ഇന്ന് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ട്രംപും കമലയും ഇഞ്ചോടിഞ്ച്
text_fieldsഡോണൾഡ് ജെ. ട്രംപ് (78) (റിപ്പബ്ലിക്കൻ പാർട്ടി)
2017 ജനുവരി 20 മുതൽ 2021ജനുവരി 20 വരെ യു.എസ് പ്രസിഡന്റ്
● ന്യൂയോർക്കിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായി ഫ്രഡ് ട്രംപിന്റെ നാലാമത്തെ മകനായി 1946 ജൂൺ 14ന് ജനനം. റിയൽ എസ്റ്റേറ്റ് ബിസിനസ് മേഖലയിൽ തന്നെ തുടക്കം. ട്രംപ് ഓർഗനൈസേഷൻ എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ.
● എൻ.ബി.സി ടെലിവിഷനിലെ റിയാലിറ്റി ഷോ ജനപ്രീതി നൽകി.
● റിപ്പബ്ലിക്കൻ പ്രതിനിധിയായി കാലാവസ്ഥ കരാറുകളിൽനിന്ന് പിൻവാങ്ങിയും മുസ്ലിം രാജ്യങ്ങളിൽനിന്ന് യാത്ര വിലക്കിയും ചൈനയുമായി വ്യാപാര യുദ്ധം തുടങ്ങിയും കുടിയേറ്റ വിലക്ക് കർശനമാക്കിയുമായിരുന്നു അധികാരാരോഹണം ആഘോഷമാക്കിയത്.
● അതിനിടെ, ഇംപീച്ച്മെന്റിനും വിധേയനായി.
● 2020ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയം.
● ഭാര്യമാർ. ഇവാന, മർല മാപ്പിൾസ്, മലേനിയ നൗസ്.
● മക്കൾ: ഡോണൾഡ് ജൂനിയർ, ഇവാൻക, എറിക്, ടിഫാനി, ബാരോൺ.
പ്രധാന മുദ്രാവാക്യം
‘സമ്പദ്ഘടന തളരുന്നു’
പണപ്പെരുപ്പം, ജീവിത നിലവാരം, സമ്പദ് വ്യവസ്ഥയുടെ മുരടിപ്പ് എന്നിവയാണ് ട്രംപിന്റെ പ്രചാരണായുധങ്ങൾ. ബൈഡൻ ഭരണകാലയളവ് ഇതിൽ ശുഭകരമല്ല. പുരുഷ വോട്ടർമാരുടെ പ്രധാന പിന്തുണ ട്രംപിന് കൂടുതലായി ലഭിക്കാൻ കാരണമാകും. അനധികൃത കുടിയേറ്റം അമേരിക്കക്കാരുടെ ജീവിത നിലവാരത്തെയും സുഖസൗകര്യങ്ങളെയും ബാധിക്കുന്നുവെന്ന വാദം ട്രംപ് നേരത്തെ മുതൽ ഉന്നയിക്കുന്നു.
കമല ഹാരിസ് (59) ഡെമോക്രാറ്റിക് പാർട്ടി
നിലവിൽ യു.എസ് വൈസ് പ്രസിഡന്റ്
● ഇന്ത്യൻ വംശജ. തമിഴ്നാട്ടിലെ തിരുവാരൂർ തുളസീന്ദ്രപുരത്തുനിന്ന് യു.എസിലേക്ക് കുടിയേറിയ അർബുദരോഗ ഗവേഷക ശ്യാമള ഗോപാലന്റെയും ജമൈക്കൻ വംശജനായ സാമ്പത്തിക വിദഗ്ധൻ ഡോണൾഡ് ജെ. ഹാരിസിന്റെയും മകളായി 1964 ഒക്ടോബർ 20ന് യു.എസിലെ ഓക്ലൻഡിൽ ജനിച്ചു.
● ഹാവാർഡ്, കാലിഫോർണിയ സർവകലാശാലകൾ, ഹേസ്റ്റിങ്സ് കോളജ് ഓഫ് ലോ
എന്നിവിടങ്ങളിൽ പഠനം.
● കാലിഫോർണിയ സെനറ്റർ,
● അലമേഡ, സാൻ ഫ്രാൻസിസ്കോ പ്രോസിക്യൂട്ടർ, കാലിഫോർണിയ അറ്റോണി ജനറൽ എന്നീ പദവികൾ വഹിച്ചു.
● പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണഭാഗമായുള്ള ടെലിവിഷൻ
സംവാദത്തിൽ മികച്ച പ്രകടനം നടത്തി.
● ഭർത്താവ്: ഡഗ് എംഹോഫ്.
