കാട്ടുതീയിൽ ചാരമായി യു.എസിലെ ഹവായ് ദ്വീപുകൾ, മരണം 53; രക്ഷാപ്രവർത്തനം ഊർജിതം
text_fieldsഹവായ്: ലോകത്തിലെ സ്വപ്ന ഭൂമിയായി കാണുന്ന അമേരിക്കയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഹവായ് ദ്വീപുകളിലെ കാട്ടുതീയിൽ മരണം 53. നിരവധി പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. പതിനായിരത്തോളം പേർ ദ്വീപിൽ കുടുങ്ങി കിടക്കുകയാണ്. വീടുകൾ ഉൾപ്പെടെ 2000തോളം കെട്ടിടങ്ങൾ അഗ്നിക്കിരയായി.
മൂന്നു ദിവസമായി ദ്വീപിൽ വ്യാപിച്ച കാട്ടുതീയാണ് കനത്ത നാശം വിതച്ചത്. വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നു. പതിനായിരത്തോളം വിനോദ സഞ്ചാരികളെ മാറ്റിപ്പാർപ്പിച്ചു. സഞ്ചാരികളോട് ദ്വീപ് വിടാൻ നിർദേശം നൽകിയിട്ടുണ്ട്. യു.എസ് നാവികസേനയുടെയും തീരദേശ സംരക്ഷണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
മാവി കൗണ്ടിയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ലഹൈന പൂർണമായും കത്തി നശിച്ചു. പതിനായിരത്തോളം പേർ മാത്രം താമസിക്കുന്ന ചെറിയ പട്ടണമാണിത്. ആയിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.
മാവി കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ നാശം സംഭവിച്ചത്. കൂടാതെ, ബിഗ് ഐലൻഡിലും വ്യാപകമായ നാശനഷ്ടമുണ്ടായി. 1873ൽ ഇന്ത്യയിൽ നിന്നെത്തിച്ച് ഫ്രണ്ട് സ്ട്രീറ്റിൽ നട്ടുപിടിപ്പിച്ച വളരെ പഴക്കം ചെന്ന അരയാൽ മരവും അഗ്നിക്കിരയായി.
ഹവായിയിൽ രൂപം കൊണ്ട ഡോറ ചുഴലിക്കാറ്റാണ് ദ്വീപിൽ തീ ആളികത്തിച്ചത്. 80 ശതമാനം തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ദ്വീപിൽ അടിയന്തരവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
1961ൽ 61 പേരുടെ മരണത്തിന് ഇടയായ സുനാമിക്ക് ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് കാട്ടുതീ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.