ട്രംപിന് ഇറാനിൽ നിന്നും ഭീഷണിയെന്ന് യു.എസ് ഇന്റലിജൻസ് ഏജൻസി
text_fieldsവാഷിങ്ടൺ: ഡോണാൾഡ് ട്രംപിന് ഇറാനിൽ നിന്നും വധഭീഷണിയുണ്ടെന്ന വിവരം ഇന്റലിജൻസ് ഏജൻസികൾ അദ്ദേഹത്തെ അറിയിച്ചുവെന്ന് റിപബ്ലിക്കൻ പാർട്ടിയുടെ പ്രചാരണ വിഭാഗം. ഇറാൻ കേന്ദ്രമാക്കി ട്രംപിനെ വധിക്കാൻ നീക്കം നടക്കുന്നുവെന്ന് യു.എസ് ഇന്റലിജൻസ് ഏജൻസി സ്ഥിരീകരിച്ചുവെന്ന വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
എന്നാൽ, ഇറാനിലെ ഗൂഢാലോചനക്ക് 2024 ജൂലൈയിൽ ട്രംപിന് നേരെ നടന്ന വധശ്രമവുമായി ബന്ധമില്ലെന്നും ഇന്റലിജൻസ് ഏജൻസി വ്യക്തമാക്കിയിരുന്നു. നേരത്തെ ഈ മാസത്തിന്റെ തുടക്കത്തിൽ ഫ്ലോറിഡയിലെ ട്രംപിന്റെ ഗോൾഫ് കോഴ്സിന് സമീപത്ത് നിന്ന് തോക്കുമായി ഒരാളെ പിടികൂടിയിരുന്നു. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിനുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, ഇയാൾക്കും ഇറാനുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനായിട്ടില്ല.
ട്രംപിന്റെ പ്രചാരണവിഭാഗം വക്താവായ സ്റ്റീവൻ ചെങ്ങാണ് ഇന്റലിജൻസ് ഏജൻസി ഇറാനിൽ നിന്നുള്ള ഭീഷണിയെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞുവെന്ന് വ്യക്തമാക്കിയത്. ട്രംപിനോട് ഇക്കാര്യം പറഞ്ഞ വിവരം ഇന്റലിജൻസ് ഏജൻസിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അവർ തയാറായിട്ടില്ല.
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെടാനുള്ള ശ്രമം ഇറാൻ ഹാക്കർമാർ തുടങ്ങിയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.ട്രംപിന്റെയും കമല ഹാരിസിന്റേയും പ്രചാരണവിഭാഗത്തിന്റെ സൈബർ സുരക്ഷയെ മറികടക്കുകയായിരുന്നു അവരുടെ ലക്ഷ്യം. വ്യാപകമായി തെറ്റായ വിരങ്ങൾ ഇറാനിയൻ ഹാക്കർമാർ പ്രചരിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.