പ്രധാന മുദ്രാവാക്യം
‘ഗർഭച്ഛിദ്ര അവകാശം’
ഗർഭച്ഛിദ്രത്തിനുള്ള അവകാശം പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയമാണ്. ഈ വാഗ്ദാനം കമല ഹാരിസിന് സ്ത്രീ വോട്ടർമാരുടെ പിന്തുണ ലഭിക്കാൻ കാരണമാകും. സ്ത്രീയുടെ ശരീരം അവരുടെ സ്വന്തമാണെന്നും അതുകൊണ്ട് തന്നെ ഗർഭച്ഛിദ്രം നടത്തണോ വേണ്ടയോ എന്നതിൽ തീരുമാനമെടുക്കാനുള്ള അവകാശം സ്ത്രീക്ക് ഉണ്ടെന്നും ചൂണ്ടിക്കാട്ടിയുള്ള തെരഞ്ഞെടുപ്പ് പരസ്യബോർഡുകൾ എമ്പാടും കാണാം.
ട്രംപനുകൂല ഘടകങ്ങൾ
● ട്രംപ് അധികാരത്തിലില്ല. സമ്പദ്വ്യവസ്ഥയുടെ മുരടിപ്പ്, വിലക്കയറ്റം തുടങ്ങിയവയുടെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കേണ്ടിവരുന്നില്ല. കാരണം എന്തായാലും നാലുവർഷത്തേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലല്ല ഈ ഘടകങ്ങൾ.
● അനുയായികളുടെ ഉറച്ച പിന്തുണ. നിരവധി കുറ്റാരോപണങ്ങൾ നേരിട്ടപ്പോഴും ട്രംപിന്റെ ജനപ്രീതി 40 ശതമാനത്തിൽ താഴ്ന്നിട്ടില്ല. രാഷ്ട്രീയവേട്ടയുടെ ഇരയാണ് താനെന്ന ട്രംപിന്റെ വാദം അംഗീകരിക്കുന്നവരാണ് റിപ്പബ്ലിക്കുകൾ.
● ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തിന് അമേരിക്കക്കാരിൽ നല്ലൊരു വിഭാഗത്തിന്റെ പിന്തുണയുണ്ട്. അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കാൻ ട്രംപാണ് നല്ലതെന്ന് കരുതുന്നവർ ഏറെ.
● ഗ്രാമങ്ങളിലും സബർബൻ ഭാഗങ്ങളിലും പിന്തുണ വർധിച്ചു. തൊഴിലും സാമ്പത്തികനിലയും മെച്ചപ്പെടുത്തുമെന്ന ട്രംപ് വാഗ്ദാനം സ്വീകാര്യത നേടുന്നുണ്ട്.
● കരുത്തനായ നേതാവെന്ന ഇമേജ്. ലോകം കൂടുതൽ അസ്ഥിരമായ കാലത്ത് ട്രംപിനെപോലെ കരുത്തൻ യു.എസ് പ്രസിഡന്റാവണമെന്നാണ് റിപ്പബ്ലിക്കൻ ക്യാമ്പിന്റെ പ്രചാരണം. അപകടകാരിയെന്ന മിതവാദികളായ ഡെമോക്രാറ്റുകളുടെ ആരോപണത്തിന് മറുപടിയായി ട്രംപ് പ്രസിഡന്റായിരിക്കെ കാര്യമായ യുദ്ധം നടന്നിട്ടില്ലെന്ന് അനുയായികൾ ചൂണ്ടിക്കാട്ടുന്നു.
കമലയുടെ സാധ്യതകൾ
● ട്രംപല്ല കമല: സമാധാനപ്രേമിയും ജനാധിപത്യവാദിയുമായ പക്വമതിയായ നേതാവെന്ന ഇമേജാണ് കമല ഹാരിസിന് അനുയായികൾ ചാർത്തി നൽകുന്നത്. ഫാഷിസ്റ്റും അപകടകാരിയുമെന്നാണ് ഇവർ ട്രംപിനെതിരെ ആരോപിക്കുന്നത്.
● ബൈഡനല്ല കമല: ബൈഡൻ ഏറക്കുറെ തോൽക്കുമെന്നുറപ്പിച്ച ഘട്ടത്തിലാണ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയെ മാറ്റുന്നത്. ഇതോടെ ചിത്രം മാറി. പ്രായാധിക്യവും നാക്കുപിഴയും ബൈഡന് പ്രതികൂലമായിരുന്നു. കുറിക്കുകൊള്ളുന്ന വാക്കുകളുമായി കമല പ്രചാരണത്തിൽ തിളങ്ങി.
