ആളിപ്പടർന്ന് യു.എസ് കാമ്പസ് പ്രക്ഷോഭം; നവയൗവനം നീതിക്കൊപ്പം
text_fieldsപാരിസ്: ഗസ്സയിലെ ഇസ്രായേൽ ക്രൂരതക്കെതിരെ അമേരിക്കയിൽ പടർന്നുപിടിച്ച വിദ്യാർഥി പ്രക്ഷോഭം കൂടുതൽ രാജ്യങ്ങളിലേക്ക്. ഫ്രാൻസിലെ പാരിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സ്റ്റഡീസിൽ കഴിഞ്ഞ ദിവസം വിദ്യാർഥികൾ ഫലസ്തീൻ പതാകയും കഫിയ്യയും അണിഞ്ഞ് പ്രകടനം നടത്തി. പാരിസിലെ സോബോൺ സർവകലാശാലയിലും പ്രക്ഷോഭം അരങ്ങേറി. സ്ഥാപനത്തിന്റെ പ്രവേശന കവാടം വിദ്യാർഥികൾ തടഞ്ഞു.
അക്കാദമി ഇസ്രായേൽ അതിക്രമത്തെ അപലപിക്കണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. ആസ്ട്രേലിയയിലെ വിവിധ സർവകലാശാലകളിലും ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ നടന്നു. സിഡ്നി സർവകലാശാല, മെൽബൺ സർവകലാശാല എന്നിവിടങ്ങളിലാണ് കാര്യമായ പരിപാടികൾ നടന്നത്. ഇറ്റലിയിലെ സാപിയൻസ സർവകലാശാലയിൽ വിദ്യാർഥികൾ നിരാഹാര സമരം നടത്തി.
ഇംഗ്ലണ്ടിലെ വാർവിക് സർവകലാശാല, ലെസ്റ്റർ, കോവെൻട്രി സർവകലാശാല എന്നിവിടങ്ങളിൽ തിങ്കളാഴ്ച ഫലസ്തീൻ പതാകയേന്തി പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇസ്രായേലുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ബ്രിട്ടനിലെ ലീഡ്സ് സർവകലാശാലയിൽ വിദ്യാർഥികൾ കെട്ടിടം ഉപരോധിച്ചിരുന്നു. ഇസ്രായേലിന് ഭരണകൂടം ഏറ്റവുമധികം പിന്തുണ നൽകുന്ന രാജ്യങ്ങളിലാണ് യുവതലമുറ ഇതിനെതിരെ ശബ്ദമുയർത്തുന്നത്.
കൊളംബിയ യൂനിവേഴ്സിറ്റിയിൽ ഏപ്രിൽ 22ന് 70 ഓളം വിദ്യാർഥികൾ ചേർന്ന് കാമ്പസിന് പുറത്ത് ഉയർത്തിയ തമ്പുകളിൽ തുടക്കമിട്ട പ്രക്ഷോഭമാണ് അതിവേഗം പടർന്നുകയറുന്നത്. പൊലീസ് നടപടികളുമായി അധികൃതർ ഇവ അടിച്ചമർത്താൻ രംഗത്തുണ്ടെങ്കിലും 100ലേറെ സ്ഥാപനങ്ങൾ വിദ്യാർഥി സമരങ്ങളാൽ കലുഷിതമാണ്.
പലയിടങ്ങളിലും പഠനം ഓൺലൈനാക്കി. ചിലയിടങ്ങളിൽ ബിരുദദാന പരിപാടികളടക്കം നീട്ടിവെച്ചിട്ടുണ്ട്. ഫലസ്തീൻ പതാകയും ഫലസ്തീൻ ദേശീയതയുടെ പ്രതീകമായ കഫിയ്യയും (കറുപ്പും വെളുപ്പും നിറത്തിലുള്ള മൂടുപടം) അണിഞ്ഞെത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി പ്രഫസർമാർ, മാധ്യമപ്രവർത്തകർ എന്നിവരും രംഗത്തുണ്ട്.
വാഷിങ്ടൺ ഡി.സിയിൽ ജോർജ്ടൗൺ യൂനിവേഴ്സിറ്റിയിലെ നൂറുകണക്കിന് വിദ്യാർഥികൾ സമീപത്തെ ജോർജ് വാഷിങ്ടൺ വാഴ്സിറ്റിയിലേക്ക് മാർച്ച് നടത്തി. ആദ്യ അമേരിക്കൻ പ്രസിഡന്റ് ജോർജ് വാഷിങ്ടണിന്റെ പ്രതിമയിൽ പ്രക്ഷോഭകർ ഫലസ്തീൻ പതാക അണിയിച്ചു.
വിദ്യാർഥികളുടെ ആവശ്യം
വംശഹത്യയും കോളനിവത്കരണവും നടത്തുന്ന ഇസ്രായേലുമായും അവിടുത്തെ അക്കാദമിക സംവിധാനങ്ങളുമായും സർവകലാശാലകൾ ഒരു സഹകരണവും നടത്തരുത്. സംയുക്ത പരിപാടികളും പദ്ധതികളും ഉപേക്ഷിക്കണം. ഗസ്സയിലെ വംശഹത്യയെ അപലപിക്കാൻ സർവകലാശാലകളുടെ തലപ്പത്തുള്ളവർ തയാറാകണം.
ഭരണകൂടം ഇസ്രായേലിന് നൽകുന്ന പിന്തുണക്കെതിരെ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധങ്ങൾ തടയരുത്. പ്രതിഷേധിക്കുന്ന വിദ്യാർഥികളെ അറസ്റ്റ് ചെയ്യാനോ സസ്പെൻഷൻ ഉൾപ്പെടെ നടപടികൾ സ്വീകരിക്കാനോ പാടില്ല.
