മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ യു.എസ്; വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ഹാരി എസ് ട്രൂമാൻ പുറപ്പെട്ടു
text_fieldsവാഷിംഗ്ടൺ: ഇസ്രായേലും ലെബനാനിലെ ഹിസ്ബുല്ലയും തമ്മിലുള്ള യുദ്ധം കനത്ത സാഹചര്യത്തിൽ മധ്യേഷ്യയിലേക്ക് അധിക സൈനികരെ അയക്കാൻ യു.എസ് തീരുമാനിച്ചതായി പെന്‍റഗൺ. മിഡിൽ ഈസ്റ്റിലെ വർധിച്ച സംഘർഷ സാഹചര്യത്തിൽ വളരെയധികം ജാഗ്രതയോടെ മേഖലയിൽ ഇതിനകമുള്ള സേനയെ വർധിപ്പിക്കുന്നതിന് കുറച്ചധികം സൈനികരെ അയക്കുന്നതായി പെന്‍റഗൺ പ്രസ് സെക്രട്ടറി മേജർ ജനറൽ പാറ്റ് റൈഡർ പറഞ്ഞു. എന്നാൽ, എത്ര സൈനികരെ വിന്യസിക്കുമെന്നോ എന്തിനൊക്കെ ചുമതലപ്പെടുത്തുമെന്നോ റൈഡർ വിശദമാക്കിയില്ല. നിലവിൽ 40,000 ത്തോളം യു.എസ് സൈനികർ ഈ മേഖലയിലുണ്ട്.
യുദ്ധവിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ഹാരി എസ് ട്രൂമാൻ തിങ്കളാഴ്ച വിർജീനിയയിലെ നോർഫോക്കിൽനിന്ന് പുറപ്പെട്ടതായാണ് റിപ്പോർട്ട്. കൂടുതൽ ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെടുകയാണെങ്കിൽ നിലവിൽ അറേബ്യൻ ഗൾഫിലുള്ള വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണെയും യു.എസ് ഉപയോഗിച്ചേക്കും. നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കി ലെബനാനിലെ ലക്ഷ്യങ്ങളിലേക്ക് ഇസ്രായേൽ സൈന്യം നടത്തിയ മാരക ആക്രമണത്തിന് ശേഷമാണ് പുതിയ വിന്യാസങ്ങൾ.
വിപുലീകരിക്കുന്ന വ്യോമാക്രമണത്തിന് മുന്നോടിയായി വീടുകൾ ഒഴിയാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച ലെബനാൻ പൗരന്മാർക്ക് വിഡിയോ സന്ദേശംവഴി മുന്നറിയിപ്പ് നൽകി. തെക്കു-കിഴക്കൻ ലെബനാനിലെ ഹിസ്ബുല്ലയുടെ ലക്ഷ്യസ്ഥാനങ്ങളിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയപ്പോഴാണിത്. പ്രാദേശിക യുദ്ധത്തിന്റെ സാധ്യത വർധിക്കുന്നതിനാൽ ലെബനാൻ വിടാൻ യു.എസ് പൗരൻമാർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനെ അധിക സേന പിന്തുണക്കുമോ എന്ന് പെന്‍റഗൺ പ്രസ് സെക്രട്ടറി പറഞ്ഞില്ല.
ഇസ്രായേൽ-ലെബനൻ അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് യു.എസിന്റെ പക്കൽ ‘ഉറച്ച ആശയങ്ങൾ’ ഉണ്ടെന്നും ഈ ആഴ്ച നടക്കുന്ന യു.എൻ ജനറൽ അസംബ്ലി വാർഷിക സമ്മേളനത്തിൽ ഇത് അവതരിപ്പിക്കുമെന്നും മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഘർഷം കുറക്കുന്നതിനും സമ്പൂർണ യുദ്ധം തടയുന്നതിനുമായി ഇസ്രായേലിനും ഹിസ്ബുല്ലക്കുംവേണ്ടി ഒരു ‘ഓഫ്-റാംപ്’ റോഡ് അവതരിപ്പിക്കാൻ യു.എസും മറ്റ് നിരവധി രാജ്യങ്ങളും തൽപരരാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ‘ഉറച്ച ആശയങ്ങൾ’ എന്താണെന്ന് വിശദീകരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.