കാനഡ വിഷയത്തിൽ ഇന്ത്യയെ തള്ളി യു.എസ്, ബ്രിട്ടൻ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ 41 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ മാറ്റേണ്ടിവന്ന സംഭവത്തിൽ ഇന്ത്യയുടെ നിലപാടിനോട് അമേരിക്കയും ബ്രിട്ടനും വിയോജിച്ചു. നയതന്ത്ര പരിരക്ഷ ഇല്ലാതാക്കുന്ന സാഹചര്യത്തിലാണ് ഇത്രയും പേരെ കാനഡ ഇന്ത്യയിൽനിന്ന് മാറ്റിയത്.
ഇന്ത്യസർക്കാർ എടുത്ത തീരുമാനത്തോട് യോജിക്കാനാവില്ലെന്ന് അമേരിക്കയും ബ്രിട്ടനും വ്യക്തമാക്കി. നയതന്ത്രബന്ധങ്ങൾ സംബന്ധിച്ച വിയന്ന ഉടമ്പടിപ്രകാരമുള്ള ബാധ്യതകൾ മാനിക്കാൻ എല്ലാരാജ്യങ്ങളും തയാറാകണം. നയതന്ത്രപരിരക്ഷ ഏകപക്ഷീയമായി നീക്കുന്നത് ഉടമ്പടി ഫലപ്രദമായി നടപ്പാക്കുന്നതിന് ഉതകില്ല. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യം വേണം. ഇന്ത്യയുടെ നടപടി വിയന്ന ചട്ടങ്ങളുടെ ലംഘനമാണ് -രണ്ടു രാജ്യങ്ങളും അഭിപ്രായപ്പെട്ടു.
വിയന്ന ചട്ടങ്ങളുടെ ലംഘനമില്ലെന്നും രണ്ടു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം ഏകീകരിക്കുന്നതിന് ചട്ടം എതിരല്ലെന്നും ഇന്ത്യ പറഞ്ഞതിന് പിന്നാലെയാണ് ബ്രിട്ടനും അമേരിക്കയും രംഗത്തുവന്നത്. ഖാലിസ്താൻ വിഘടനവാദി ഹർദീപ്സിങ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയുടെ പങ്ക് സംശയിക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞതോടെയാണ് ഇന്ത്യ-കാനഡ ബന്ധം മോശമായത്. അതേസമയം, നിജ്ജറുടെ വധത്തെക്കുറിച്ച് കാനഡ നടത്തുന്ന അന്വേഷണവുമായി ഇന്ത്യ സഹകരിക്കണമെന്നും ബ്രിട്ടനും അമേരിക്കയും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.