● ഇതുവരെ ഒരു സ്ത്രീ അമേരിക്കൻ പ്രസിഡന്റായിട്ടില്ലെന്നത് രാജ്യത്തിന്റെ പുരോഗമനമുഖത്തിന് കളങ്കമായിരുന്നു. ഇത്തവണ അത് തിരുത്തണമെന്ന വാദം ശക്തമാണ്. സ്ത്രീ അവകാശങ്ങൾക്കുവേണ്ടി കമല ഹാരിസ് സംസാരിക്കുകയും ചെയ്യുന്നു.
● വിദ്യാസമ്പന്നരുടെയും പുരോഗമവാദികളുടെയും വോട്ട് കൂടുതലായി കമലക്ക് ലഭിക്കുമെന്നാണ് വിലയിരുത്തൽ.
● അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പണക്കൊഴുപ്പിന്റേതാണെന്നത് പരസ്യമായ കാര്യമാണ്. കൂടുതൽ പണം സ്വരൂപിക്കാനും ചെലവഴിക്കാനും കഴിഞ്ഞത് കമലക്കാണെന്ന് ഫിനാൻഷ്യൽ ടൈംസ് പറയുന്നു. പ്രചാരണത്തിലെ മേൽക്കൈ വോട്ടായാൽ കമല ജയിക്കും.
ജന പിന്തുണ ഇതുവരെ ഇങ്ങനെ
പുരുഷ വോട്ടർമാർ: ട്രംപ് -58%, കമല -40%,
തീരുമാനിച്ചിട്ടില്ല -2%
സ്ത്രീ വോട്ടർമാർ: കമല -57%, ട്രംപ് -41, തീരുമാനിച്ചിട്ടില്ല -2 %
അറബ് വംശജർ: ആഗ്രഹങ്ങളിൽ ഒരുമ, തന്ത്രത്തിൽ വിഘടിച്ച്
വാഷിങ്ടൺ: പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ അമേരിക്കയിലെ അറബ് വംശജരുടെ മനസ്സിലാകെ ആശയക്കുഴപ്പവും നിരാശയും. ഗസ്സയിലും ലബനാനിലും ഇസ്രായേൽ നടത്തുന്ന ക്രൂരതയിലും വംശഹത്യയിലും അമേരിക്ക ഇസ്രായേലിന് നിർലോഭം നൽകുന്ന പിന്തുണയിലും ആയുധ സഹായത്തിലും അവർക്ക് നിരാശയുണ്ട്. അമേരിക്കയുടെ ശക്തമായ സമ്മർദമുണ്ടായാൽ ഇസ്രായേൽ കുരുതി നിർത്തുമെന്നും അവർ കരുതുന്നു. അതിന് ആരെയാണ് പിന്തുണക്കേണ്ടത്. പരാതിയിൽ ഒരുമിക്കുന്നവർക്ക് തന്ത്രത്തിൽ ഐക്യമില്ല. ഇസ്രായേൽ പക്ഷപാതിത്വത്തിന്റെ കാര്യത്തിൽ മുന്നിൽ ട്രംപാണ്. ഫലസ്തീൻ രാഷ്ട്രത്തെ അദ്ദേഹം അംഗീകരിക്കുന്നേയില്ല. അതേസമയം, പശ്ചിമേഷ്യയിൽ സമാധാനമുണ്ടാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
അമേരിക്ക മറ്റു രാജ്യങ്ങളിൽ അനാവശ്യമായി ഇടപെടുകയോ കണക്കില്ലാതെ സൈനിക സഹായം നൽകുകയോ ചെയ്യേണ്ടതില്ലെന്ന വാദവും ട്രംപിനുണ്ട്. ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണക്കുന്ന കമല പക്ഷേ ഇസ്രായേലിന് ഇനിയും ആയുധ സഹായം നൽകുമെന്ന് ഉറപ്പിച്ചുപറയുന്നു.
സമാധാന പ്രേമിയെന്ന് കരുതിയിരുന്ന ബൈഡൻ ഇടക്കിടെ മധുരവാക്കുകൾ പറയുകയും അതേസമയം, ഇസ്രായേലിന് നൽകിയ ആയുധ സഹായവും അറബ് വംശജരെ അടിമുടി ആശയക്കുഴപ്പത്തിലാക്കുന്നു.
എങ്കിലും പൊതുവേ അറബ് വംശജരുടെ വോട്ട് കമല ഹാരിസിന് ലഭിക്കുമെന്നാണ് കരുതുന്നത്. സയണിസ്റ്റ് അനുകൂലികളുടെ പ്രത്യക്ഷ പിന്തുണ ട്രംപിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.