യു.എസ് തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളിൽ ട്രംപ് മുന്നേറ്റം; 162 ഇലക്ടറൽ വോട്ടുകൾ നേടി
text_fieldsവാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് മുന്നേറ്റം. 162 ഇലക്ടറൽ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയത്.
ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസ് 62 ഇലക്ടറൽ വോട്ടുകൾ നേടി. ഫലമറിഞ്ഞ 22 സംസ്ഥാനങ്ങളിൽ 14 ഇടത്തും ട്രംപ് വിജയിച്ചു. ഓക്ലഹോമ, അര്‍കന്‍സാസ്, മിസിസിപ്പി, അലബാമ, ഫ്ലോറിഡ, സൗത്ത് കരോലിന, ടെന്നസീ, കെന്റകി, ഇന്ത്യാന, വെസ്റ്റ് വെര്‍ജീനിയ, നോര്‍ത്ത് ഡെക്കോട്ട, വ്യോമിങ്, സൗത്ത് ഡെക്കോട്ട, ലൗസിയാന എന്നിവിടങ്ങളിലാണ് ട്രംപ് വിജയിച്ചത്. ഇല്ലിനോയിസ്, മേരിലാന്‍ഡ്, ന്യൂജേഴ്‌സി, ഡെലാവെയര്‍, റോഡ് ഐലന്‍ഡ്, കണക്ടിക്കട്, മസാച്യുറ്റസ്, വെര്‍മൗണ്ട് ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിൽ കമല ജയിച്ചു.
നിലവിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളുടെ ഫലങ്ങളാണ് പുറത്തുവന്നത്. സ്വിങ് സ്റ്റേറ്റുകളിലെ ഫലമായിരിക്കും പ്രസിഡന്റ് ആരെന്ന് തീരുമാനിക്കുക. ആരോട് ആഭിമുഖ്യം എന്നു വ്യക്തമാക്കാതെ ചാഞ്ചാടുന്ന 7 സംസ്ഥാനങ്ങളിലും (സ്വിങ് സ്റ്റേറ്റ്സ്) കമലയും ട്രംപും ഒപ്പത്തിനൊപ്പമാണെന്നാണ് സർവേകൾ പറയുന്നത്. അരിസോന, നെവാഡ, ജോർജിയ, നോർത്ത് കാരോലൈന, പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവയാണ് സ്വിങ് സ്റ്റേറ്റ്സ്. ആകെയുള്ള 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 270 എണ്ണം സ്വന്തമായാൽ കേവല ഭൂരിപക്ഷമാകും. 2025 ജനുവരി ആറിനാണ് ഔദ്യോഗികമായി ഫലപ്രഖ്യാപിക്കുക.
തെരഞ്ഞെടുപ്പിന് മുന്നോടിയായി 47 സംസ്ഥാനങ്ങളിലായി 7.8 കോടി വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പു ദിവസത്തിനു മുമ്പുതന്നെ രേഖപ്പെടുത്തുന്ന ഈ വോട്ടുകൾ ചില സൂചനകൾ നൽകുമെങ്കിലും ഫലം പ്രവചനാതീതമെന്നാണ് സി.എൻ.എൻ കരുതുന്നത്. അടുത്തകാലത്തായി നടന്ന 10 തെരഞ്ഞെടുപ്പുകളിൽ ഒമ്പതിന്റെയും ഫലം ശരിയായി പ്രവചിച്ച രാഷ്ട്രീയ നിരീക്ഷകനും ചരിത്രകാരനുമായ അല്ലൻ ലിച്ച്മാൻ ജയം പ്രവചിക്കുന്നത് കമലക്കാണ്.
ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന ചിത്രങ്ങൾ ആശങ്കയുണർത്തുന്നുവെങ്കിലും മാർക്കറ്റുകൾ ഉറ്റുനോക്കുന്നത് ട്രംപിന്റെ വിജയത്തിലേക്കാണ്. ലാസ് വെഗാസ് അടങ്ങുന്ന വാതുവെപ്പ് കേന്ദ്രങ്ങളും മാർക്കറ്റുകളും ട്രംപിന്റെ വിജയം പ്രവചിക്കുന്നു. ട്രംപിനെ പിന്തുണക്കുന്ന ഫോക്സ് ടി.വി ഈ പ്രവചനങ്ങൾ ശരിവെക്കുന്നു.എന്നാൽ, മാർക്കറ്റ് ശക്തികൾ അവരാഗ്രഹിക്കുന്ന ഫലം പ്രവചിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. അതുകൊണ്ടുതന്നെ കമല ജയിക്കണമെന്നാഗ്രഹിക്കുന്നവർ അവരുടെ പ്രവചനങ്ങൾ തള്ളിക്കളയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.