ഇൽഹാൻ ഉമറിനും റാഷിദ തലൈബിനും വിജയം
text_fieldsഅമേരിക്കൻ കോൺഗ്രസിലെ ആദ്യ രണ്ട് മുസ്ലിം വനിതകളായ ഇൽഹാൻ ഉമറിനും റാഷിദ തലൈബിനും വിജയം. സോമാലി വംശജയായ ഇൽഹാന്റെ മൂന്നാമൂഴമാണിത്. മിനിസോടയിൽനിന്ന് 75 ശതമാനം വോട്ടുകൾ നേടിയാണ് അവരുടെ വിജയം. ഫലസ്തീൻ വംശജയായ റാഷിദ മിഷിഗനിൽനിന്നാണ് നാലാമതും വിജയിച്ചിരിക്കുന്നത്.
ട്രംപിനെതിരെ കോൺഗ്രസിൽ ശക്തമായ പോരാട്ടം നടത്തിയ വനിതകളായിരുന്നു ഇരുവരും. ട്രംപിന്റെ വംശീയ പരാമർശങ്ങൾക്കും ഇരുവരും പലപ്പോഴായി ഇരയായിട്ടുണ്ട്. കുടിയേറ്റക്കാർക്കും അഭയാർഥിക്കുമായി കോൺഗ്രസിൽ ശബ്ദിച്ച ഇൽഹാനും റാഷിദയും അമേരിക്കയുടെ ഗസ്സ നയത്തിൽ ഡെമോക്രാറ്റിക് പാർട്ടിക്കകത്തുതന്നെ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയിരുന്നു. മിഷിഗനിൽ കമല ഹാരിസ് പരാജയപ്പെട്ടിടത്താണ് റാഷിദയുടെ വിജയമെന്നതും ശ്രദ്ധേയമാണ്.
ഉഷ വാൻസ്: സെക്കൻഡ് ലേഡി ഇന്ത്യൻ വംശജ
യു.എസ് തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിനുമുമ്പ് ഫ്ലോറിഡയിലെ പാം ബീച്ച് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ട്രംപ് ആദ്യമായി നന്ദി രേഖപ്പെടുത്തിയത് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും ഇന്ത്യൻ വംശജയായ ഭാര്യ ഉഷ വാൻസിനുമായിരുന്നു. ട്രംപിന്റെ പ്രതികരണത്തെ കൈയടികളോട് കൂടിയാണ് ജനങ്ങൾ വരവേറ്റത്.
യു.എസിന്റെ പ്രസിഡന്റായി ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടുമ്പോൾ ഇപ്പോൾ കണ്ണുകളെല്ലാം ഉഷ വാൻസ് എന്ന ഇന്ത്യൻ വംശജയിലാണ്. യാലെ യൂനിവേഴ്സിറ്റിയിൽ നിന്നും നിയമത്തിൽ ബിരുദം നേടിയ ഉഷ യു.എസ് ചരിത്രത്തിലെ ഇന്ത്യൻ വംശജയായ ആദ്യ സെക്കൻഡ് ലേഡി എന്ന പദവി നേടിക്കൊണ്ടാണ് ചരിത്രം കുറിക്കുന്നത്.
ഇന്ത്യയിൽ ഉഷയുടെ വേരുകളുള്ളത് ആന്ധ്രപ്രദേശിലാണ്. ഇന്ത്യൻ സംസ്കാരവുമായി ബന്ധം പുലർത്തുന്ന അവർക്ക് അമേരിക്കൻ രാഷ്ട്രീയത്തിൽ കൃത്യമായ നിലപാടുണ്ട്. കടുത്ത മതവിശ്വാസി കൂടിയാണ് ഉഷ വാൻസ്.
കുടിയേറ്റക്കാരായ രക്ഷിതാക്കളുടെ മകളായി 1986ൽ സാൻ ഡിയാഗോയിലാണ് ഉഷ വാൻസ് ജനിച്ചത്. അപ്പർ മിഡിൽ ക്ലാസ് ഫാമിലിയിലായിരുന്നു ജനനം. സാൻഫ്രാൻസിസ്കോയിലെ കോർപറേറ്റ് കമ്പനിയിലും അവർ ജോലി ചെയ്തിരുന്നു. ചരിത്രത്തിലും അവർ ബിരുദം നേടിയിട്ടുണ്ട്. തത്ത്വശാസ്ത്രത്തിൽ കാംബ്രിജ് യൂനിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
സുപ്രീംകോടതി ജഡ്ജിമാരുടെ ക്ലർക്കായി പ്രവർത്തിച്ച അവർ നിയമവുമായി ബന്ധപ്പെട്ട ഒരു മാസികയിലും ജോലി നോക്കിയിരുന്നു. യാലെ യൂനിവേഴ്സിറ്റിയിലെ പഠനത്തിനിടെയാണ് ഉഷ ഭർത്താവായ ജെ.ഡി. വാൻസിനെ കണ്ടുമുട്ടുന്നത്. 2014ലാണ് ഇരുവരും വിവാഹിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.