കുടിയേറ്റക്കാരുമായി യു.എസ് സൈനിക വിമാനം ഗ്വണ്ടാനമോയിൽ
text_fieldsവാഷിങ്ൺ: കുടിയേറ്റക്കാരുമായി ഗ്വണ്ടാനമോ ബേയിലേക്കുള്ള യു.എസിന്റെ ആദ്യ സൈനിക വിമാനം ചൊവ്വാഴ്ച വൈകീട്ട് ക്യൂബയിലെത്തി. ക്യൂബയിലെ യു.എസ് നാവികതാവളത്തിലേക്ക് കുടിയേറ്റക്കാരെ മാറ്റുന്നതിന്റെ ആദ്യപടിയാണിത്.
2001 സെപ്റ്റംബർ 11 ആക്രമണവുമായി ബന്ധപ്പെട്ട് വിദേശികളെ തടങ്കലിൽ വെക്കാൻ പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന നാവികതാവളത്തിന് 30,000 ആളുകളെ വരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. കുടിയേറ്റക്കാരെ പാർപ്പിക്കാൻ അനുയോജ്യമായ സ്ഥലമെന്നാണ് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വിശേഷിപ്പിച്ചത്. താവളത്തിൽ സജ്ജീകരണങ്ങളൊരുക്കാൻ കൂടുതൽ യു.എസ് സൈനികർ ഇവിടെ എത്തിയിരുന്നു.
കുടിയേറ്റക്കാരെ ഗ്വണ്ടാനമോയിലേക്ക് അയക്കുന്നതിനെതിരെ ആംനസ്റ്റി ഇന്റർനാഷനലിന്റെ അമേരിക്കയിലെ അഭയാർഥി-കുടിയേറ്റ അവകാശ പദ്ധതി ഡയറക്ടർ ആമി ഫിഷർ രംഗത്തെത്തി. കുടിയേറ്റക്കാരെ അഭിഭാഷകർ, കുടുംബം, മറ്റ് അവകാശങ്ങൾ എന്നിവയിൽനിന്ന് അകറ്റി ഒറ്റപ്പെടുത്തുന്ന നിലപാടാണ് സർക്കാറിന്റേതെന്ന് കുറ്റപ്പെടുത്തിയ അവർ ഗ്വണ്ടാനമോ എന്നെന്നേക്കുമായി അടച്ചുപൂട്ടാനും ആവശ്യപ്പെട്ടു. ഏകദേശം 300 യു.എസ് സേനാംഗങ്ങളാണ് ഗ്വണ്ടാനമോ ബേയിലെ പ്രവർത്തനങ്ങൾക്കായുള്ളത്.
പ്യൂ റിസർച് സെന്ററിന്റെ കണക്കനുസരിച്ച് മെക്സികോക്കും എൽസാൽവഡോറിനും ശേഷം 7,25,000ത്തിലധികം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരാണ് യു.എസിലുള്ളത്. സമീപ വർഷങ്ങളിൽ യു.എസ്-കാനഡ അതിർത്തി വഴി യു.എസിലേക്ക് കടക്കാൻ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. യു.എസ് സേന അതിർത്തിയിൽനിന്ന് 14,000ത്തിലധികം ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായാണ് കഴിഞ്ഞ വർഷം സെപ്റ്റംബർ വരെയുള്ള കണക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.