യു.എസ് ഉഭയകക്ഷി ബന്ധം: നിലപാട് കടുപ്പിച്ച് ചൈന
text_fieldsബെയ്ജിങ്: ഉഭയകക്ഷി ബന്ധത്തിലെ നിശ്ചലാവസ്ഥ പരിഹരിക്കാൻ ബൈഡൻ ഭരണകൂടം എടുക്കേണ്ട നടപടി സംബന്ധിച്ച പട്ടിക ചൈന കൈമാറി. ജോ ബൈഡൻ യു.എസ് പ്രസിഡൻറായ ശേഷം ആദ്യമായി ചൈന സന്ദർശിക്കുന്ന ഉപ വിദേശകാര്യ സെക്രട്ടറി വെൻഡി ഷെർമനും ചൈനീസ് വിദേശകാര്യ സഹമന്ത്രി ഷി ഫെങും തമ്മിലുള്ള കൂടിക്കാഴ്ചക്കിടയിലാണ് പട്ടിക കൈമാറിയത്.
അമേരിക്ക അവസാനിപ്പിക്കേണ്ട തെറ്റായ നടപടികളുടേയും ചൈനക്ക് ഉത്കണഠയുള്ള വ്യക്തിഗത കേസുകളുടേയും പട്ടികയാണ് ഷി ഫെങ് കൈമാറിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്കും കുടുംബങ്ങൾക്കും മേലുള്ള വിസ നിയന്ത്രണം, നേതാക്കൾക്കും കമ്പനികൾക്കും മേലുള്ള ഉപരോധം, വാവെയ് കമ്പനി ഉടമയുടെ പുത്രിയും കമ്പനി സി.എഫ്.ഒയുമായ മെങ് വാൻഷുവിനെ കാനഡക്ക് കൈമാറണമെന്ന വാഷിങ്ടൺ കോടതി ഉത്തരവ് ഉൾപ്പെടെ പിൻവലിക്കണമെന്ന ആവശ്യങ്ങൾ യു.എസിന് കൈമാറിയ പട്ടികയിലുണ്ട്.
മറ്റു രാജ്യങ്ങൾക്കുമേൽ ഉപരോധമേർപ്പെടുത്തുന്ന 'ബലാൽക്കാര നയതന്ത്ര'മാണ് അമേരിക്കയുടേതെന്ന് ഷി ഫെങ് ആരോപിച്ചു. അതേസമയം, ഉത്തരവാദിത്തമുള്ള ലോക ശക്തിയെന്ന നിലയിൽ കാലാവസ്ഥ വ്യതിയാനം, കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യു.എസുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കതീതമായി പ്രവർത്തിക്കാൻ ചൈന തയാറാകണമെന്ന് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വെൻഡി ഷെർമൻ പറഞ്ഞു.
സന്ദർശനത്തിന്റെ ഭാഗമായി ചൈനീസ് വിദേശ മന്ത്രി വാങ് യിയുമായി അവർ കൂടിക്കാഴ്ച നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.