ടർക്കിഷ് വിദ്യാർത്ഥിനിയെ നാടുകടത്തുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തെ തടഞ്ഞ് യു.എസ് ജഡ്ജ്
text_fieldsവാഷിംങ്ടൺ: ഗസ്സയിലെ ഇസ്രായേൽ വംശഹത്യാ യുദ്ധത്തിൽ ഫലസ്തീനികളെ പിന്തുണച്ചതിന്റെ പേരിൽ യു.എസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ടഫ്സ് സർവകലാശാലയിലെ തുർക്കിയിൽനിന്നുള്ള ഡോക്ടറൽ വിദ്യാർത്ഥിയെ നാടുകടത്തുന്നത് മസാച്യുസെറ്റ്‌സിലെ ഫെഡറൽ ജഡ്ജി തടഞ്ഞു. ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെയോ ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഓസ്തുര്‍ക്കിനെ നാടുകടത്താൻ പാടില്ല എന്നാണ് കോടതിയുടെ നിര്‍ദേശം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മസാച്യുസെറ്റ്‌സിലെ വീടിനടുത്തുനിന്ന് മുഖംമൂടി ധരിച്ച ഫെഡറൽ ഏജന്റുമാർ 30 കാരിയായ റുമൈസ ഓസ്‌തുർക്കിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അവരുടെ വിസ റദ്ദാക്കി. യു.എസ് ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.
ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഓസ്തുര്‍ക്ക് ടഫ്സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.
ഇസ്രായേൽ ബന്ധമുള്ള കമ്പനികളില്‍നിന്ന് പിന്മാറാനും ഫലസ്തീനിലെ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചതോടെ സര്‍വകലാശാലയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് കാമ്പസ് പത്രമായ ‘ടഫ്സ് ഡെയ്‌ലി’യിൽ ഓസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ലേഖനം എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.
അതേസമയം, ഫലസ്തീനെ പിന്തുണച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഫലസ്തീന്‍ വിദ്യാര്‍ത്ഥിയായ മഹ്‌മൂദ് ഖലീലിനെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതില്‍ നിന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി ആരംഭിക്കുന്നത്. എന്നാല്‍ മഹ്‌മൂദ് ഖലീലിന്റെ നാടുകടത്തലും ഫെഡറല്‍ കോടതി തടഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.