ഇസ്രായേലിനെ ഞെട്ടിച്ച് അമേരിക്കയിലെ ജൂത കൗമാരക്കാർ: 37% പേർക്കും ഹമാസിനോട് അനുഭാവം, ഇസ്രായേൽ ഗസ്സയിൽ വംശഹത്യ നടത്തുന്നുവെന്ന് 42% പേർ
text_fieldsന്യൂയോർക്ക്: ഇസ്രായേൽ ഭരണകൂടത്തെ ഞെട്ടിച്ച് അമേരിക്കയിലെ ജൂത കൗമാരക്കാർക്കിടയിൽ ഇസ്രായേലിനോടുള്ള എതിർപ്പ് വർധിച്ചുവരുന്നതായി മന്ത്രാലയം നടത്തിയ സർവേ റിപ്പോർട്ട്. ജൂതമത വിശ്വാസികളിലെ പുതുതലമുറയിൽ നിരവധി പേർ ഗസ്സയിലെ കൂട്ടക്കൊലയെ വിമർശിച്ചും ഹമാസിനോട് അനുഭാവം പ്രകടിപ്പിച്ചും സർവേയിൽ പ്രതികരിച്ചു.
ഇസ്രയേൽ സർക്കാറിന്റെ ഡയസ്‌പോറ അഫയേഴ്‌സ് ആൻഡ് കോംബാറ്റിങ് ആൻറിസെമിറ്റിസം മന്ത്രാലയം മൊസൈക് യുണൈറ്റഡുമായി ചേർന്ന് വിവിധ രാജ്യങ്ങളിലെ ജൂത കീമാരക്കാർക്കിടയിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. മറ്റ് രാജ്യങ്ങളിലെ സമപ്രായക്കാരെ അപേക്ഷിച്ച് അമേരിക്കയിലെ ജൂത കൗമാരക്കാർ ഇസ്രായേലിനെക്കുറിച്ച് വിമർശനാത്മക വീക്ഷണങ്ങൾ പുലർത്തുന്നുവെന്നും ഹമാസിനോട് അനുഭാവം പ്രകടിപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.
സർവേ ഫലം അനുസരിച്ച്, അമേരിക്കൻ ജൂത കൗമാരക്കാരിൽ 37 ശതമാനം പേർ ഹമാസിനോട് അനുഭാവം പ്രകടിപ്പിക്കുന്നതായി ഇസ്രായേൽ മാധ്യമമായ ‘ജറൂസലം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ഇതിൽ തന്നെ 14 വയസ്സുള്ളവരിൽ 60% പേരും ഹമാസിനോട് അനുഭാവം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, ആഗോളതലത്തിൽ ഏഴ് ശതമാനം ജൂത കൗമാരക്കാരാണ് ഹമാസിനോട് അനുഭാവം പുലർത്തുന്നത്.
ഇസ്രായേൽ ഗസ്സയിൽ വംശഹത്യ നടത്തുകയാണെന്ന് 42% യുഎസ് ജൂത കൗമാരക്കാരും വിശ്വസിക്കുന്നതായി സർവേയിൽ കണ്ടെത്തി. ഒമ്പത് ശതമാനം ജൂത കുട്ടികളാണ് അന്താരാഷ്ട്ര തലത്തിൽ ഇക്കാര്യം അംഗീകരിക്കുന്നത്. വ്യത്യസ്ത സാംസ്കാരിക, സാമൂഹിക, വിദ്യാഭ്യാസ സാഹചര്യങ്ങളാൽ സ്വാധീനിക്കപ്പെട്ടതാണ് അമേരിക്കൻ ജൂത കൗമാരക്കാർക്കിടയിൽ ഇസ്രായേലിനോടുള്ള എതിർപ്പ് ഉയരാൻ കാരണമെന്നും ഇത് ‘ആശങ്കാജനകമാണെന്നും’ റിപ്പോർട്ടിൽ പറയുന്നു.
ശക്തമായ ജൂതമത വിദ്യാഭ്യാസ പശ്ചാത്തലമുള്ളവരിൽ പോലും 6% പേർ ഹമാസിനോട് അനുഭാവം പുലർത്തുന്നുണ്ട്. അതേസമയം ജൂതമതക്യാമ്പുകളിലോ ഡേ സ്കൂളുകളിലോ സപ്ലിമെൻററി സ്കൂളുകളിലോ പങ്കെടുക്കുന്നവരും ഇസ്രായേലികളുമായി വ്യക്തിപരമായി ഇടപഴകുന്നവരും ആയ വിദേശരാജ്യങ്ങളിലെ ജൂതകൗമാരക്കാർക്കിടയിൽ ഇസ്രായേൽ വിരുദ്ധ വീക്ഷണങ്ങൾ പുലർത്താനുള്ള സാധ്യത താരതമ്യേന കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. യഹൂദരുടെ വിദ്യാഭ്യാസ ഇടപെടലും ഇസ്രായേലിനോടുള്ള മനോഭാവവും തമ്മിൽ ബന്ധമുണ്ടെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
യു.എസിലെ ജൂതകുട്ടികൾക്കിടയിൽ കാര്യമായ ശ്രദ്ധ ചെലുത്തണമെന്ന് ഇസ്രായേൽ പ്രവാസികാര്യ മന്ത്രി അമിച്ചൈ ചിക്ലി ആഹ്വാനം ചെയ്തു. “പ്രവാസലോകത്തെയും ഇസ്രായേലിലെയും ജൂത കൗമാരക്കാർ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നത് ഏറെ പ്രധാനമാണ്. മറ്റുരാജ്യങ്ങളിലെ 94% ജൂത കൗമാരക്കാരും ഇസ്രായേലുമായി ബന്ധം പുലർത്തുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. എന്നാൽ, ആഗോളതലത്തിൽ യഹൂദ യുവാക്കളെ ബോധവൽക്കരിക്കുന്നതും പിന്തുണയ്ക്കുന്നതും തുടരണമെന്നാണ് ഈ കണ്ടെത്തലുകൾ കാണിക്കുന്നത്’ -അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.