മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്ലയുടെ മരണം: അന്വേഷണം പ്രഖ്യാപിച്ച് യു.എസ്
text_fieldsവാഷിങ്ടൺ: ഇസ്രായേലിൽ പൊലീസ് വെടിവെപ്പിൽ അൽജസീറ ചാനലിന്റെ മുതിർന്ന മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്ല കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യു.എസ്. കേസിൽ എഫ്.ബി.ഐ അന്വേഷണം നടത്താൻ തീരുമാനിച്ച വിവരം ഇസ്രായേൽ സർക്കാറിനെ യു.എസ് നീതി വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചതായി അക്സിയോസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റപ്പോർട്ട് ചെയ്തു.
എന്നാൽ, വിഷയത്തിൽ രാജ്യത്തിനു പുറത്തുള്ള ഒരു ഏജൻസിയുടെയും അന്വേഷണത്തോട് സഹകരിക്കുകയില്ലെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി ബെന്നി ഗാൻസ് പ്രതികരിച്ചു. കേസിൽ അന്വേഷണം നടത്താനുള്ള യു.എസ് തീരുമാനം അബദ്ധമാണ്. വിഷയത്തിൽ ഇസ്രായേൽ സേനയുടെ നിലപാട് സംബന്ധിച്ച സന്ദേശം യു.എസ് പ്രതിനിധികൾക്ക് അയച്ചിട്ടുണ്ട്. ആഭ്യന്തര അന്വേഷണത്തിൽ ഇടപെടാൻ വിദേശ ഏജൻസികളെ അനുവദിക്കാനാവില്ലെന്നും അങ്ങനെയുണ്ടായാൽ സഹകരിക്കില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇക്കഴിഞ്ഞ മേയിലാണ് വെസ്റ്റ് ബാങ്ക് നഗരമായ ജെനിനിൽ ഫലസ്തീൻ പ്രവർത്തകരും ഇസ്രായേൽ സേനയും തമ്മിലുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ 51കാരിയായ ഷിറീൻ അബു അഖ്ല ഇസ്രായേൽ സേനയുടെ വെടിയേറ്റു മരിക്കുന്നത്. സംഭവം രാജ്യാന്തരതലത്തിൽ വിവാദമായതോടെ സംയുക്ത അന്വേഷണത്തിന് തയാറാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന നഫ്താലി ബെന്നറ്റ് പ്രതികരിച്ചിരുന്നു.
എന്നാൽ, ഷിറീൻ യു.എസ് പൗരിയായതിനാൽ സ്വന്തം നിലയിൽ അന്വേഷണം നടത്തുമെന്ന് യു.എസ് നീതിന്യായ വകുപ്പ് നേരത്തേ സൂചന നൽകിയിരുന്നു. കേസിൽ യു.എസ് അന്വേഷണം പ്രഖ്യാപിക്കാൻ തീരുമാനിച്ചതിനു പിന്നിൽ വിശ്വസനീയമായ തെളിവുകൾ ലഭിച്ചുവെന്നാണ് മനസ്സിലാക്കുന്നതെന്ന് യു.എസ് നീതിന്യായ വകുപ്പ് ഭരണഘടന മുൻ അഭിഭാഷകൻ ബ്രൂസ് ഫെയ്ൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.