സുരക്ഷാ പ്രശ്നം: യു.എസ് 1000 ചൈനീസ് പൗരൻമാരുടെ വിസ റദ്ദാക്കി
text_fields
വാഷിങ്ടൺ: സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്ക ആയിരത്തിലധികം ചൈനീസ് പൗരന്മാർക്കുള്ള വിസ റദ്ദാക്കി. ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും പ്രവേശന താൽക്കാലികമായി നിർത്തലാക്കിയെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻറ് വക്താവ് അറിയിച്ചു. മെയ് 29 ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രഖ്യാപന പ്രകാരമാണ് നടപടി.
ചൈനയുടെ സൈനിക തന്ത്ര വൃത്തങ്ങളുമായി ബന്ധമുള്ള വിദ്യാര്‍ത്ഥികളും ഗവേഷകന്മാരും നിരവധി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് വിസ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടിയിലേക്ക് കാരണമായതെന്ന് യു.എസ് ഹോംലാൻറ് സെക്യൂരിറ്റി തലവൻ ചാഡ് വോൾഫ് അറിയിച്ചു.
വിദ്യാർഥി വിസ ഉപയോഗിച്ച് ചൈനീസ് ഗവേഷകർ അമേരിക്കൻ ഗവേഷക വിഭാഗത്തെ ചൂഷണം ചെയ്യുന്നുണ്ടെന്നും അന്യായമായ ബിസിനസ് രീതികളും വ്യാവസായിക ചാരവൃത്തിയും നടത്തുന്നുവെന്നും വോൾഫ് ആരോപിച്ചു.
ഹോങ്കോങ്ങിലെ ചൈനയുടെ നിയന്ത്രണങ്ങൾക്കെതിരായ യു.എസ് പ്രതികരണത്തിൻെറ ഭാഗമായി മെയ് 29 ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച നയത്തിന് കീഴിലാണ് വിസ നടപടി സ്വീകരിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു.
2020 സെപ്റ്റംബർ എട്ടുവരെ 1000 പി.ആർ.സി പൗരന്മാരുടെ വിസകൾ വകുപ്പ് റദ്ദാക്കിയിട്ടുണ്ട്. ചൈനയുടെ 'പ്രത്യേക ഉപവിഭാഗത്തെ' പ്രതിനിധീകരിച്ച് അമേരിക്കയിലേക്ക് എത്തുന്ന യോഗ്യതയില്ലാത്തതും സുരക്ഷയെ ബാധിക്കുന്നതുമായ ബിരുദ വിദ്യാർഥികളുടെയും ഗവേഷകരുടെയും വിസയാണ് റദ്ദാക്കിയിരിക്കുന്നത്. നിയമാനുസൃത വിദ്യാർത്ഥികളെയും ഗവേഷകരെയും സ്വാഗതം ചെയ്യുന്നത് തുടരുമെന്നും ചാഡ് വോൾഫ് പറഞ്ഞു.
അമേരിക്കയിൽ പഠിക്കുന്നതിൽ നിന്ന് ചൈനീസ് വിദ്യാർഥികളെ നിയന്ത്രിക്കാനുള്ള യു.എസിന്റെ നീക്കത്തെ ശക്തമായി എതിർത്തതായും പരസ്പര ധാരണ ബന്ധവും വർധിപ്പിക്കുന്നതിന് കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും ചൈന ആവശ്യപ്പെട്ടു.
ചൈനീസ് വിദ്യാര്‍ഥി സമൂഹത്തില്‍ നിരവധി പേരെ ഹൈ റിസ്‌ക് കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നത്. ഇതില്‍ ഗവേഷകരും വിവരസാങ്കേതിക രംഗത്തുള്ളവരുമാണ് കൂടുതല്‍. എന്നാല്‍ അമേരിക്കയില്‍ 3.6 ലക്ഷത്തോളം ചൈനീസ് വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.