റഷ്യൻ വ്യോമാക്രമണ മുന്നറിയിപ്പ്; കീവിലെ യു.എസ് എംബസി അടച്ചുപൂട്ടി
text_fieldsകീവ്: റഷ്യൻ വ്യോമാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് യുക്രെയ്ൻ തലസ്ഥാനമായ കീവിലെ യു.എസ് എംബസി അടച്ചുപൂട്ടി. എംബസി ജീവനക്കാർക്ക് സുരക്ഷിതമായ സ്ഥലത്ത് അഭയം പ്രാപിക്കാൻ നിർദേശം നൽകി. കൂടാതെ കീവിലെ യു.എസ് പൗരന്മാർ എയർ അലർട്ട് ഉണ്ടായാൽ ഉടൻ അഭയം പ്രാപിക്കാൻ തയ്യാറാകണമെന്നും എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
റഷ്യൻ വ്യോമാക്രമണങ്ങൾ യുക്രെയ്നിൽ സാധാരണ സംഭവമായി മാറിയിട്ടുണ്ടെങ്കിലും മുന്നറിയിപ്പ് അസാധാരണമായിരുന്നു. യുക്രേനിയൻ ആക്രമണത്തിൽ യു.എസ് നിർമിത ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചതായി മോസ്കോ പുറത്തുവിട്ടതിനു പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങൾ.
പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്നെ റഷ്യയെ ആക്രമിക്കാൻ അനുവദിക്കുകയാണെങ്കിൽ അതിന്റെ അർഥം നാറ്റോ രാജ്യങ്ങളും യു.എസും യൂറോപ്യൻ രാജ്യങ്ങളും റഷ്യയുമായി യുദ്ധത്തിലാണെന്നാണെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിൻ പറഞ്ഞിരുന്നു. അങ്ങനെയാണെങ്കിൽ തങ്ങൾക്ക് നേരെ ഉയരുന്ന ഭീഷണികളെ അടിസ്ഥാനമാക്കി ഉചിതമായ തീരുമാനങ്ങൾ എടുക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യ യുക്രെയ്നു നേരെ അടുത്തിടെ വ്യോമാക്രമണം വർധിപ്പിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.