ഇന്ത്യൻ വംശജൻ കശ്യപ് പട്ടേൽ എഫ്.ബി.ഐയുടെ പുതിയ ഡയറക്ടർ; ’അമേരിക്ക ഫസ്റ്റ്’ പോരാളിയെന്ന് ട്രംപിന്‍റെ പ്രശംസ
text_fieldsവാഷിങ്ടൺ ഡിസി: ഇന്ത്യൻ വംശജൻ കശ്യപ് പട്ടേലിനെ (കാശ് പട്ടേൽ) അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ (എഫ്.ബി.ഐ) പുതിയ ഡയറക്ടർ ആയി നിയമിച്ചു. നിയുക്ത പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് നാമനിർദേശം ചെയ്തത്. സമൂഹ മാധ്യമത്തിലൂടെയാണ് നിയമന വാർത്ത ട്രംപ് പുറത്തുവിട്ടത്.
വർധിച്ചു വരുന്ന കുറ്റകൃത്യ നിരക്ക്, ക്രിമിനൽ സംഘങ്ങൾ, യു.എസ് അതിർത്തി വഴിയുള്ള മനുഷ്യ-മയക്കുമരുന്ന് കടത്ത് തുടങ്ങിയ വെല്ലുവിളികളെ പ്രതിരോധിക്കുകയാണ് പ്രധാന ചുമതലകൾ. ട്രംപിന്‍റെ ആദ്യ സർക്കാറിൽ പ്രതിരോധ വകുപ്പ് ഡയറക്ടർ, നാഷനൽ ഇന്‍റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ, നാഷനൽ സെക്യൂരിറ്റി കൗൺസിൽ കൗണ്ടർ ടെററിസം സീനിയർ ഡയറക്ടർ അടക്കമുള്ള സുപ്രധാന പദവികൾ കാശ് പട്ടേൽ വഹിച്ചിട്ടുണ്ട്.
അഴിമതി തുറന്നു കാട്ടുന്നതിനും നീതി സംരക്ഷിക്കുന്നതിനും അമേരിക്കൻ ജനതയെ സംരക്ഷിക്കുന്നതിനുമായി തന്‍റെ കരിയർ ചെലവഴിച്ച ‘അമേരിക്ക ഫസ്റ്റ്’ പോരാളി എന്നാണ് കാഷ് പട്ടേലിനെ ട്രംപ് വിശേഷിപ്പിച്ചത്. കാഷ് മികച്ച അഭിഭാഷകനും അന്വേഷകനുമാണ്.
സത്യം, ഉത്തരവാദിത്തം, ഭരണഘടന എന്നിവയുടെ വക്താവായി നിലകൊള്ളുന്ന കാഷ്, റഷ്യയുടെ തട്ടിപ്പ് പുറത്തു കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിച്ചു. തന്‍റെ ആദ്യ സർക്കാറിൽ കാഷ് അവിശ്വസനീയമായ സേവനം കാഴ്ചവെച്ചെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യയെ അമേരിക്കയിലെ ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ഡയറക്ടറായി ട്രംപ് നാമനിർദേശം ചെയ്തിരുന്നു. രാജ്യത്ത് ആരോഗ്യ ഗവേഷണത്തിന്റെയും സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതിന്റെയും പ്രധാന ചുമതലയിലാകും ജയ് ഭട്ടാചാര്യയുടെ നിയമനം. ട്രംപിനുകീഴിൽ ആരോഗ്യ രംഗത്ത് ഇത്രയും ഉയർന്ന പദവിയിലെ ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. വിവേക് രാമസ്വാമി സർക്കാർ ഭരണക്ഷമത വകുപ്പിൽ ഇലോൺ മസ്കിനൊപ്പം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മുൻ ഫ്ലോറിഡ അറ്റോണി ജനറലായ പാം ബോണ്ടിയെ യു.എസ് അറ്റോണി ജനറലായും വേൾഡ് റെസ്റ്റ്ലിങ് എന്റർടെയ്ൻമെന്റ് (ഡബ്ലു.ഡബ്ല്യു.ഇ) മുൻ സി.ഇ.ഒ ലിൻഡ മക്മോഹനെ വിദ്യാഭ്യാസ മേധാവിയായും യു.എസ് ടെലികോം റെഗുലേറ്ററി അതോറിറ്റിയായ ഫെഡറൽ കമ്യൂണിക്കേഷൻസ് കമീഷൻ (എഫ്.സി.സി) ചെയർമാനായി ബ്രൻഡൻ കാറിനെയും ട്രംപ് നിയമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.