അമേരിക്ക നാശത്തിലേക്ക് പോകുന്നു; നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ട്രംപ്
text_fieldsന്യൂയോർക്ക്: ജോ ബൈഡൻ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി റിപ്പബ്ലിക്കൻ പാർട്ടി നേതാവും മുൻ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപ്. അമേരിക്ക നാശത്തിലേക്ക് പോകുന്നുവെന്ന് ട്രംപ് ആരോപിച്ചു. ചൊവ്വാഴ്ച രാത്രി ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള മാറ ലാഗോ വസതിയിൽ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത് അമേരിക്കയിൽ സംഭവിക്കാം. അങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല. നശിപ്പിക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് നമ്മുടെ രാജ്യത്തെ നിർഭയമായി പ്രതിരോധിച്ചതാണ് താൻ ചെയ്ത ഒരേയൊരു കുറ്റം. തുടക്കം മുതൽ ഡെമോക്രാറ്റുകൾ തന്‍റെ പ്രചാരണത്തിൽ ചാരവൃത്തി നടത്തി. വഞ്ചനാപരമായ അന്വേഷണങ്ങളുടെ കടന്നാക്രമണമാണ് തനിക്ക് നേരെ നടന്നതെന്ന് ഓർക്കണമെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
അതേസമയം, താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ട്രംപ് തന്‍റെ സമൂഹമാധ്യമമായ ‘ട്രൂത്ത് ട്രംപി’ൽ കുറിച്ചു. ഒരു കേസും ഇല്ലെന്ന് മിക്കവാറും എല്ലാ നിയമ പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്. അത്ഭുതമൊന്നും ഇല്ലെന്ന് കേട്ടത് പലരെയും ഞെട്ടിപ്പിക്കുന്നതാണെന്നും ട്രംപ് വ്യക്തമാക്കി.
നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസുമായുള്ള ബന്ധം മറച്ചുവെക്കാൻ പണം നൽകിയെന്ന കേസിലാണ് മുൻ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കോടതിയിൽ ഹാജരായി അറസ്റ്റ് വരിച്ചത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് ന്യൂയോർക്കിലെ ലോവർ മാൻഹാട്ടൻ ഫെഡറൽ കോടതിയിലെത്തിയത്. കുറ്റപത്രം വായിച്ചുകേട്ട ട്രംപ് കുറ്റം ചെയ്തിട്ടില്ലെന്ന് ജഡ്ജി യുവാൻ മാനുവൽമെർക്കൻ മുമ്പാകെ ബോധിപ്പിച്ചു.
കഴിഞ്ഞയാഴ്ചയാണ് മൻഹാട്ടൻ ഗ്രാൻഡ് ജൂറി ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുൻ പ്രസിഡന്‍റിനെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നതും അറസ്റ്റിലാകുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.