അനധികൃത ഇന്ത്യക്കാരെ തിരിച്ചയക്കാൻ ചാർട്ടേഡ് വിമാനം പറത്തി യു.എസ്
text_fieldsവാഷിങ്ടൺ: അനധികൃതമായി രാജ്യത്ത് തങ്ങുന്ന ഇന്ത്യൻ പൗരന്മാരെ യു.എസ് നാടുകടത്താൻ തുടങ്ങിയതായി റിപ്പോർട്ട്. ചാർട്ടേഡ് വിമാനം ഉപയോഗിച്ചാണ് നാടുകടത്തൽ.
ഇന്ത്യൻ സർക്കാറുമായി സഹകരിച്ചാണിതെന്ന് ആഭ്യന്തര സുരക്ഷ വകുപ്പ് അറിയിച്ചു. വിമാനം ഒക്ടോബർ 22ന് ഇന്ത്യയിലേക്ക് അയച്ചതായും വ്യക്തമാക്കി. ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പാക്കുന്നത് യു.എസ് തുടരുകയാണെന്നും നിയമവിരുദ്ധമായി പ്രവേശിക്കുകയും അത്തരം മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവർക്ക് കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും പ്രസ്താവനയിൽ പറയുന്നു. അമേരിക്കയിൽ തുടരാൻ നിയമപരമായ യോഗ്യതയില്ലാത്ത ഇന്ത്യൻ പൗരന്മാരെ ഉടൻ തിരിച്ചയക്കും. കുടിയേറ്റക്കാർ മനുഷ്യക്കടത്തുകാരുടെ തട്ടിപ്പുകളിൽ വീഴരുതെന്നും ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതലകൾ നിർവഹിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ ക്രിസ്റ്റി എ കനേഗല്ലോ പറഞ്ഞു.
2024 ജൂൺ മുതൽ അതിർത്തി സുരക്ഷ സംബന്ധിച്ച് പ്രസിഡന്റിന്റെ പ്രഖ്യാപനവും അതിനൊപ്പം ഇടക്കാല അന്തിമ നിയമവും പ്രാബല്യത്തിൽ വന്നതോടെ, യു.എസിന്റെ തെക്കുപടിഞ്ഞാറൻ അതിർത്തിയിലെ പ്രവേശന കവാടങ്ങളിലുള്ള ഏറ്റുമുട്ടലുകൾ 55 ശതമാനം കുറഞ്ഞതായി പറയുന്നു. 2024 സാമ്പത്തിക വർഷത്തിൽ 1.60 ലക്ഷത്തിലധികം നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയച്ചു. 495ലധികം അന്തർദേശീയ വിമാനങ്ങളിലാണ് ഇന്ത്യ ഉൾപ്പെടെ 145 ലധികം രാജ്യങ്ങളിലേക്ക് ഇവരെ തിരിച്ചയച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ വർഷം ഓരോ മണിക്കൂറിലും 10 ഇന്ത്യക്കാർ എന്ന തോതിൽ അനധികൃതമായി യു.എസിലേക്ക് കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് അറസ്റ്റിലായെന്നും കാനഡയാണ് അവർ ഉപയോഗിക്കുന്ന വഴിയെന്നും യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പുറത്തുവിട്ട രേഖകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.