പ്രശസ്ത ഇസ്‍ലാമിക പണ്ഡിതൻ ഫത്ഹുല്ല ഗുലൻ അന്തരിച്ചു
text_fieldsന്യുയോർക്ക്: പ്രശസ്ത തുർക്കി ഇസ്‍ലാമിക പണ്ഡിതനും പരിഷ്കരണ പ്രസ്ഥാന നേതാവുമായ ഫത്ഹുല്ല ഗുലൻ അമേരിക്കയിൽ അന്തരിച്ചു. 83 വയസ്സായിരുന്നു. 1999 മുതൽ അമേരിക്കയിലെ പെന്‍സില്‍വേനിയയില്‍ പ്രവാസജീവിതം നയിക്കുന്ന ഗുലൻ, ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകീട്ടാണ് മരിച്ചത്. ‘ഹിസ്മത്’ എന്നറിയപ്പെടുന്ന ഗുലന്‍ പ്രസ്ഥാനത്തിന് തുർക്കിയക്ക് പുറമെ ഇന്ത്യ, അമേരിക്ക, ആഫ്രിക്ക, മധ്യേഷ്യ, ലാറ്റിനമേരിക്ക അടക്കം നൂറ്റിമുപ്പതോളം രാജ്യങ്ങളില്‍ ശക്തമായ വേരുകളുണ്ട്.
തുര്‍ക്കിയയുടെ രാഷ്ട്രീയ സാമൂഹിക സംവിധാനത്തില്‍ സുപ്രധാന ശക്തിയായിരുന്നു ഗുലൻ. ആദ്യകാലത്ത് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. എന്നാൽ, പിന്നീട് ഉടക്കുകയും 2016 ജുലൈ 15ന് ഉർദുഗാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ നടന്ന പട്ടാളനീക്കത്തിന് പിന്നിൽ ഫത്ഹുല്ല ഗുലന് ബന്ധമുണ്ടെന്ന് ആരോപണം ഉയരുകയും ചെയ്തു. അട്ടിമറി ശ്രമത്തിന് ശേഷം ഗുലൻ പ്രസ്ഥാനത്തെ തീവ്രവാദ സംഘടനയായി തുര്‍ക്കിയ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിനെതിരെ തുര്‍ക്കി കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയും അമേരിക്കന്‍ സര്‍ക്കാറിനോട് ഗുലനെ കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, അട്ടിമറിയിലെ പങ്കാളിത്തം നിഷേധിച്ച ഗുലന്‍, ഉർദുഗാൻ ജനാധിപത്യം ഇല്ലാതാക്കുകയാണെന്ന് പ്രതികരിച്ചു. തുര്‍ക്കിയയിലെ ജുഡീഷ്യല്‍ സംവിധാനം സ്വതന്ത്രമല്ലെന്നും വാറന്‍റ് ഉര്‍ദുഗാന്‍െറ സ്വേച്ഛാധിപത്യത്തിന്‍െറ മറ്റൊരു ഉദാഹരണമാണെന്നുമായിരുന്നു ഗുലന്റെ പ്രതികരണം.
നിരവധി സ്കൂളുകളും ബിസിനസ് സ്ഥാപനങ്ങളുമടക്കം നടത്തുന്ന ഗുലന്‍ നെറ്റ്വര്‍ക്ക് ഇന്ത്യയടക്കം വിവിധ ലോകരാജ്യങ്ങളിൽ സ്വാധീനമുള്ള സംഘടനയാണ്. 1999ല്‍ രാജ്യത്തെ സെക്യുലര്‍ സ്വഭാവത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഗുലനെതിരെ കേസെടുത്തതോടെയാണ് അദ്ദേഹം അമേരിക്കയിലേക്ക് പലായനം ചെയ്തത്. ഉര്‍ദുഗാനുമായും എ.കെ പാര്‍ട്ടിയുമായും തുടക്കത്തിൽ നല്ല ബന്ധത്തിലായിരുന്നു ഗുലൻ. ഉര്‍ദുഗാൻ ഭരണത്തിലേറുന്നതിൽ ഗുലനും ഹിസ്മത് പ്രസ്ഥാനവും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2002ല്‍ ഉര്‍ദുഗാന്‍ സര്‍ക്കാറിന്റെ പ്രധാന സഖ്യകക്ഷിയായിരുന്നു ഹിസ്മത് പാര്‍ട്ടി. എന്നാൽ, 2013ന് ശേഷം ഇടഞ്ഞു. 2014ല്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 27 പേരെ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമം തടയുന്നതിന്റെ ഭാഗമായി അറസ്റ്റ് ചെയ്തതോടെ ഉര്‍ദുഗാന്‍ - ഗുലന്‍ ബന്ധം ഉലഞ്ഞു. 2016ൽനടന്ന പട്ടാള അട്ടിമറി ശ്രമത്തോടെ ഇരുവിഭാഗവും പൂർണ ശത്രുതയിലായി. തുര്‍ക്കിയയില്‍ ഏറ്റവും പ്രചാരമുണ്ടായിരുന്ന ഹിസ്മത്തിന്റെ ‘സമാന്‍’ പത്രവും ‘സിഹാന്‍’ ചാനലും അടക്കമുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.