ശ്രീലങ്കയിൽ പ്രതിഷേധക്കാർക്കെതിരെയുള്ള അടിച്ചമർത്തലിൽ ആശങ്ക രേഖപ്പെടുത്തി യു.എസ്
text_fieldsകൊളംബോ: ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭക്കാർക്ക് നേരെ സുരക്ഷ സേന നടത്തിയ അടിച്ചമർത്തലുകളെ യു.എസ് വെള്ളിയാഴ്ച അപലപിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് റനിൽ വിക്രമസിംഗയെ നേരിൽ കാണുകയും രാജ്യത്ത് വർധിച്ച് വരുന്ന അക്രമങ്ങളിൽ യു.എസ് അധികൃതർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
ഒറ്റരാത്രി കൊണ്ട് പ്രതിഷേധക്കാർക്ക് നേരെ നടന്ന അക്രമണത്തിൽ ആശങ്കയുള്ളതായി പ്രസിഡന്‍റിനെ നേരിൽ കണ്ട് യു.എസ് അംബാസഡർ ജൂലി ചുങ് പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കാൻ പ്രസിഡന്‍റിനും മന്ത്രിസഭക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇത് പൗരൻമാരെ അടിച്ചമർത്താനുള്ള സമയമല്ല. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനും സ്ഥിരത പുനഃസ്ഥാപിക്കുന്നതിനും സമ്പദ്‌വ്യവസ്ഥ പുനർനിർമ്മിക്കുന്നതിനുമുള്ള സമയമാണിത്. അതിനായി ഉചിതമായ നടപടികൾ സർക്കാർ സ്വീകരിക്കണം"- യു.എസ് അംബാസഡർ പറഞ്ഞു.
പ്രസിഡന്‍റ് സെക്രട്ടേറിയേറ്റിൽ തമ്പടിച്ച സമരക്കാരിൽ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റനിൽ വിക്രമസിംഗെ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭക്കാരെ ഒഴിപ്പിക്കാനുള്ള തീരുമാനം.
അർധരാത്രി സുരക്ഷസേന നടത്തിയ ഓപ്പറേഷനിൽ പ്രതിഷേധക്കാരെ മുഴുവനായി നീക്കം ചെയ്തു. സുരക്ഷ സേന നടത്തിയ നടപടിക്കിടെ രണ്ട് അഭിഭാഷകരും ആക്രമിക്കപ്പെട്ടതായി ശ്രീലങ്കൻ ബാർ അസോസിയേഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.