ഇറാന്റെ എണ്ണ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയാൽ പിന്തുണക്കണമോ എന്നത് ചർച്ച ചെയ്യുന്നതായി ബൈഡൻ
text_fieldsവാഷിംങ്ടൺ: ഇറാന്റെ എണ്ണ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തുന്നപക്ഷം അതിനെ പിന്തുണക്കണമോ വേണ്ടയോ എന്ന കാര്യം തങ്ങൾ ചർച്ച ചെയ്യുകയാണെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. ചൊവ്വാഴ്ച ഇറാൻ നടത്തിയ ഏറ്റവും വലിയ ആക്രമണത്തിന് പ്രതികാരമായി ഇറാന്റെ എണ്ണ കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമിക്കുകയാണെങ്കിൽ അതിനെ പിന്തുണക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ഞങ്ങൾ അക്കാര്യം ചർച്ച ചെയ്യുകയാണെ’ന്നായിരുന്ന ബൈഡന്റെ മറുപടി. എന്നാൽ, ‘ഇപ്പോൾ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തുന്ന ഒരു ആക്രമണത്തെയും പിന്തുണക്കില്ലെന്നും’ യു.എസ് പ്രസിഡന്‍റ് പറഞ്ഞു.
ബൈഡന്റെ അഭിപ്രായം ആഗോള എണ്ണവിലയിലെ കുതിച്ചുചാട്ടത്തിന് കാരണമായി. പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന പിരിമുറുക്കം എണ്ണവിതരണ ശൃംഖലയിൽ ഉണ്ടാക്കാവുന്ന തടസ്സങ്ങളെക്കുറിച്ച് വ്യാപാരികളെ ആശങ്കയിലാഴ്ത്തി.
തിരിച്ചടിക്കാൻ തന്റെ രാജ്യത്തിന് ‘ധാരാളം ഓപ്ഷനുകൾ’ ഉണ്ടെന്നും തങ്ങളുടെ ശക്തി ഇറാനെ ‘ഉടൻ’ കാണിക്കുമെന്നും ഇസ്രായേലിന്റെ യു.എൻ അംബാസഡർ ഡാനി ഡാനൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാനോട് എങ്ങനെ പ്രതികരിക്കണമെന്ന് ഇസ്രായേൽ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കരുതുന്നതായി ഒരു യു.എസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പായ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ ബെയ്റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയ വ്യാഴാഴ്ച അർധരാത്രിയോടെ വീണ്ടും ഇസ്രായേൽ ആക്രമണത്തിന് വിധേയമാക്കി. ഈ ഭാഗങ്ങളിലെ ആളുകളോട് വീടുവിട്ടിറങ്ങാൻ ഇസ്രായേൽ ഉത്തരവിട്ടതായി താമസക്കാരും സുരക്ഷാ വൃത്തങ്ങളും അറിയിച്ചു. കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റുല്ലയുടെ പിൻഗാമിയായ ഹാഷിം സൈഫിദ്ദീനെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണമെന്നും റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.