കാപിറ്റൽ ഹിൽ ആക്രമണം: പരിക്കേറ്റ പൊലീസുകാരൻ മരിച്ചു; ട്രംപിന് തുടരാൻ അർഹതയില്ലെന്ന് സ്പീക്കർ
text_fieldsവാഷിങ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാൻ വിസമ്മതിച്ച് അനുയായികൾ അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപിറ്റൽ ഹിൽ ബിൽഡിങ്ങിൽ നടത്തിയ ഭീകരാക്രമണത്തിൽ മരണം അഞ്ചായി. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരനാണ് മരിച്ചത്.
രണ്ട് സ്ത്രീകളടക്കം നാലുപേർ ഇന്നലെ മരിച്ചിരുന്നു. ഒരു സ്ത്രീ പൊലീസ് വെടിവെപ്പിലും മൂന്നുപേർ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നുമാണ് മരിച്ചത്.
അക്രമങ്ങൾ അഴിച്ചുവിട്ട നൂറോളം േപരെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. കുപ്രസിദ്ധ തീവ്രവലതുപക്ഷ സംഘടനകളായ പ്രൗഡ് ബോയിസ് ക്യുവനോനിന്‍റെ അംഗങ്ങളാണ് ഇവരിൽ ഭൂരിപക്ഷവും. കൂടുതൽ അക്രമികളെ കണ്ടെത്താൻ എഫ്.ബി.ഐ തിരച്ചിൽ ഊർജിതമാക്കി. അക്രമികളെ പിടികൂടുന്നതിന് ഉതകുന്ന ഡിജിറ്റൽ വിവരങ്ങൾ കൈമാറാൻ ജനങ്ങളോട് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടു.
അതിനിടെ, സുരക്ഷാവീഴ്ച ഉണ്ടായെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിൽ കാപിറ്റൽ ഹിൽ പൊലീസ് മേധാവി രാജിവെച്ചു.
കാപിറ്റൽ ഹിൽ ബിൽഡിങ്ങിലെ അക്രമസംഭവങ്ങളെ തുടർന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വൈറ്റ് ഹൗസിൽ തുടരാൻ അർഹതയില്ലെന്ന് സ്പീക്കർ നാൻസി പെലോസി പറഞ്ഞു. പ്രസിഡന്‍റ് സ്ഥാനത്ത് തുടരാൻ അർഹതയില്ലാത്ത ട്രംപിനെ അമേരിക്കൻ ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം നീക്കാൻ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിനോട് സ്പീക്കർ ആവശ്യപ്പെട്ടു. അല്ലത്താപക്ഷം ട്രംപിനെ ഇംപീച്ച് ചെയ്യാൻ ജനപ്രതിനിധി സഭ തയാറാണെന്ന് നാൻസി പെലോസി വ്യക്തമാക്കി. സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമറും മുതിർന്ന റിപ്പബ്ലിക്കൻ നേതാക്കളും ട്രംപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ സമയം ഒരു മണിയോടെ നിയുക്ത പ്രസിഡൻറ് ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായി സമ്മേളിച്ച ഇരുസഭകളുടെയും സംയുക്ത യോഗത്തിലേക്കാണ് ആയിരക്കണക്കിന് സായുധ അക്രമികൾ സുരക്ഷാസംഘത്തെ മറികടന്ന് പാർലമെന്റിന്റെ വാതിലുകൾ തകർത്ത് ഇരച്ചു കയറിയത്.
അക്രമികൾ കടന്നുകയറിയതോടെ യോഗം നിർത്തിവെച്ച് അംഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സ്പീക്കറുടെ ചേംബറിലുൾപ്പെടെ കയറിപ്പറ്റിയ അനുയായികൾ ട്രംപിന്റെ വിജയം ഘോഷിച്ച് മുദ്രാവാക്യങ്ങളുയർത്തി. നാലു മണിക്കൂറോളം പണിപ്പെട്ടാണ് പൊലീസിന് അക്രമികളെ മന്ദിരത്തിനുള്ളിൽ നിന്ന് ഒഴിപ്പിക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.