഡന്റെ ആവശ്യം. ആക്രമണത്തിന്റെ ആദ്യ ആറു ദിവസങ്ങളിൽ മാത്രം 6000 ബോംബുകളാണ് ഗസ്സ തുരുത്തിനെ ചാരമാക്കാൻ ഇസ്രായേൽ വർഷിച്ചിരുന്നത്. കരയാക്രമണം ആരംഭിച്ചതോടെ ബോംബാക്രമണം പിന്നെയും തീവ്രത കൂട്ടിയതായി റിപ്പോർട്ടുകൾ പറയുന്നു. സ്വന്തമായി ഉൽപാദിപ്പിക്കുന്നതിന് പുറമെ ഏറ്റവും കൂടുതൽ ആയുധങ്ങൾ നൽകുന്നത് അമേരിക്കയാണ്.
മിസൈൽ പ്രതിരോധമായ ‘അയേൺ ഡോ’മിൽ ഉപയോഗിക്കുന്ന മിസൈലുകൾ ഉൽപാദിപ്പിക്കുന്നത് റെയ്തിയോൺ ആണ്. ജനറൽ ഡൈനാമിക്സ് ആകട്ടെ ടാങ്കുകൾ, കവചിത വാഹനങ്ങൾ, യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവയെല്ലാം നിർമിക്കുന്നവരാണ്. പീരങ്കികൾ പോലുള്ളവക്ക് നിലവിൽ നാലിരട്ടി ആവശ്യമുണ്ടെന്ന് വൈസ് പ്രസിഡന്റ് ജാസൺ എയ്ക്കൺ പറയുന്നു. അമേരിക്കൻ കോൺഗ്രസ് 14 ബില്യൺ ഡോളറിന് അംഗീകാരം നൽകുന്നതോടെ ഈ തുകയിലേറെയും അമേരിക്കയിലെ ആയുധനിർമാതാക്കളിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള ആർ.ടി.എക്സ്, റെയ്തിയോൺ കമ്പനികൾക്കാകും ലഭിക്കുക. ഒന്നാമതുള്ള ലോക്ഹീഡ് മാർട്ടിൻ പ്രധാനമായും യുദ്ധവിമാനങ്ങളാണ് നിർമിക്കുന്നത്. ഫലസ്തീനെതിരെയാകും ഇവ ഉപയോഗിക്കുകയെന്നുറപ്പ്.
ലബനാൻ, സിറിയ എന്നിവിടങ്ങളിലേക്കുകൂടി സംഘർഷം പരക്കുന്നത് മറ്റെല്ലാവരെയും ആധിയിലാഴ്ത്തുമെങ്കിലും ആയുധഭീമന്മാർക്കിത് സന്തോഷത്തിന്റെ നാളുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.