തുർക്ക്മെനിസ്താനിലെ പാക് അംബാസഡർക്ക് അമേരിക്ക പ്രവേശനം നിഷേധിച്ചു
text_fieldsവാഷിങ്ടൺ: സാധുവായ വിസയും എല്ലാ യാത്രാ രേഖകളും ഉണ്ടായിട്ടും തുർക്ക്മെനിസ്താനിലെ പാകിസ്താൻ അംബാസഡറെ അമേരിക്ക തിരിച്ചയച്ചു. അവധിക്കാലം ആഘോഷിക്കാൻ ലോസ് ആഞ്ജലസിലേക്ക് പോകുമ്പോഴാണ് തുർക്ക്മെനിസ്താനിലെ പാകിസ്താൻ അംബാസഡർ കെ.കെ. അഹ്സാൻ വാഗനെ യു.എസ് അധികൃതർ തിരിച്ചയച്ചതെന്ന് ‘ദി ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു. യു.എസ് ഇമിഗ്രേഷൻ അധികൃതർ അദ്ദേഹത്തെ വിമാനത്താവളത്തിൽ തടഞ്ഞുവെക്കുകയും പിന്നീട് തിരിച്ചയക്കുകയുമായിരുന്നെന്ന് പാക് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ‘അംബാസഡർ കെ.കെ. അഹ്സാൻ വാഗനെ യു.എസിൽ നിന്ന് നാടുകടത്തി. അദ്ദേഹത്തിന് എമിഗ്രേഷൻ വകുപ്പിന്റെ എതിർപ്പ് ഉണ്ടായിരുന്നു’, പാകിസ്താൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു.
പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെയും സെക്രട്ടറി ആമിന ബലോച്ചിനെയും വിവരങ്ങൾ അറിയിച്ചതായും ഇദ്യോഗസ്ഥൻ പറഞ്ഞു. വിഷയം അന്വേഷിക്കാൻ പാകിസ്താൻ വിദേശകാര്യ മന്ത്രാലയം ലോസ് ആഞ്ജലസിലെ കോൺസുലേറ്റിന് നിർദേശം നൽകി. പരിചയസമ്പന്നനായ നയതന്ത്രജ്ഞനായ വാഗൻ തുർക്ക്മെനിസ്താനിലേക്കുള്ള സ്ഥാനപതിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് കാഠ്മണ്ഡുവിലെ പാകിസ്താൻ എംബസിയിൽ സെക്കൻഡ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. ലോസ് ആഞ്ജലസിലെ പാകിസ്താൻ കോൺസുലേറ്റിൽ ഡെപ്യൂട്ടി കോൺസൽ ജനറലായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും നയതന്ത്ര വിഷയങ്ങളുമായോ നിലവിലുള്ള പ്രശ്‌നങ്ങളുമായോ സംഭവത്തിന് ബന്ധമില്ലെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാഗന്റെ യു.എസിലെ ഭരണപരമായ പരാതികളാണ് അദ്ദേഹത്തിന് പ്രവേശനം നിഷേധിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.