അഫ്ഗാനിലെ അമേരിക്കൻ പ്രതിനിധി സൽമയ് ഖലീൽസാദ് രാജിവച്ചു
text_fieldsവാഷിങ്ടൺ: അഫ്ഗാനിസ്താനിലെ അമേരിക്കൻ പ്രതിനിധി സൽമയ് ഖലീൽസാദ് രാജിവച്ചു. അഫ്ഗാനിൽ താലിബാൻ അധികാരം പിടിക്കുന്നത് തടയുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് രാജി നൽകിയത്. അഫ്ഗാനിലെ അമേരിക്കൻ സൈനിക ഇടപെടൽ അവസാനിപ്പിക്കാൻ താലിബാനും യു.എസും തമ്മിലുള്ള ഏർപ്പെട്ട കരാറിന് മധ്യസ്ഥം വഹിച്ചത് ഖലീൽസാദ് ആയിരുന്നു.
പുതിയ സാഹചര്യത്തിൽ അമേരിക്കയുടെ അഫ്ഗാനിസ്ഥാൻ നയത്തിൽ മാറ്റം വേണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന് അയച്ച രാജിക്കത്തിൽ സൽമയ് ഖലീൽസാദ് ചൂണ്ടിക്കാട്ടി. അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള രാഷ്ട്രീയ ക്രമീകരണം ലക്ഷ്യമിട്ടത് പോലെ മുന്നോട്ട് പോയില്ല. ഇതിന്‍റെ കാരണങ്ങൾ വളരെ സങ്കീർണമാണെന്നും വരും ദിവസങ്ങളൽ തന്‍റെ ചിന്തകൾ പങ്കുവക്കുമെന്നും സൽമയ് ഖലീൽസാദ് വ്യക്തമാക്കി.
70കാരനായ സൽമയ് ഖലീൽസാദ് അഫ്ഗാനിസ്താനിലാണ് ജനിച്ചത്. അമേരിക്കൻ നയതന്ത്രജ്ഞനായ അദ്ദേഹം മുൻ പ്രസിഡന്‍റ് ജോർജ് ഡബ്ല്യു. ബുഷിന്‍റെ കീഴിൽ ഉയർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നു. കാബൂൾ, ബാഗ്ദാദ്, ഐക്യരാഷ്ട്രസഭ എന്നിവിടങ്ങളിൽ യു.എസ് നയതന്ത്ര പ്രതിനിധിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.