ഇസ്രായേൽ ക്രൂരതയിൽ കരഞ്ഞില്ലെങ്കിൽ നമ്മൾക്ക് എന്തോ കുഴപ്പമുണ്ട്; പൊട്ടിക്കരഞ്ഞ് യു.എസ് കോൺഗ്രസിലെ ഏക ഫലസ്തീൻ വംശജ
text_fieldsവാഷിങ്ടൺ: ഫലസ്തീനികളെ വംശഹത്യ ചെയ്യാനാണ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രായേലിന് ധനസഹായം നൽകിയതെന്ന് യു.എസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് അംഗം റാഷിദ താലിബ്. കാപ്പിറ്റോൾ ഹില്ലിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു യു.എസ് കോൺഗ്രസിലെ ഏക ഫലസ്തീൻ വംശജയായ റാഷിദ. പൊട്ടിക്കരഞ്ഞ തായിബ് വെടിനിർത്തലിന് ആഹ്വാനം ചെയ്തു.
കുഞ്ഞുങ്ങളുള്ള ആശുപത്രിയിൽ ബോംബ് ഇടുന്നത് ശരിയാണോ എന്ന് ജനങ്ങൾ ചിന്തിക്കുക. അതാണ് ഏറ്റവും വേദനിപ്പിക്കുന്നത്. കുട്ടികളോട് 'കരയരുത്' എന്ന് പറയുന്ന വിഡിയോകൾ കാണുന്നത് കഠിനമാണ്. എന്നാൽ, അവർ കരയട്ടെ... അവർ വിറക്കുന്നു... ആരൊക്കെയോ അറബിയിൽ കരയരുതെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. അവരും കരയും ഞാനും കരയും നമ്മളെല്ലാവരും കരയും. കരഞ്ഞില്ലെങ്കിൽ നമ്മൾക്ക് എന്തോ കുഴപ്പമുണ്ട്. - റാഷിദ താലിബ് വ്യക്തമാക്കി.
പ്രസിഡന്‍റ് ബൈഡനോട് പറയാൻ ആഗ്രഹിക്കുന്നു, ഈ വിഷയത്തിൽ മുഴുവൻ അമേരിക്കകാരും നിങ്ങളോടൊപ്പമില്ല. നിങ്ങൾ ഉണരുകയും ഇക്കാര്യം മനസിലാക്കുകയും വേണം. വംശഹത്യ നടത്തുകയും ബഹുഭൂരിപക്ഷത്തെ കൊല്ലുന്നതും ഞങ്ങൾ കാണുകയാണ്. ഒന്നും പറയാതെ ഞങ്ങൾ നോക്കി നിൽക്കുകയാണ്. പക്ഷെ, ഞങ്ങൾ ഇത് ഓർമിക്കും. ചരിത്രത്തിന്‍റെ വലതു വശത്താണ് ഞങ്ങളെന്ന് കരച്ചിലിനിടെ പ്രതിഷേധക്കാരോട് റാഷിദ താലിബ് പറഞ്ഞു.
ഗസ്സയിലെ അൽഅഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ഇസ്രായേൽ ബോംബ് ഇടുന്നുവെന്ന ഹമാസിന്‍റെ പ്രസ്താവനയെ എക്സിലെ പോസ്റ്റിൽ കഴിഞ്ഞ ദിവസം റാഷിദ താലിബ് പിന്തുണച്ചിരുന്നു.
കഴിഞ്ഞ ഇസ്രായേൽ ആക്രമണം നടക്കുന്ന ഫലസ്തീനിലെ ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എസ് ജനപ്രതിനിധി സഭയിൽ റാഷിദ തായിബ് അടക്കമുള്ള ഡെമോക്രാറ്റിക് അംഗങ്ങൾ പ്രമേയം കൊണ്ടു വന്നിരുന്നു. ഇസ്രായേലിലും അധിനിവേശ ഫലസ്തീനിലും അക്രമാസക്തമായ സാഹചര്യം ഒഴിവാക്കുന്നതും വെടിനിർത്തലും ആവശ്യപ്പെടുന്നതാണ് പ്രമേയം.
വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യം രാജ്യത്ത് ഉയരുന്ന സാഹചര്യത്തിലാണ് അംഗങ്ങൾ പ്രമേയത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്. ഫലസ്തീൻ വംശജയായ റാഷിദ തായിബ്, സോമാലിയൻ വംശജയായ ഇഹാൻ ഒമർ, കോറി ബുഷ്, സമ്മർ ലീ, അയന്ന പ്രെസ്ലി, അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് അടക്കമുള്ള പന്ത്രണ്ടോളം അംഗങ്ങളാണ് പ്രമേയത്തെ പിന്തുണച്ചത്.
എല്ലാ മനുഷ്യ ജീവനും വിലപ്പെട്ടതാണ്. സിവിലിയന്മാരെ അവരുടെ വിശ്വാസമോ വംശമോ പരിഗണിക്കാതെ ലക്ഷ്യം വെക്കുന്നു. ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്‍റെ ലംഘനമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
ചരിത്രത്തിലാദ്യമായി അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം വനിതകളാണ് ഫലസ്തീൻ വംശജയായ റാഷിദ തായിബും സോമാലിയൻ വംശജയായ ഇൽഹാൻ ഒമറും. താലിബ് മിഷിഗണിൽ നിന്നും ഒമർ മിനിസോട്ടയിൽ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.