മുംബൈ ഭീകരാക്രമണം; തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറാൻ യു.എസ് കോടതിയുടെ അനുമതി
text_fieldsന്യൂയോർക്: 2008ലെ മുംബൈ ഭീകരാക്രമണത്തിൽ പ്രതിസ്ഥാനത്തുള്ള തഹാവ്വുർ റാണയെ ഇന്ത്യക്ക് കൈമാറാൻ യു.എസ് കോടതി അനുമതി. പാകിസ്താനിൽ വേരുകളുള്ള കാനഡക്കാരനായ ബിസിനസുകാരനാണ് റാണ. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കാൻ ഒരു മാസം മാത്രം ശേഷിക്കവെയാണ് ഇന്ത്യക്ക് അനുകൂലമായ തീരുമാനം. റാണയെ കൈമാറുന്നതു സംബന്ധിച്ച കാലിേഫാർണിയ ജില്ല കോടതിയുടെ 48 പേജുള്ള വിധി ബുധനാഴ്ചയാണ് പുറത്തുവിട്ടത്. 16നാണ് ഇതുസംബന്ധിച്ച വിധിയുണ്ടായത്. എല്ലാ അനുകൂല-എതിർ വാദങ്ങളും രേഖകളും പരിശോധിച്ചാണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി.
നിലവിൽ ലോസ് ആഞ്ജലസ് ഫെഡറൽ ലോക്കപ്പിലാണ് റാണ. വിധിക്കെതിരെ റാണക്ക് സർക്യൂട്ട് കോടതിയിൽ അപ്പീൽ നൽകാം. അപ്പീൽ കോടതി ജില്ല കോടതി തീരുമാനം അംഗീകരിക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുണ്ട്. റാണയുടെ കൈമാറ്റ സാധ്യത വിദേശകാര്യ സെക്രട്ടറിക്ക് പരിഗണിക്കാമെന്നാണ് കോടതി ഉത്തരവിലുള്ളത്. യു.എസ് നിയമപ്രകാരം വിദേശകാര്യ സെക്രട്ടറിക്കാണ് വിദേശങ്ങളിൽ കുറ്റകൃത്യം നടത്തിയവരുടെ കൈമാറ്റം സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അവകാശം.
റാണയുടെ കൈമാറ്റത്തിനായി 2020 ജൂണിൽ ഇന്ത്യ അപേക്ഷ നൽകിയിരുന്നു. ഇതിനോട് ബൈഡൻ ഭരണകൂടം അനുകൂല നിലപാടാണ് സ്വീകരിച്ചത്. റാണയെ ഇന്ത്യയിലെത്തിക്കുന്നത് വേഗത്തിലാക്കാൻ യു.എസ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. യു.എസ് കോടതിയുടെ വിധി വിലയിരുത്തിയതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.