കുറ്റം ചുമത്താതെ 22 വർഷം; ഗ്വാണ്ടനാമോ തടവുകാരനെ തുനീഷ്യക്ക് കൈമാറി യു.എസ്
text_fieldsവാഷിങ്ടൺ: 2002ൽ ക്യൂബയിൽ ഭീകരതാ കുറ്റവാളികളെ അടക്കാനെന്ന പേരിൽ തുറന്ന യു.എസ് സൈനിക തടവറയായ ഗ്വാണ്ടനാമോയിൽ ആദ്യനാൾ മുതൽ ബന്ദിയാക്കപ്പെട്ട് നീണ്ട 22 വർഷക്കാലം കുറ്റം ചുമത്തുകപോലും ചെയ്യാതെ ശിക്ഷിച്ച തടവുകാരനെ ടുനീഷ്യക്ക് കൈമാറി യു.എസ്.
59കാരനായ തുനീഷ്യൻ പൗരൻ റിദ ബിൻ സാലിഹ് അൽയസീദിയെ ആണ് ബൈഡൻ ഭരണകൂടം വിട്ടയക്കുന്നത്. രണ്ടാഴ്ചക്കിടെ വിട്ടയക്കുന്ന നാലാമത്തെ ഗ്വാണ്ടനാമോ തടവുകാരനാണ് റിദ. ബൈഡൻ 2020ൽ അധികാരമേൽക്കുമ്പോൾ 40 തടവുകാരാണ് ഗ്വാണ്ടനാമോയിലുണ്ടായിരുന്നത്. ഇവരിൽ 26 പേരാണ് ഇപ്പോഴും അവശേഷിക്കുന്നത്.
ഇവരിലേറെ പേരും ഒരു കുറ്റവും ചുമത്തപ്പെടാതെയാണ് ഇപ്പോഴും ജയിലറകളിൽ തുടരുന്നത്. യസീദിയെ പാക് സേന അഫ്ഗാൻ അതിർത്തിയിൽനിന്ന് പിടികൂടി യു.എസിന് കൈമാറുകയായിരുന്നു. 800ഓളം പേരാണ് പല ഘട്ടങ്ങളിലായി ഇവിടെ തുറുങ്കിലടക്കപ്പെട്ടത്.
യുദ്ധത്തടവുകാരെ കൈമാറി റഷ്യയും യുക്രെയ്നും
കിയവ്: ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുന്നതിനിടെ നൂറുകണക്കിന് യുദ്ധത്തടവുകാരെ കൈമാറി റഷ്യയും യുക്രെയ്നും. 189 യുക്രെയ്ൻ സൈനികരെ റഷ്യ കൈമാറിയപ്പോൾ അത്രയും എണ്ണം പേരെ യുക്രെയ്നും തിരിച്ചയച്ചു. മരിയുപോൾ, അസോവ്സ്റ്റാൽ പട്ടണങ്ങളിൽനിന്ന് പിടിയിലായവർ സംഘത്തിലുണ്ടെന്ന് യുക്രെയ്ൻ അറിയിച്ചു. വിട്ടയക്കപ്പെട്ട റഷ്യൻ സൈനികർ ബെലറൂസിലാണുള്ളത്. മെഡിക്കൽ പരിശോധന പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങും.
ദക്ഷിണ കൊറിയയിൽ പ്രസിഡന്റ് യൂനിന് അറസ്റ്റ് വാറന്റ്
സോൾ: ഭരണപ്രതിസന്ധി മറികടക്കാൻ പട്ടാള ഭരണം പ്രഖ്യാപിച്ച് സസ്പെൻഷനിലായ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യിവോലിന് അറസ്റ്റ് വാറന്റ്. അധികാര ദുരുപയോഗം നടത്തി കലാപം ഇളക്കിവിട്ടെന്നും ഹാജരാകാനുള്ള സമൻസ് മൂന്നുവട്ടം അവഗണിച്ചെന്നും കാണിച്ചാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.