'ഈ പരാജയം എല്ലാ അധിനിവേശക്കാർക്കുമുള്ള പാഠം' ; അഫ്ഗാനിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റം ആഘോഷിച്ച് താലിബാൻ
text_fieldsകാബൂൾ: തിങ്കളാഴ്ച യു.എസ് വ്യോമസേനയുടെ സി-17 വിമാനം അവസാന സൈനികനെയും വഹിച്ച് മടങ്ങിയെന്ന യു.എസ് സെൻട്രൽ കമാൻഡ് മേധാവി ജനറൽ ഫ്രാങ്ക് മക്കിൻസിന്‍റെ പ്രഖ്യാപനം ആഘോഷിച്ച് താലിബാൻ. നഗരത്തിൽ വെടിപൊട്ടിച്ചായിരുന്നു അർധരാത്രിക്കു ശേഷം പുലർച്ചെ വരെ നീണ്ട ആഘോഷം. ആഗസ്റ്റ് 31നകം എല്ലാ സൈനികരെയും പിൻവലിക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ നടത്തിയ പ്രഖ്യാപനമാണ് ഇതോടെ പൂർത്തീകരിച്ചത്.
''അഫ്ഗാനിസ്ഥാന് അഭിനന്ദനങ്ങൾ. ഈ വിജയം എല്ലാവർക്കുമുള്ളതാണ്. ഇത് അധിനിവേശം നടത്തുന്ന എല്ലാവർക്കുമുള്ള പാഠമാണ്. സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഒരു ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ നിലവിൽ വന്നിരിക്കുന്നു. അമേരിക്ക പരാജയപ്പെട്ടിരിക്കുന്നു. മിലിട്ടറി ഓപ്പറേഷനിലൂടെ താൽപര്യങ്ങൾ നേടിയെടുക്കാൻ അവർക്കായിട്ടില്ല. ഞങ്ങൾക്ക് ലോകരാജ്യങ്ങളുമായി മികച്ച ബന്ധം ആവശ്യമുണ്ട്. ഞങ്ങൾ ഈ സ്വാതന്ത്ര്യവും ഇസ്ലാമിക മൂല്യങ്ങളും സംരക്ഷിക്കും'' -താലിബാൻ വക്താവ് സബീനുല്ലാഹ് മുജാഹിദ് പ്രതികരിച്ചു.
കടുത്ത സുരക്ഷാ ഭീഷണിക്കിടെ അതിവേഗത്തിലായിരുന്നു യു.എസ് സൈന്യത്തിന്‍റെ ഒഴുപ്പിക്കൽ. കാബൂൾ വിമാനത്താവളത്തിലും പരിസരങ്ങളിലും രണ്ടു തവണ ആക്രമണം നടന്നു. നിരവധി പേർക്ക് ജീവൻ നഷ്ടമായി. എന്നിട്ടും പിന്മാറ്റം പൂർത്തിയാക്കാനായത് സന്തോഷകരമാണെന്ന് യു.എസ് പറയുന്നു.
അമേരിക്ക കാബൂൾ വിട്ടുമടങ്ങിയതോടെ കാബൂൾ വിമാനത്താവളത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാൻ താലിബാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. താലിബാൻ സർക്കാർ വക്താവ് സബീഹുല്ല മുജാഹിദും പട്ടാളവും വിമാനത്താവളത്തിൽ പ്രവേശിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവന്നിട്ടുണ്ട്. ഇവിടെ വെച്ച് കൂടുതൽ പ്രഖ്യാപനങ്ങൾ താലിബാൻ നടത്തുമെന്ന സൂചനയുമുണ്ട്. എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യമുള്ള ഇടക്കാല സർക്കാർ രൂപവത്കരിക്കുമെന്നാണ് താലിബാൻ പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.