കാബൂൾ വിമാനത്താവളത്തിൽ ഏഴുപേർ കൊല്ലപ്പെട്ടതായി യു.എസ് സൈന്യം
text_fieldsകാബൂൾ: കാബൂൾ വിമാനത്താവളത്തിലെ തിക്കിലുംതിരക്കിലും അനുബന്ധ സംഘർഷങ്ങളിലും ഏഴുപേർ കൊല്ലപ്പെട്ടതായി മുതിർന്ന യു.എസ് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. അമേരിക്കൻ സൈനിക വിമാനത്തിൽ കടക്കാൻ ശ്രമിക്കെ വീണ് കൊല്ലപ്പെട്ട രണ്ടുപേർ ഉൾപ്പെടെയാണിതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഒഴിപ്പിക്കൽ നടപടി തുടരുന്ന സാഹചര്യത്തിൽ വിശദാംശങ്ങൾ വ്യക്തമാക്കാൻ ഇദ്ദേഹം തയാറായില്ല. താലിബാൻ അഫ്ഗാൻ പിടിച്ചടക്കിയതോടെ നൂറുകണക്കിനാളുകളാണ് രാജ്യം വിടാനായി കാബൂൾ എയർപോർട്ടിലേക്ക് കുതിച്ചത്. ആൾക്കൂട്ടം നിയന്ത്രണാതീതമായതോടെ യു.എസ് സൈന്യം ആകാശത്തേക്ക് വെടിവെച്ചിരുന്നു.
യു.എസ് സൈനിക വിമാനത്തിന്‍റെ ചക്രത്തിൽ കയറി രാജ്യംവിടാനുള്ള ശ്രമത്തിനിടെയാണ് ഇന്ന് രണ്ടുപേർ അതിദാരുണമായി കൊല്ലപ്പെട്ടത്. വിമാനത്തിന്‍റെ ചക്രത്തോട് ചേർത്ത് ശരീരം കയർ കൊണ്ട് കെട്ടിയാണ് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ, വിമാനം പറന്നുയർന്നതും ഇവർ നിലംപതിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.
കാബൂൾ വിമാനത്താവളത്തിലെ ഒഴിപ്പിക്കൽ നടപടി തടസ്സപ്പെടുത്തരുതെന്ന് താലിബാനോട് യു.എസ് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. യു.എസ് സൈനിക കമാൻഡർ താലിബാൻ നേതാക്കളുമായി നേരിട്ട് ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. തങ്ങളുടെ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് കൂടുതൽ സൈന്യത്തെ അയക്കുകയാണ് യു.എസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.