യുക്രെയ്നെ റഷ്യ ആക്രമിച്ചാൽ ഉപരോധമേർപ്പെടുത്തേണ്ട പ്രമുഖരുടെ പട്ടിക തയാറാക്കി യു.എസ്
text_fieldsവാഷിങ്ടൺ ഡി.സി: യുക്രെയ്നെ റഷ്യ ആക്രമിക്കുകയാണെങ്കിൽ ഉപരോധമേർപ്പെടുത്തേണ്ട റഷ്യൻ പ്രമുഖരുടെ പട്ടിക തയാറാക്കി യു.എസ് അധികൃതർ. ആക്രമണത്തിനാണ് ഉദ്ദേശ്യമെങ്കിൽ കടുത്ത ഉപരോധമുൾപ്പെടെ നടപടികൾ നേരിടേണ്ടിവരുമെന്ന് റഷ്യക്ക് യു.എസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യുക്രെയ്ൻ അതിർത്തികളിൽ റഷ്യ സൈനിക വിന്യാസം തുടരുന്ന സാഹചര്യത്തിലാണ് നടപടി.
ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസുകാർ തുടങ്ങിയവരുടെ പട്ടികയാണ് യു.എസ് തയാറാക്കിയത്. ഇവരുടെ കുടുംബാംഗങ്ങൾക്കും ഉപരോധം ബാധകമാക്കും. റഷ്യയെ സമ്മർദത്തിലാക്കി യുക്രെയ്നിലേക്കുള്ള സൈനികനീക്കം ഒഴിവാക്കുകയാണ് യു.എസ് ലക്ഷ്യമിടുന്നത്.
യു.എസ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഉപരോധങ്ങൾ കടുത്ത പണപ്പെരുപ്പത്തിനും ഓഹരി വിപണി തകർച്ചയ്ക്കും വഴിയൊരുക്കുമെന്നാണ് വിദഗ്ധരുടെ അവലോകനം. റഷ്യയിലെ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കുന്ന തരത്തിലാണ് യു.എസ് ഉപരോധത്തിന് തയാറെടുക്കുന്നത്. ആഗോള സാമ്പത്തിക ഘടനക്കും, പ്രത്യേകിച്ച് യൂറോപ്പിന്, കനത്ത ആഘാതമാവും ഉപരോധം പ്രഖ്യാപിച്ചാലുണ്ടാവുക.
റഷ്യൻ സൈനികവിന്യാസത്തിന്‍റെ പശ്ചാത്തലത്തിൽ യൂറോപ്പിൽ നാറ്റോ സൈനികവിന്യാസം ശക്തിപ്പെടുത്തി. സൈനികരുടെ എണ്ണം വർധിപ്പിച്ചതിനു പുറമെ കൂടുതലായി യുദ്ധവിമാനങ്ങളും കപ്പലുകളും എത്തിച്ചിട്ടുണ്ട്. അതേസമയം, റഷ്യൻ ആക്രമണമുണ്ടായാലും നാറ്റോയിൽ അംഗരാജ്യമല്ലാത്ത യുക്രെയ്നിൽ സൈന്യത്തെ വിന്യസിക്കില്ലെന്ന് സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബർഗ് പറഞ്ഞു.
യുക്രെയ്നിൽ റഷ്യൻ ആക്രമണം ഉണ്ടാകുന്ന പക്ഷം കടുത്ത ഉപരോധമുൾപ്പെടെ നടപടികളുമായി തിരിച്ചടി ശക്തമാക്കുമെന്ന് ബ്രിട്ടനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.