യു.എസ് തെരഞ്ഞെടുപ്പ്: ട്രംപ് വൈറ്റ് ഹൗസിന്‍റെ 'ഒഴിയാ ബാധയാവുമോ'
text_fieldsവാഷിങ്ടൺ: തെരഞ്ഞെടുപ്പിൽ ബൈഡന്‍റെ വിജയം അംഗീകരിക്കാതെ ട്രംപ് നീങ്ങുന്നതിനിടെ വൈറ്റ് ഹൗസ് പിടിച്ചെടുക്കാനുള്ള തയ്യാറെടുപ്പുമായി ഡെമോക്രാറ്റുകൾ. പുതിയ പ്രസിഡന്‍റിന് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഓഫീസും പണവും അനുവദിക്കുന്നതിന് വൈറ്റ് ഹൗസ് അധികൃതർ ഒരുക്കമാവാത്തതിനിടെയാണ് ഈ നീക്കമെന്നാണ് സൂചന.
ഓഫീസിന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഔദ്യോഗിക മെയില്‍ ഐഡികളും ലഭിക്കേണ്ടതുണ്ട്. ഇവയൊന്നും നല്‍കാന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. ഭരണം ഒഴിയുന്നതിനുള്ള സുപ്രധാന രേഖകളില്‍ ട്രംപ് ഭരണകൂടം ഒപ്പിടാന്‍ തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു.
നിലവിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പുതിയ പ്രസിഡന്‍റിന് സമാധാനപരമായി അധികാരം കൈമാറണമെന്നാണ് നിയമം. ജനുവരി 20 വരെയാണ് ട്രംപിന്‍റെ ഭരണ കാലാവധി. എന്നാൽ ബൈഡന്‍റെ വിജയം തള്ളിക്കളയുന്ന നിലപാടാണ് ഇതുവരെ വൈറ്റ് ഹൗസ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് നിർദേശങ്ങൾ സമർപ്പിക്കണമെന്ന ആവശ്യവുമായി വൈറ്റ് ഹൗസ് മുന്നോട്ടുപോവുകയാണ്. ഫെബ്രുവരി മാസം ബജറ്റ് അവതരിപ്പിക്കണമെന്നും 2022 വരെയുള്ള ചെലവുകൾ ഉൾകൊള്ളിക്കണമെന്നും നിർദേശം നൽകയതായി വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
അതേസമയം കോവിഡ് പ്രതിരോധം, സാമ്പത്തിക പുനരുജ്ജീവനം തുടങ്ങിയവക്ക് ഊന്നൽ നൽകിയുള്ളബൈഡന്‍റെ പുതിയ പദ്ധതി പ്രഖ്യാപനം നടക്കാനിരിക്കെയാണിത്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോവിഡ് പ്രതിരോധത്തിന് മുൻഗണന നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
പിന്നാലെ 12 അംഗ കോവിഡ് പ്രതിരോധ കർമസമിതിക്ക് ബൈഡനും വൈസ് പ്രസിഡന്‍റ് കമല ഹാരിസും രൂപം നൽകിയിരുന്നു. കർണാടകയിലെ മാണ്ഡ്യ മദ്ദൂരിലെ ഹള്ളിഗെരെയിൽ വേരുകളുള്ള മുൻ സർജൻ ജനറൽ വിവേക് മൂർത്തി, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മിഷണർ ഡേവിഡ‍് കെസ്‌ലർ, യേൽ സർവകലാശാല അസിസ്റ്റന്‍റ് പ്രഫസർ മാർസല ന്യുനസ് സ്മിത്ത് എന്നിവർ അധ്യക്ഷരായുള്ള ഉപദേശക സമിതി കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. ട്രംപ് ഒഴിവാക്കിയ വിദഗ്ധൻ ഡോ. ആന്‍റണി ഫൗച്ചിയുമായി കൂടിക്കാഴ്ച നടത്തുമെന്നു ബൈഡൻ നേരത്തേ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.