സുരക്ഷാ കാരണങ്ങളാൽ ചൈനീസ് ഡ്രോണുകളെ നിരോധിക്കാനൊരുങ്ങി യു.എസ്
text_fieldsവാഷിംങ്ടൺ: സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി യു.എസിൽ ചൈനീസ് ഡ്രോണുകൾക്ക് നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്തുന്ന പുതിയ നിയമങ്ങൾ പരിഗണിക്കുന്നതായി യു.എസ് വാണിജ്യ വകുപ്പ്. ചൈനീസ് ഡ്രോണുകൾക്കെതിരെ നിയമങ്ങൾ കൈകൊള്ളാനുള്ള തീരുമാനം ജനുവരി 20ന് അധികാരമേൽക്കുന്ന നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടം കൈകൊണ്ടേക്കും. യു.എസിലെ വാണിജ്യ ഡ്രോൺ വിൽപനയുടെ ഭൂരിഭാഗവും ചൈനയാണ് നടത്തുന്നത്.
ഡ്രോണുകളുടെ വിതരണ ശൃംഖല സംരക്ഷിക്കുന്നതിന് സാധ്യതയുള്ള നിയമങ്ങളെക്കുറിച്ച് മാർച്ച് 4നകം പൊതുജനാഭിപ്രായം തേടുന്നതായി വകുപ്പ് അറിയിച്ചു. ചൈനയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള ഭീഷണികൾ നിലനിൽക്കെ എതിരാളികൾക്ക് ഈ ഉപകരണങ്ങൾ വിദൂരത്തുനിന്ന് ആക്‌സസ് ചെയ്യാനും കൈകാര്യം ചെയ്യാനും കഴിഞ്ഞേക്കാമെന്ന് യു.എസ് വാദം.
യു.എസിൽ നിന്നുള്ള ചൈനീസ് വാഹനങ്ങൾ ഫലപ്രദമായി നിരോധിക്കുന്നതുപോലുള്ള നിയന്ത്രണങ്ങൾ ഡ്രോണുകൾക്കും ഏർപ്പെടുത്തുമെന്നും ചൈനീസ്-റഷ്യൻ ഉപകരണങ്ങൾ, ചിപ്പുകൾ, സോഫ്റ്റ്‌വെയർ എന്നിവയുള്ള ഡ്രോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കഴിഞ്ഞ സെപ്റ്റംബറിൽ വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ പറഞ്ഞിരുന്നു. ജനുവരി 20നകം ചൈനീസ് വാഹനങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കുമെന്നും നേരത്തെ യു.എസ് അറിയിച്ചിരുന്നു.
യു.എസിൽ പുതിയ ഡ്രോൺ മോഡലുകൾ വിൽക്കുന്നതിൽനിന്ന് ചൈന ആസ്ഥാനമായുള്ള ഡി.ജെ.ഐയെയും ഓട്ടോൽ റോബോട്ടിക്സിനെയും നിരോധിക്കുന്ന നിയമനിർമാണത്തിൽ പ്രസിഡൻ്റ് ജോ ബൈഡൻ കഴിഞ്ഞ മാസം ഒപ്പുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.