ആഗസ്റ്റ് 31നകം അഫ്ഗാൻ വിടാൻ ഉറപ്പിച്ച് യു.എസ് സൈന്യം; ബൈഡന്‍റെ തീരുമാനത്തിൽ അണികൾക്ക് അമ്പരപ്പ്
text_fieldsന്യൂയോർക്: സമ്മർദങ്ങൾക്കിടയിലും ആഗസ്റ്റ് 31നകം മുഴുവൻ സൈനികരെയും അഫ്ഗാനിൽനിന്ന് പിൻവലിക്കുമെന്ന യു.എസ് പ്രസിഡൻറ് ജോ ബൈഡെൻറ പ്രഖ്യാപനം സഖ്യരാജ്യങ്ങൾക്ക് അമ്പരപ്പായി. 31നകം ആളുകളെ മുഴുവൻ ഒഴിപ്പിക്കാൻ സാധ്യമല്ലെന്നിരിക്കെ, സൈന്യത്തെ പിൻവലിക്കുന്നത് നീട്ടണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജി7 ഉച്ചകോടിയിൽ ബൈഡനുമേൽ സമ്മർദം ചെലുത്തിയിരുന്നു.
എന്നാൽ, രാജ്യം വിടണമെന്ന താലിബാെൻറ അന്ത്യശാസനം കണക്കിലെടുത്ത് ബൈഡൻ തീരുമാനത്തിൽ ഉറച്ചുനിന്നു. അഫ്ഗാനിലെ നിലവിലെ സ്ഥിതിക്ക് ഉത്തരവാദികളായ യു.എസ് പിന്മാറുന്നത് യൂറോപ്പിനെയും ബാധിക്കുമെന്ന് മുതിർന്ന യൂറോപ്യൻ വക്താവ് വ്യക്തമാക്കി. ഒരു ദശകം മുമ്പ് അൽഖാഇദ തലവൻ ഉസാമ ബിൻ ലാദിനെ വധിച്ചപ്പോൾതന്നെ തെൻറ രാജ്യത്തിെൻറ ഭീകരവിരുദ്ധ പോരാട്ടം പൂർത്തിയായിക്കഴിഞ്ഞെന്നാണ് ബൈഡെൻറ വാദം. അതിനിടെ,താലിബാൻ നിയന്ത്രണമേറ്റെടുത്തതോടെ അഫ്ഗാനിൽ നിന്നുണ്ടായേക്കാവുന്ന ഭീഷണികൾ നേരിടാൻ റഷ്യയും ചൈനയും ധാരണയിലെത്തി. അഫ്ഗാനിൽ ഒരുകോടി കുട്ടികൾ മാനുഷിക ദുരിതത്തിെൻറ വക്കിലെന്ന് യുനിസെഫിെൻറ മുന്നറിയിപ്പുനൽകി.
അഫ്ഗാനെ മറ്റു രാജ്യങ്ങളിൽനിന്ന് ബന്തവസ്സാക്കരുത് –ബ്രിട്ടൻ
ലണ്ടൻ:മറ്റു രാജ്യങ്ങളിൽനിന്ന് അഫ്ഗാനിസ്താനെ സ്വയം ബന്തവസ്സാക്കാനുള്ള നീക്കത്തിൽനിന്ന് താലിബാൻ പിന്മാറണമെന്ന് മുന്നറിയിപ്പ് നൽകിയ ബ്രിട്ടൻ അതിർത്തികൾ തുറന്നിടണമെന്നും ആവശ്യപ്പെട്ടു. ആഗസ്റ്റ് 31ഓടെ വിദേശസൈന്യം പിൻവാങ്ങുന്നതോടെ രാജ്യം അടച്ചുപൂട്ടാനുള്ള താലിബാെൻറ തീരുമാനം അഭയാർഥിദുരന്തത്തിനിടയാക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റഅബ് അഭിപ്രായപ്പെട്ടു.
24 മണിക്കൂറിനിടെ 2000 ആളുകളെക്കൂടി അഫ്ഗാനിൽനിന്ന് ബ്രിട്ടൻ ഒഴിപ്പിച്ചു. ഇതോടെ ആഗസ്റ്റ് 15നുേശഷം അഫ്ഗാനിൽനിന്ന് 9000 ആളുകൾ ബ്രിട്ടനിലെത്തി.
അഫ്ഗാനിൽനിന്ന് ആദ്യ സംഘം മെക്സികോയിൽ
മെക്സികോ സിറ്റി: അഞ്ചംഗ പെൺ റോബോട്ടിക് സംഘവും നൂറിലേറെ മാധ്യമപ്രവർത്തകരും അഫ്ഗാനിൽനിന്ന് മെക്സികോയിലെത്തി. രാജ്യത്തെത്തിയ അഫ്ഗാനികൾക്ക് ഊഷ്മള സ്വീകരണം നൽകിയതായി മെക്സിക്കൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മാർത്ത ദെൽഗാദോ അറിയിച്ചു. റോബോട്ടിക് ടീമംഗങ്ങൾക്ക് അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.
അഫ്ഗാനിൽ കോവിഡ് പടർന്നുപിടിക്കുേമ്പാൾ കുറഞ്ഞ ചെലവിൽ വെൻറിലേറ്റർ സംവിധാനവും ഇവർ ഒരുക്കി ശ്രദ്ധനേടിയിരുന്നു. അഫ്ഗാനിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സഹായം തുടരുമെന്നും മെക്സികോ വ്യക്തമാക്കി. റോബോട്ടിക് സംഘത്തിലെ അവശേഷിക്കുന്നവർ ദിവസങ്ങൾക്കുമുമ്പ് ഖത്തറിലെത്തിയിരുന്നു. ബൾഗേറിയ 70അഫ്ഗാൻ അഭയാർഥികളെ സ്വീകരിച്ചു.
അഫ്ഗാനിൽ ബാങ്കുകൾ തുറന്നു
കാബൂൾ: അഫ്ഗാനിൽ ഒരാഴ്ചയിലേറെയായി അടച്ച ബാങ്കുകൾ തുറന്നതോടെ പണമെടുക്കാനായി ആയിരങ്ങളാണ് എത്തിയത്. ആഗസ്റ്റ് 15ന് ഉച്ചയോടു കൂടിയാണ് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾ അടച്ചത്. അന്നാണ് മുൻ പ്രസിഡൻറ് അഷ്റഫ് ഗനി രാജ്യത്തുനിന്ന് പലായനം ചെയ്തതും.
ഫെഡറൽ റിസർവ് അഫ്ഗാൻ സെൻട്രൽ ബാങ്കിനു നൽകിയ 700 കോടി ഡോളറിെൻറ സഹായം യു.എസ് റദ്ദാക്കാൻ തീരുമാനിച്ചതോടെ ബാങ്കുകൾ തുറക്കുന്ന നടപടിയും വൈകി.
കോടിക്കണക്കിന് ഡോളറിെൻറ ധനസഹായം ലോകബാങ്കും മരവിപ്പിച്ചു. താലിബാൻ രാജ്യത്തിെൻറ നിയന്ത്രണം ഏറ്റെടുക്കുമെന്ന് കണ്ട് ദിവസങ്ങൾക്കു മുമ്പുതന്നെ ജനങ്ങൾ എ.ടി.എമ്മുകൾ വഴി പണം പിൻവലിക്കാൻ തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.