'ഇസ്രായേലിന്റെ വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധമില്ല'; ഇത് മാറണമെന്ന് യു.എൻ രക്ഷാസമിതിയിൽ യു.എസ്
text_fieldsവാഷിങ്ടൺ: ഗസ്സയിൽ സാധാരണക്കാരായ മനുഷ്യർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഇസ്രായേൽ പരിഗണിക്കുന്നില്ലെന്ന വിമർശനവുമായി യു.എസ്. യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിലിലാണ് യു.എസിന്റെ വിമർശനം. യു.എസിന്റെ നിർദേശങ്ങൾ ഇസ്രായേൽ അംഗീകരിച്ചില്ലെങ്കിൽ ആയുധങ്ങൾ നൽകുന്നതിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ ഉണ്ടാവുമെന്നും രാജ്യം വ്യക്തമാക്കി.
ഇസ്രായേലിന്റെ വാക്കുകളും പ്രവൃത്തിയും തമ്മിൽ ബന്ധം വേണമെന്ന് യു.എസിന്റെ ലിൻഡ തോമസ് ഗ്രീൻഫീൽഡ് സെക്യൂരിറ്റി കൗൺസിലിൽ പറഞ്ഞു. എന്നാൽ, നിർഭാഗ്യവശാൽ ഇപ്പോൾ അത് സംഭവിക്കുന്നില്ല. ഇക്കാര്യത്തിൽ ഉടൻ മാറ്റം വേണമെന്നും യു.എന്നിലെ യു.എസ് പ്രതിനിധി ആവശ്യപ്പെട്ടു.
ഗസ്സയിലെ മാനുഷിക പ്രശ്നം പരിഹരിക്കാൻ 30 ദിവസത്തിനുള്ളിൽ നടപടിയെടുക്കണമെന്ന നിർദേശമാണ് യു.എസ് നൽകിയിരിക്കുന്നത്. അല്ലെങ്കിൽ ആയുധവിൽപന നിർത്തുന്നത് ഉൾപ്പടെയുള്ള പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും യു.എസ് മുന്നറിയിപ്പ് നൽകി. ഗസ്സയിലേക്ക് ഭക്ഷണവും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും അനുവദിക്കണമെന്നാണ് യു.എസ് ആവശ്യം. പ്രധാനമായും വടക്കൻ ഗസ്സയിലേക്ക് ഇവ നൽകണമെന്നാണ് യു.എസ് ആവശ്യപ്പെടുന്നത്. തണുപ്പ് കാലം തുടങ്ങാനിരിക്കെ എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ പുരോഗതിയുണ്ടാവണമെന്നും യു.എസ് വ്യക്തമാക്കുന്നു.
ഫലസ്തീൻ അഭയാർഥികൾക്കുള്ള യു.എൻ ഏജൻസിക്ക് സഹായം നൽകുന്നതിന് ഇസ്രായേലിനുള്ള ബാധ്യതകൾ സംബന്ധിച്ച് വ്യക്തത വരുത്താൻ നോർവെ അന്താരാഷ്ട്ര നീതിന്യായ കോടതിയോട് അഭ്യർഥിച്ചതിന് പിന്നാലെയാണ് യു.എസിന്റെ രക്ഷാസമിതിയിലെ പ്രസ്താവന. ഗസ്സയിൽ നിലവിൽ സഹായം വിതരണം ചെയ്യുന്നതിന് ഇസ്രായേൽ നിലപാട് പ്രതിസന്ധിയാവുകയും ചെയ്യുന്നുണ്ട്.
അതേസമയം, ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതിനുള്ള നടപടികളുമായിട്ടാണ് ഇസ്രായേൽ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി ഏജൻസിയുടെ ഉദ്യോഗസ്ഥർക്ക് വിസ നൽകുന്നതിൽ ഉൾപ്പടെ ഇസ്രായേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഗസ്സയിൽ സഹായം നൽകുന്നത് സംബന്ധിച്ച് യു.എസിന്റെ വിമർശനം ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.