‘‘സത്യത്തിൽ ഞാൻ കരഞ്ഞുപോയി’’
നാല് പതിറ്റാണ്ടായി അമേരിക്കയിൽ ജീവിക്കുന്ന ഞാൻ 28 വർഷം അക്കാദമിക മേഖലയിലാണ് ഇടപഴകിയിട്ടുള്ളത്. ഒരു സയണിസ്റ്റ് വിരുദ്ധ ആഖ്യാനം മുന്നോട്ടുവെക്കുക എന്നത് കടുത്ത വെല്ലുവിളി തന്നെയായിരുന്നു.
എന്നാലിപ്പോൾ അമേരിക്കയിലങ്ങോളമുള്ള കാമ്പസുകളിലെ വിദ്യാർഥികൾ പ്രകടിപ്പിക്കുന്ന ധൈര്യവും മാനവികതയും ക്രിയാത്മകതയും നിശ്ചയദാർഢ്യവും കാണുമ്പോൾ അഭിമാനം തോന്നുന്നു. മുമ്പെങ്ങും കേട്ടുകേൾവിയില്ലാത്ത വിധത്തിലെ കാര്യങ്ങളാണ് അമേരിക്കൻ സർവകലാശാല കാമ്പസുകളിൽ സംഭവിക്കുന്നത്. യു.എസ് സമൂഹത്തിനു മേലുള്ള സയണിസ്റ്റ് പിടിമുറുക്കം ക്ഷയിക്കുകയാണ്- സാമി അൽ അരിയാൻ (വേട്ടയാടപ്പെട്ട പ്രഫസർ)
പ്രതിഷേധം നടക്കുന്ന യു.എസ് സർവകലാശാല കാമ്പസുകൾ
⊿ അർകാറ്റ (സ്റ്റേറ്റ് പോളിടെക്നിക് സർവകലാശാല)
⊿ സാൻ ഫ്രാൻസിസ്കോ (യു.സി ബെർകിലി സർവകലാശാല)
⊿ ആൽബുക്കർക് (ന്യൂ മെക്സിക്കോ സർവകലാശാല)
⊿ ഡാളസ് (ടെക്സസ് സർവകലാശാല)
⊿ ആർലിങ്ടൺ (ആർലിങ്ടൺ സർവകലാശാല)
⊿ ഓസ്റ്റിൻ (ടെക്സസ് സർവകലാശാല)
⊿ സാൻ അന്റോണിയോ (ടെക്സസ് സർവകലാശാല)
⊿ ഹ്യൂസ്റ്റൻ (റൈസ് സർവകലാശാല)
⊿ സെന്റ് ലൂയിസ് (വാഷിങ്ടൺ സർവകലാശാല)
⊿ നാഷവിലെ-ഡേവിഡ്സൺ (വാണ്ടർബിൽറ്റ്)
⊿ അറ്റ്ലാന്റ (ഇമോറി സർവകലാശാല)
⊿ ചാർലോറ്റി, നോർത്ത് കാരലീന (യു.എൻ.സി ചാർലോറ്റി)
⊿ മിനിയപോളിസ് (മിനിസോട സർവകലാശാല)
⊿ ബ്ലൂമിങ്ടൺ (ഇൻഡ്യാന സർവകലാശാല, ബ്ലൂമിങ്ടൺ)
⊿ കുക്ക് കൗണ്ടി (നോർത്ത് വെസ്റ്റേൺ സർവകലാശാല)
⊿ ചാപ്പൽ ഹിൽ (യു.എൻ.സി ചാപ്പൽ ഹിൽ)
⊿ കൊളംബസ് (ഒഹായോ സ്റ്റേറ്റ് സർവകലാശാല)
⊿ വാഷിങ്ടൺ (അമേരിക്കൻ സർവകലാശാല)
⊿ ജോർജ്ടൗൺ (ജോർജ് വാഷിങ്ടൺ സർവകലാശാല)
⊿ ബാൾട്ടിമോർ, മേരിലാൻഡ് (യു.എം.ബി.സി)
⊿ പിറ്റ്സ്ബർഗ് (പിറ്റ്സ്ബർഗ് സർവകലാശാല)
⊿ ആൻ ആർബർ (മിഷിഗൺ സർവകലാശാല)
⊿ ഈസ്റ്റ് ലാൻസിങ് (മിഷിഗൺ ലാൻസിങ് കാമ്പസ്)
⊿ ഫിലഡെൽഫിയ (പെൻസൽവേനിയ സർവകലാശാല)
⊿ പ്രിൻസ്ടൗൺ (പ്രിൻസ്ടൗൺ സർവകലാശാല)
⊿ ന്യൂയോർക് (ദി ന്യൂ സ്കൂൾ)
⊿ കൊളംബിയ സർവകലാശാല
⊿ ന്യൂയോർക് സർവകലാശാല
⊿ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
സിറ്റി കോളജ് ഓഫ് ന്യൂയോർക്
⊿ ഹാർട്ട്ഫോഡ് (യേൽ സർവകലാശാല)
⊿ പ്രൊവിഡൻസ് (ബ്രൗൺ സർവകലാശാല)
⊿ ബോസ്റ്റൺ (ടഫ്റ്റ്സ് സർവകലാശാല)
⊿ എമേഴ്സൻ കോളജ്
⊿ ബോസ്റ്റൺ സർവകലാശാല
⊿ ഹാർവാഡ് സർവകലാശാല
⊿ എം.ഐ.ടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.